ADVERTISEMENT

തിരുവനന്തപുരം ∙ തൃശൂരിൽ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനെ കാറിടിപ്പിച്ചു കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ആഡംബര കാറായ ഹമ്മർ പൊളിക്കും. കുറ്റകൃത്യത്തിൽ ഉൾപ്പെടുന്ന വാഹനങ്ങൾ പൊളിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തു വാഹന റജിസ്ട്രഷൻ (ആർസി) റദ്ദാക്കുന്ന ആദ്യവാഹനമാണിത്. ആർസി റദ്ദാക്കിയാൽ കോടതി അനുമതിയോടെ ഇതു പൊളിക്കും.

കണിച്ചുകുളങ്ങര എവറസ്‌റ്റ് ചിട്ടി ഫണ്ട് ഉടമകളായ രമേഷ്, സഹോദരി ലത, ഡ്രൈവർ ഷംസുദ്ദീൻ എന്നിവർ ആസൂത്രിത വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിലെ ലോറിയും പൊളിക്കും. ഇത്തരത്തിലുള്ള വാഹനങ്ങളുടെ പട്ടിക നൽകാൻ മോട്ടർവാഹന വകുപ്പ് ഡിജിപി അനിൽ കാന്തിനു കത്തു നൽകി. കൊലക്കേസുകളിലെ പ്രതികൾ സഞ്ചരിക്കുന്ന വാഹനത്തെയും ഇനി പ്രതി ചേർക്കും. വാഹനം വാടകയ്ക്കെടുത്തതാണെങ്കിലും ഇതേ നടപടിയായിരിക്കും.

ഇൻഷുറൻസ് റഗുലേറ്ററി അതോറ്റിറ്റിയുടെ വ്യവസ്ഥ പ്രകാരം ഹീനമായ കുറ്റകൃത്യങ്ങളിൽപ്പെട്ടാൽ വാഹനത്തിന്റെ ഇൻഷുറൻസ് റദ്ദാക്കാം. ഇൻഷുറൻസ് റദ്ദാക്കിയാൽ ആർസിയും റദ്ദാക്കാനാകും. തൃശൂർ പേരാമംഗലം പൊലീസ് സ്റ്റേഷൻ വളപ്പിലാണു നിഷാമിന്റെ ആഡംബര കാർ സൂക്ഷിച്ചിരിക്കുന്നത്.

∙ കുറ്റകൃത്യങ്ങൾക്കു വാഹനം കിട്ടാത്ത സ്ഥിതി വരണം: മന്ത്രി

നിലവിൽ മോട്ടർ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങൾക്കു മാത്രമേ ലൈസൻസും പെർമിറ്റും റദ്ദാക്കൂ. എന്നാൽ, വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണു പുതിയ തീരുമാനമെന്നു മന്ത്രി ആന്റണി രാജു പറഞ്ഞു. കുറ്റകൃത്യങ്ങൾക്കായി വാഹനം ലഭിക്കാത്ത സ്ഥിതിയുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

English Summary: Mohammed Nisham's car to demolish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com