ADVERTISEMENT

ബർലിൻ കുഞ്ഞനന്തൻ നായർ ശീതയുദ്ധകാലത്തു യൂറോപ്പിലിരുന്നു ലോകത്തെ കണ്ട കമ്യൂണിസ്റ്റ് പത്രപ്രവർത്തകനാണ്. സോഷ്യലിസ്റ്റ് ബ്ലോക്കിന്റെ അതിജീവനത്തിനും മൂന്നാം ലോകത്തെ വിപ്ലവ മുന്നേറ്റത്തിനും പ്രതിബദ്ധതയോടെ പ്രവർത്തിച്ച ഒരാൾ. യൂറോപ്പിലെയും ഏഷ്യൻ രാജ്യങ്ങളിലെയും കമ്യൂണിസ്റ്റ് പാർട്ടികളെ ഇന്ത്യൻ പാർട്ടികളുമായി സൗഹാർദം പങ്കിടാൻ ഇടനില നിന്ന കമ്യൂണിസ്റ്റുകാരൻ. 

ബ്ലിറ്റ്സ് ലേഖകനായി കുഞ്ഞനന്തൻ നായർ ബർലിനിലേക്കു പോകുന്ന കാലത്ത് ഫ്രാങ്ക്ഫർട്ടിലും ബർമിങ്ഹാമിലുമെല്ലാം മാർക്സിസത്തിലെ പുനർവിചാരങ്ങളും സൂക്ഷ്മാന്വേഷണങ്ങളും ആരംഭിച്ചിരുന്നു. സോവിയറ്റ് മാർക്സിസത്തോടുള്ള യോജിപ്പും വിയോജിപ്പും ബുദ്ധിജീവികളുടെ സംവാദങ്ങളെ സജീവമാക്കിയിരുന്നു. 

യൂറോപ്യൻ കമ്യൂണിസ്റ്റ് പാർട്ടികളിലും അതിന്റെ അലകളെത്തിയിരുന്നു. ആ സമയത്ത് കുഞ്ഞനന്തൻ നായർ ചേർന്നു നിൽക്കാൻ ആഗ്രഹിച്ചത് സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയോടാണ്. മോസ്കോയിൽ നേരത്തേ ലഭിച്ച പരിശീലനവും രൂപപ്പെട്ട സുഹൃദ്​വലയവും അതിനു കാരണമായി.

ബർലിനിൽനിന്നു മടങ്ങിവന്നശേഷം തിരുവനന്തപുരത്ത് എകെജി സെന്ററിൽ ബൗദ്ധിക പ്രവർത്തനങ്ങളിൽ സജീവമായി. കേരളത്തിലെ പാർട്ടിയിൽ വലിയ മാറ്റങ്ങൾ നടക്കുന്ന കാലമായിരുന്നു അത്. 

ഭിന്നാഭിപ്രായങ്ങളും ചേരികളും ശക്തിപ്പെട്ടു തുടങ്ങിയപ്പോൾ ഔദ്യോഗിക ചേരിയുടെ പ്രധാന വക്താവായി. തിരുവനന്തപുരം പ്ലീനം പുതുക്കിയ പാർട്ടി പരിപാടിയുടെ മികച്ച വ്യാഖ്യാതാവും അദ്ദേഹമായിരുന്നു. സിപിഎം നേതാക്കളിൽ ഇഎംഎസിനോടും പിന്നീട് വി.എസ്. അച്യുതാനന്ദനോടുമായിരുന്നു അദ്ദേഹത്തിന് അടുപ്പം. 

വിഎസിന്റെ വിയോജിപ്പുകളിലും അദ്ദേഹം ചേർന്നു നിന്നു. ഈ വിയോജിപ്പുകളാണ് 2005 മുതലുള്ള ഒരു ദശകക്കാലം അദ്ദേഹം പ്രകടിപ്പിച്ചത്. ഒളി ക്യാമറകൾ പറഞ്ഞതും പൊളിച്ചെഴുതിയതും റിവിഷനിസ്റ്റ് വ്യതിചലനങ്ങളെപ്പറ്റിയാണ്. 

ലോക കമ്യൂണിസ്റ്റിന്റെ വിപ്ലവ ബോധ്യങ്ങളാണ് മിക്കപ്പോഴും അദ്ദേഹത്തെ നയിച്ചത്. വാർധക്യത്തിലും പാർട്ടിയെ നശിപ്പിക്കുന്നവർക്കെതിരെ ചാട്ടുളിപ്രയോഗം നടത്താൻ അദ്ദേഹം മടിച്ചില്ല. എന്നാൽ, അവസാനകാലത്ത് പാർട്ടിയിൽനിന്നുള്ള അകൽച്ച അസഹ്യമായി. കമ്യൂണിസ്റ്റ് പാർട്ടിക്കാരനല്ലാതെ വിടവാങ്ങാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. സിപിഎമ്മിലേക്ക് നിരുപാധികം ചാഞ്ഞു നിന്നു.

നാറാത്തെ വീട് കമ്യൂണിസ്റ്റുകാരുടെ പ്രിയപ്പെട്ട തുറന്ന വീടാണ്. അതു വലിയ ലോകത്തിലേക്കു സാധാരണക്കാരെ കൂട്ടിക്കൊണ്ടുപോയി. സ്നേഹപൂർണമായ ആതിഥ്യം ഞങ്ങൾ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് ചിന്തയ്ക്കപ്പുറം ബോധത്തെ മേയാൻ അനുവദിക്കാത്ത കാർക്കശ്യമാണ് ബർലിൻ കുഞ്ഞനന്തൻ നായരിൽ കണ്ടത്. അതു രൂക്ഷമായ സമരകാലങ്ങളിൽ ഓർക്കപ്പെടാതിരിക്കില്ല.

Content Highlight: Berlin Kunjananthan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com