ADVERTISEMENT

മലപ്പുറം ∙ മലബാർ ദേവസ്വത്തിനു കീഴിലുള്ള ജില്ലയിലെ പ്രധാന ക്ഷേത്രത്തിലെ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനു സിപിഎം ലോക്കൽ സെക്രട്ടറി പണം വാങ്ങിയെന്ന ആരോപണം പാർട്ടിക്കുള്ളിൽ പുകയുന്നു. മാറാക്കര ലോക്കൽ സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ടു പാർട്ടിയിലെ ഒരു വിഭാഗം വളാഞ്ചേരി ഏരിയാ കമ്മിറ്റിക്കു പരാതി നൽകിയതായി സൂചന. 

ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിക്കുന്ന കെട്ടിടവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് നടന്നതായും പരാതിയിൽ ആരോപിക്കുന്നു. പാർട്ടിക്കകത്തും പുറത്തും ദിവസങ്ങളായി ചൂടുപിടിച്ച ചർച്ച നടക്കുന്നുണ്ടെങ്കിലും സിപിഎം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആരോപണമുള്ളതായി അറിയില്ലെന്നും പരാതി ലഭിച്ചിട്ടില്ലെന്നും വളാഞ്ചേരി ഏരിയാ സെക്രട്ടറി കെ.പി.ശങ്കരൻ  മനോരമയോടു പറഞ്ഞു.

മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള പ്രധാന ക്ഷേത്രത്തിലെ 13 ജീവനക്കാരെ അടുത്തിടെ സ്ഥിരപ്പെടുത്തിയിരുന്നു. ഇവർ ഏറെ നാളായി ക്ഷേത്രവുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നവരാണ്. 

കോവിഡ് പ്രതിസന്ധിക്കു ശേഷമാണു ഇവരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനമുണ്ടായത്. സ്ഥിരപ്പെടുത്തുന്നതിന്റെ മറവിൽ ലോക്കൽ സെക്രട്ടറി ജീവനക്കാരിൽനിന്നു പണം വാങ്ങിയെന്നാണു ആരോപണം. 

ലോക്കൽ കമ്മിറ്റിയോ മേൽഘടകമോ അറിയാതെയാണു പണം കൈപ്പറ്റിയത്. പണത്തിനു രസീത് നൽകിയിട്ടില്ലെന്നും ഏരിയാ കമ്മിറ്റിക്കു പ്രവർത്തകർ നൽകിയ പരാതിയിൽ ആരോപിക്കുന്നു. 

ലോക്കൽ കമ്മിറ്റിക്കു കീഴിൽ നിർമാണം പുരോഗമിക്കുന്ന ഒരു കെട്ടിടവുമായി ബന്ധപ്പെട്ടും സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണമുണ്ട്. ഇതിനായി പല തലങ്ങളിൽ പിരിവ് നടത്തിയെങ്കിലും കണക്കില്ല. നിർമാണ പ്രവർത്തനം കാര്യമായി നടന്നില്ല. 

പൊതുവായ അക്കൗണ്ട് തുറക്കാതെ വ്യക്തിപരമായ അക്കൗണ്ടിൽ പണം സ്വീകരിച്ചെന്നും പരാതിയിലുണ്ട്. കെട്ടിട നിർമാണത്തിനായി പാർട്ടിയുടെ കീഴിലുള്ള സഹകരണ ബാങ്കിലെ ജീവനക്കാർ ചേർന്നു പിരിച്ചുനൽകിയ പണം എവിടെപ്പോയെന്നതിൽ വ്യക്തതയില്ലെന്നും ആരോപണമുണ്ട്.

English Summary: Bribe allegation against cpm local secretary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com