ADVERTISEMENT

തിരുവനന്തപുരം∙ ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ 11 ഓർഡിനൻസുകൾ പുതുക്കുന്നതിന്റെ കാരണം മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിമാരോ വിശദീകരിക്കണമെന്നു ഗവർണർ ആവശ്യപ്പെട്ടു. 

ഓർഡിനൻസുകൾ പുതുക്കിയിറക്കാൻ കഴിഞ്ഞ മന്ത്രിസഭ തീരുമാനിച്ചതിന്റെ വിവരങ്ങളടങ്ങിയ ഫയൽ ഗവർണറുടെ അനുമതിക്കായി രാജ്ഭവനിൽ എത്തിച്ചിരുന്നു. ഇതിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ കത്തിലാണു ഗവർണർ വിശദീകരണം തേടിയത്. ഈ ഓർഡിനൻസുകളുടെ കാലാവധി ഇന്നു തീരുകയാണ്.

ഓർഡിനൻസുകളിൽ ഭൂരിഭാഗവും രണ്ടിലേറെ തവണ പുതുക്കി ഇറക്കിയതാണ്. ഇതിനിടെ നിയമസഭ കൂടിയപ്പോൾ എന്തുകൊണ്ട് ബിൽ അവതരിപ്പിച്ച് ഇവ നിയമമാക്കിയില്ല എന്നാണു ഗവർണർ കത്തിൽ പ്രധാനമായും ആരാഞ്ഞത്. ഓർഡിനൻസ് പുതുക്കുന്ന വിജ്ഞാപനത്തിൽ അദ്ദേഹം ഒപ്പുവച്ചിട്ടില്ല.

കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ, ചാൻസലർ എന്ന നിലയ്ക്കുള്ള ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാൻ ഓർഡിനൻസ് ഇറക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. സർക്കാരിനെ മറികടന്ന് വിസി നിയമനത്തിന് സേർച് കമ്മിറ്റിയെ നിയോഗിച്ചാണ് ഇതിനു ഗവർണർ മറുപടി നൽകിയത്. ഓർഡിനൻസുകൾ പുതുക്കി ഇറക്കുന്നതിൽ ഒപ്പിടാതെ ഗവർണർ ഡൽഹിക്കു പോയത് ഇതിനു പിന്നാലെയാണ്.

11ന് രാത്രിയോടെയാകും ഗവർണർ കേരളത്തിൽ തിരിച്ചെത്തുക. അതിനു മുൻപായി ഓർഡിനൻസുകൾ പുതുക്കി ഇറക്കണമെങ്കിൽ ഡൽഹിയിൽ വച്ച് അദ്ദേഹത്തെ കണ്ടു മുഖ്യമന്ത്രിയോ മന്ത്രിമാരോ വിശദീകരണം നൽകണം. നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ‍ഡൽഹിയിലുണ്ട്. എന്നാൽ, ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടക്കുമോയെന്നു വ്യക്തമല്ല.

നിയമസഭാ സമ്മേളനം തുടങ്ങി 42 ദിവസത്തിനകം ഓർഡിനൻസുകൾ പുതുക്കിയില്ലെങ്കിൽ അവ അസാധുവാകും. എന്നാൽ, പുതുക്കി ഇറക്കുന്നതിൽ ഏതാനും ദിവസം വൈകിയാലും മു‍ൻകാല പ്രാബല്യത്തോടെ ഒപ്പിട്ട് ഓർഡിനൻസ് അസാധുവാകുന്നത് ഒഴിവാക്കാനാകുമെന്നു നിയമവൃത്തങ്ങൾ വ്യക്തമാക്കി.

അന്ന് മുഖ്യമന്ത്രി വിശദീകരിച്ചു

പുതുക്കി ഇറക്കേണ്ട ഓർഡിനൻസുകളിൽ ഏറ്റവും പ്രധാനം കേരള ലോകായുക്ത നിയമഭേദഗതി സംബന്ധിച്ചുള്ളതാണ്. ഈ ഓർഡിനൻസ് ആദ്യം ഇറക്കിയപ്പോൾ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചിരുന്നു. തുടർന്നു മുഖ്യമന്ത്രി അദ്ദേഹത്തെ നേരിൽ കണ്ടു വിശദീകരിച്ചു.

അഴിമതിക്കു തടയിടാനുള്ള ലോകായുക്തയുടെ അധികാരത്തിനു കടിഞ്ഞാണിടാൻ സർക്കാർ കൊണ്ടുവന്ന ഭേദഗതി ഓർഡിനൻസ് ആണിത്. മുഖ്യമന്ത്രി പിണറായി വിജയനും ചില മന്ത്രിമാർക്കും മുൻ മന്ത്രിമാർക്കുമെതിരായുള്ള പരാതികൾ ലോകായുക്ത പരിഗണിക്കുമ്പോഴാണ് ഈ ഭേദഗതി ഓർഡിനൻസ് ഫെബ്രുവരി 7ന് സർക്കാർ അംഗീകരിച്ച് വിജ്ഞാപനമിറക്കിയത്.

പുതുക്കേണ്ട മറ്റ് ഓർഡിനൻസുകൾ, എത്ര തവണ പുതുക്കി എന്നതു ബ്രായ്ക്കറ്റിൽ: കേരള മാരിടൈം ബോ‍ർഡ് ഭേദഗതി (2), തദ്ദേശഭരണ പൊതു സർവീസ് (1), കേരള പബ്ലിക് സർവീസ് കമ്മിഷൻ ഭേദഗതി (3), കേരള സ്വകാര്യ വനം നിക്ഷിപ്തമാക്കലും പതിച്ചു നൽകലും (7), വ്യവസായ ഏകജാലക ബോർഡും വ്യവസായ ടൗൺഷിപ് വികസനവും (2), കേരള പൊതുമേഖലാ നിയമന ബോർഡ് (1), കേരള പബ്ലിക് ഹെൽത്ത് ഓർഡിനൻസ് (5), കേരള ജ്വല്ലറി വർക്കേഴ്സ് വെൽഫെയർ ഫണ്ട് (6), കേരള സഹകരണ സൊസൈറ്റീസ് ഭേദഗതി (2), ലൈവ് സ്റ്റോക് ആൻഡ് പൗൾട്രി ഫീഡ് ആൻഡ് മിനറൽ മിക്സ്ചർ (5).

English Summary: Kerala Governor delays approval of ordinances

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com