ADVERTISEMENT

തിരുവനന്തപുരം ∙ അഞ്ചു ദിവസത്തെ സിപിഎം സംസ്ഥാന നേതൃയോഗം ഇന്ന് ആരംഭിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നും നാളെയും തുടർന്നു 3 ദിവസം സംസ്ഥാന കമ്മിറ്റിയും ചേരും. പാർട്ടിയും ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തി ആവശ്യമായ നടപടികൾക്കു വേണ്ടിയാണു യോഗം. കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം വിളിച്ച സംസ്ഥാന കമ്മിറ്റിയിൽ അവിടത്തെ തീരുമാനങ്ങളുടെ തുടർ നടപടികളും ആലോചിക്കും. സംഘടനാരംഗത്ത് ഓരോ സംസ്ഥാനത്തും നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ച് പദ്ധതി തയാറാക്കാൻ പാർട്ടി കോൺഗ്രസ് നേരത്തേ നിർദേശിച്ചതിന്റെ അവലോകനത്തിനും സാധ്യതയുണ്ട്.

ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്റെ പേരിൽ മന്ത്രി സജി ചെറിയാന്റെ രാജിക്കു ശേഷം ആദ്യമായാണു സംസ്ഥാന കമ്മിറ്റി ചേരുന്നത്. സജിക്കു പകരം പുതിയ മന്ത്രിയെ ഉടൻ തീരുമാനിക്കാൻ ഇടയില്ലെന്ന സൂചനയാണ് നേതാക്കൾ നൽകുന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അനാരോഗ്യം പാർട്ടി സെന്ററിന്റെ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാനുള്ള ക്രമീകരണങ്ങൾ സെക്രട്ടേറിയറ്റ് ആലോചിക്കും.

കർക്കടക വാവുബലിയുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പ് വിവാദമായ സാഹചര്യത്തിൽ അക്കാര്യവും യോഗം പരിശോധിച്ചേക്കും. അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായി ജയരാജന്റെ കുറിപ്പ് എന്നാണു വിമർശനം. തിരുത്താൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ തന്റെ വീട്ടിൽ പൂജാമുറിയോ ആരാധനയോ ഇല്ലെന്ന ജയരാജന്റെ ‘കുത്ത്’ ചില നേതാക്കൾക്ക് ഉള്ളതാണെന്ന വിലയിരുത്തലും നേതൃത്വത്തിലുണ്ട്.

English Summary: CPM State Meet 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com