ADVERTISEMENT

തൊടുപുഴ ∙ കാലവർഷം ആരംഭിച്ചതോടെ ഇടുക്കി അണക്കെട്ടിൽ ഒഴുകിയെത്തിയത് 557.86 കോടി രൂപയുടെ വെള്ളം; 3 ഷട്ടർ തുറന്നതോടെ പുറത്തു പോകുന്നത് മണിക്കൂറിൽ 21 ലക്ഷം രൂപയുടെ വെള്ളവും.

ജൂൺ 1 മുതൽ ഇന്നലെ വരെ ഇടുക്കി അണക്കെട്ടിൽ 1394.66 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ വെള്ളമാണ് ഒഴുകിയെത്തിയത്. കെഎസ്ഇബി വൈദ്യുതി വാങ്ങുന്ന ശരാശരി വിലയായ 4 രൂപ കണക്കാക്കിയാൽ ഇത്രയും വെള്ളത്തിന് 557.86 കോടി രൂപയുടെ മൂല്യമുണ്ടാവും. ഈ മാസം 6 ദിവസം കൊണ്ട് അണക്കെട്ടിൽ ഒഴുകിയെത്തിയത് 369.49 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ വെള്ളമാണ്.

മൂലമറ്റം വൈദ്യുതി നിലയത്തിൽ ഒരു യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ 680 ലീറ്റർ വെള്ളം വേണം. ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ 3 ഷട്ടർ‌ തുറന്ന് 100 ഘനമീറ്റർ (ഒരു ലക്ഷം ലീറ്റർ) വെള്ളം പുറത്തുവിടുമ്പോൾ കെഎസ്ഇബിക്ക് ഉണ്ടാകുന്നത് സെക്കൻഡിൽ 588 രൂപയുടെ നഷ്ടം.

സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി നിലയമായ ഇടുക്കിയിൽ ഇന്നലെ 17.74 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിച്ചത്. പരമാവധി ഒരു ദിവസം 18.72 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് നിലയത്തിൽ ഉൽപാദിപ്പിക്കാൻ കഴിയുക.

സംസ്ഥാനത്ത് കെഎസ്ഇബി അണക്കെട്ടുകളിൽ ഇപ്പോൾ 80% വെള്ളമുണ്ട്. മഴ ശക്തമായതോടെ ആഭ്യന്തര ഉൽപാദനം ഇപ്പോൾ 44 ദശലക്ഷം യൂണിറ്റിനു മുകളിലായി ഉയർത്തിയിരിക്കുകയാണ്.

 

മൂന്നാറിൽ വീണ്ടും ഉരുൾപൊട്ടി

തിരുവനന്തപുരം ∙ കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഇന്നലെ ഒരു മരണം കൂടി. പാലക്കാട് ജില്ലയിലാണു മരണം. ഇതോടെ ആകെ മരണം 22 ആയി. 5 പേരെ കാണാതായി.

ആറന്മുള എഴിക്കാട് കോളനിക്കു സമീപത്തെ പുഞ്ചയിൽ വള്ളം മറിഞ്ഞ് കാണാതായ വിശ്വനാഥന്റെ മൃതദേഹം കണ്ടെത്തി. ഇടുക്കി പീരുമേട്ടിൽ തോട്ടിലെ ഒഴുക്കിൽ കാണാതായ ആദിവാസി ബാലനെ രണ്ടാം ദിവസവും കണ്ടെത്താനായില്ല.

മൂന്നാർ കുണ്ടളയിൽ കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായ അതേ സ്ഥലത്ത് ഇന്നലെ പുലർച്ചെ വീണ്ടും ഉരുൾപൊട്ടിയെങ്കിലും ആളപായമില്ല. മൂന്നാർ ഗ്യാപ് റോഡിൽ വീണ്ടും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.

 

English Summary: Idukki dam opened again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com