പ്രതിസന്ധിയിലായ സംഘങ്ങൾക്ക് സഹായം: സഹകരണ സംഘങ്ങൾ വഴി 350 കോടി കണ്ടെത്തും

currency
SHARE

തിരുവനന്തപുരം ∙ നിക്ഷേപം മടക്കി നൽകാൻ പ്രയാസപ്പെടുന്ന കരുവന്നൂർ ബാങ്ക് പോലുള്ള സഹകരണ സംഘങ്ങളെ സഹായിക്കാൻ സർക്കാർ രൂപീകരിക്കുന്ന 500 കോടി രൂപയുടെ സഞ്ചിത നിധിയിലേക്കു പതിനായിരത്തോളം സംഘങ്ങളിൽ നിന്നു നിക്ഷേപമായി കണ്ടെത്തുക 350 കോടി രൂപ. ബാക്കി 150 കോടി രൂപ കേരള ബാങ്ക് വഴി സമാഹരിക്കും. 

എല്ലാ സംഘങ്ങളും ഒരേ പോലെ നിധിയിലേക്കു നിക്ഷേപം നൽകേണ്ടി വരില്ല. മിച്ചധനത്തിന്റെയും കരുതൽ ധനത്തിന്റെയും അടിസ്ഥാനത്തിൽ സംഘങ്ങളെ മൂന്നു വിഭാഗങ്ങളായി തരം തിരിക്കും. സഹകരണ സംരക്ഷണ നിധി എന്ന് ഭാവിയിൽ അറിയപ്പെടുന്ന സഞ്ചിത നിധിയിലേക്കു ലഭ്യമാകുന്ന തുകയ്ക്ക് സംഘങ്ങൾക്കു നിലവിലെ പലിശ  ഉറപ്പാക്കും. നിശ്ചിത കാലത്തിനു ശേഷമോ അല്ലെങ്കിൽ അടിയന്തര സാഹചര്യത്തിലോ പലിശ അടക്കം തിരികെ നൽകുന്ന വ്യവസ്ഥയോടെയാണു നിക്ഷേപം സ്വീകരിക്കുക. കരുവന്നൂർ ബാങ്കിന് ഇപ്പോൾ നൽകാൻ തീരുമാനിച്ചിട്ടുള്ള 35 കോടി രൂപയുടെ സഹായം നിധിയിൽ നിന്നു നൽകിയ തരത്തിൽ പിന്നീടു ക്രമീകരിക്കും. 

തുകയുടെ വിനിയോഗവും തിരിച്ചടവും ഉറപ്പാക്കാൻ സംഘം, ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരീക്ഷണ സമിതികളും രൂപീകരിക്കും. സഹകാരികൾ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ, കേരള ബാങ്ക് ഉദ്യോഗസ്ഥർ, സർക്കിൾ സഹകരണ യൂണിയൻ പ്രതിനിധി, സംസ്ഥാന സഹകരണ യൂണിയൻ പ്രതിനിധി, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ അടങ്ങുന്നതാകും സമിതികൾ. 

സഞ്ചിതനിധിക്കായി സഹകരണ ചട്ടം ഭേദഗതി ചെയ്യും. സംഘം പൂട്ടിപ്പോയാൽ നിക്ഷേപകർക്കു 5 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന തരത്തിൽ നിക്ഷേപ ഗാരന്റി ബോർഡിന്റെ വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന ചട്ടങ്ങളും കൊണ്ടുവരും. ഒക്ടോബറിൽ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഇവ രണ്ടും അവതരിപ്പിക്കാനാണു തീരുമാനം.

English Summary: Help to co-operative groups

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}