തിരുവനന്തപുരം ∙ വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. 9 ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രമാകാൻ സാധ്യതയുണ്ടെന്നും കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ പെയ്യുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ബുധനാഴ്ച വരെയും കർണാടക തീരങ്ങളിൽ വ്യാഴാഴ്ച വരെയും മത്സ്യബന്ധനം വിലക്കി.
ഇടുക്കി ഡാമിന്റെ 3 ഷട്ടറുകൾ ഇന്നലെ തുറന്നു. സെക്കൻഡിൽ ഒരു ലക്ഷം ലീറ്റർ വീതം വെള്ളമാണു ഒഴുക്കുന്നത്. നിലവിലെ ജലനിരപ്പ് 2384.46 അടി. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി–ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്നു 11ന് തുറക്കും. ഇടമലയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ രാവിലെ 10നു ഡാം തുറക്കും.
അവധി ഇന്ന്
∙ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട് താലൂക്കുകളിലെയും ഉടുമ്പൻചോല താലൂക്കിലെ ബൈസൺവാലി, ചിന്നക്കനാൽ പഞ്ചായത്തുകളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നു കലക്ടർ അവധി പ്രഖ്യാപിച്ചു.
യെലോ അലർട്ട്
∙ ഇന്ന് – കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
∙ നാളെ – കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
∙ ബുധൻ – തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
∙ വ്യാഴം – മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
English Summary: Rain: Kerala dams opened