ADVERTISEMENT

തിരുവനന്തപുരം∙ വള്ളങ്ങളും മീൻപിടിത്ത ഉപകരണങ്ങളും നിരത്തിലിറക്കി മുദ്രാവാക്യങ്ങളോടെ നഗരത്തെ മണിക്കൂറുകളോളം പ്രതിഷേധക്കടലാക്കി മത്സ്യത്തൊഴിലാളികൾ. വിഴിഞ്ഞം തുറമുഖ നിർമാണം തീരശോഷണമുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയും വീടുകൾ നഷ്ടമായവരെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുമാണു ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തീരദേശവാസികൾ സമരം നടത്തിയത്.

സെക്രട്ടേറിയറ്റിനു മുന്നിലേക്കു വള്ളങ്ങളുമായി മാർച്ച് നടത്താനുള്ള നീക്കം മ്യൂസിയം സ്റ്റേഷനു മുന്നിലും മറ്റും പൊലീസ് തടഞ്ഞതു സംഘർഷാന്തരീക്ഷമുണ്ടാക്കി. പൊലീസ് നടപടിക്കെതിരെ അതിരൂപതാ ഇമെരിറ്റസ് ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യം, ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചതോടെ ഒന്നര മണിക്കൂറോളം വൈകി പൊലീസ് അനുമതി നൽകി.

തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പാളിച്ചയുണ്ടായാൽ തീരദേശവാസികളെ പുനരധിവസിപ്പിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രഖ്യാപിച്ച 475 കോടിയുടെ പാക്കേജ് നടപ്പാക്കാതെ സർക്കാർ ഒളിച്ചുകളിക്കുകയാണെന്നു സമരം ഉദ്ഘാടനം ചെയ്ത ഡോ.സൂസപാക്യം പറഞ്ഞു. തീരവാസികൾക്ക് ഇതു ജീവന്മരണ പോരാട്ടമാണ്. വർഷങ്ങളായി സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും കഴിയുന്നവരെ പുനരധിവസിപ്പിക്കാൻ ഒന്നും ചെയ്യുന്നില്ല. തുറമുഖ നിർമാണത്തിന് ആവശ്യം പോലെ കരിങ്കല്ലുണ്ട്, കടൽഭിത്തിക്കു കല്ലില്ല. അടിസ്ഥാന പ്രശ്‌നങ്ങൾക്കു പരിഹാരമാണ് അധികാരികളിൽ നിന്നു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യത്തൊഴിലാളി സമൂഹത്തെ സർക്കാർ അവഗണിക്കുകയാണെന്ന് ആരോപിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സമരക്കാർ മത്സ്യബന്ധന വള്ളങ്ങളുമായി സെക്രട്ടേറിയറ്റിനു മുന്നിൽ. ചിത്രം: മനോരമ
മത്സ്യത്തൊഴിലാളി സമൂഹത്തെ സർക്കാർ അവഗണിക്കുകയാണെന്ന് ആരോപിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സമരക്കാർ മത്സ്യബന്ധന വള്ളങ്ങളുമായി സെക്രട്ടേറിയറ്റിനു മുന്നിൽ. ചിത്രം: മനോരമ

മുൻകൂട്ടി അറിയിച്ചു സമാധാനപരമായി സമരം ചെയ്യാനെത്തിയവരെ പലയിടത്തും തടഞ്ഞു സമരം പൊളിക്കാനാണു സർക്കാർ ശ്രമിച്ചതെന്ന് ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ പറഞ്ഞു. അനുകൂല തീരുമാനമുണ്ടാകുന്നതു വരെ സമരം തുടരും. ഇനിയും മിണ്ടാതിരുന്നാൽ തീരവും തീരദേശവാസികളും തുടച്ചുനീക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 

fishermen-protest-2
ബോട്ടുകളുമായി മത്സ്യത്തൊഴിലാളികൾ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് സമരം. ചിത്രം: ആർ.എസ്.ഗോപൻ∙ മനോരമ
fishermen-protest-1
ലത്തീൻ സഭയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് സമരം. ചിത്രം: ആർ.എസ്.ഗോപൻ∙ മനോരമ

English Summary: Fisherman stage protest in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com