ADVERTISEMENT

തിരുവനന്തപുരം ∙ വൈസ് ചാൻസലർ നിയമനത്തിൽ തന്റെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ച് അയച്ചാലും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവയ്ക്കാൻ സാധ്യതയില്ല. ബിൽ നിയമസഭയിൽ പാസാക്കിയാൽപോലും ഒപ്പു വയ്ക്കാതെ നീട്ടിക്കൊണ്ടു പോകാനോ രാഷ്ട്രപതിക്ക് അയയ്ക്കാനോ അദ്ദേഹത്തിനു സാധിക്കും.

ഓർഡിനൻസ്  തിരിച്ചയച്ചാൽ മന്ത്രിസഭ വീണ്ടും അംഗീകരിച്ച് അയയ്ക്കുമ്പോൾ ഗവർണർ ഒപ്പുവയ്ക്കേണ്ടി വരും. എന്നാൽ ഓർഡിനൻസിന് അംഗീകാരം നൽകാതെ സംശയങ്ങൾ ചോദിച്ച് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ സാധിക്കും. ബിൽ നിയമസഭയിൽ പാസാക്കിയാലും ഇതേ രീതിയിൽ അംഗീകാരം നീട്ടിക്കൊണ്ടു പോകാം. കേന്ദ്ര ചട്ടങ്ങൾക്കു വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനു കേന്ദ്രത്തിലേക്ക് അയയ്ക്കാനും സാധിക്കും. പിന്നീട് ബിൽ എന്നു തിരിച്ചെത്തുമെന്നു പറയാനാവില്ല.

ഗവർണർ പിടിമുറുക്കുന്നുവെന്നു വ്യക്തമാക്കുന്നതാണ് രണ്ടു ദിവസങ്ങളിലെ അദ്ദേഹത്തിന്റെ നടപടികൾ. വിസി നിയമനത്തിനുള്ള തന്റെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഓർഡിനൻസ് വരുംമുൻപേ അദ്ദേഹം കേരള വിസിയെ നിയമിക്കാനുള്ള സേർച് കമ്മിറ്റി രൂപീകരിച്ചു. ഇതിന്റെ തുടർച്ചയായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ  ഭാര്യ പ്രിയ വർഗീസിന്റെ അസോഷ്യേറ്റ് പ്രഫസർ നിയമനം സംബന്ധിച്ചു കണ്ണൂർ വിസിയോട് വിശദീകരണം തേടുകയും ചെയ്തു. ഡൽഹിയിലേക്കു പോയ ഗവർണർ 11നു രാത്രി തിരിച്ചെത്തും. 

കേരള സർവകലാശാലയിലെ ക്രമക്കേടുകൾ സംബന്ധിച്ച സിഎജി റിപ്പോർട്ട്, കണ്ണൂരിലെ ബോർഡ് ഓഫ് സ്റ്റഡീസ് നിയമനവും ചട്ടവിരുദ്ധ അഫിലിയേഷനും, സംസ്കൃത സർവകലാശാലയിലെ ചട്ടവിരുദ്ധ അസി.പ്രഫസർ നിയമനം, കാലിക്കറ്റിലെ അധ്യാപക നിയമനത്തിലുള്ള സംവരണ അട്ടിമറി തുടങ്ങി ഗവർണർക്ക് ഇടപെടാൻ ഏറെ വിഷയങ്ങളുണ്ട്. ഇക്കാര്യങ്ങളിൽ പരാതി നൽകിയ സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഭാരവാഹികളെ രണ്ടാഴ്ച മുൻപു വിളിച്ചുവരുത്തി ഗവർണർ വിവരങ്ങൾ ആരാഞ്ഞു. കഴിഞ്ഞ ദിവസം  വീണ്ടും വിളിച്ചുവരുത്തി കൂടുതൽ വിവരങ്ങൾ തേടി. 

മുൻപു പലപ്പോഴും ഇത്തരം കാര്യങ്ങളിൽ ഗവർണർ പ്രതിഷേധം പ്രകടിപ്പിക്കുകയും അനുമതി വൈകിക്കുകയും ചെയ്തിരുന്നു. എന്നാൽ മുഖ്യമന്ത്രിയോ മന്ത്രിമാരോ കാര്യങ്ങൾ വിശദീകരിക്കുമ്പോൾ സർക്കാർ നിലപാടിനു വഴങ്ങുകയാണു ചെയ്തിരുന്നത്. പുതിയ സാഹചര്യത്തിൽ ഇതിനു മാറ്റമുണ്ടാകുമെന്നാണു സൂചന.

English Summary: Ordinance to reduce power of governor in vice chancellor appointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com