ADVERTISEMENT

തൃശൂർ ∙ കരുവന്നൂർ ബാങ്കിൽ 227 കോടി രൂപയുടെ തട്ടിപ്പു നടത്തിയവരെ സംരക്ഷിക്കാൻ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടുനിന്നതായി ആരോപണം. തട്ടിപ്പിനെക്കുറിച്ചു പരാതി ലഭിച്ചിട്ടും 2 വർഷം മുൻപു തൃശൂർ ജോയിന്റ് റജിസ്ട്രാർക്കു (ജനറൽ) ലഭിച്ച പരാതിയെത്തുടർന്ന് അന്വേഷണം നടത്തിയ ഡപ്യൂട്ടി റജിസ്ട്രാർ (ഭരണം) നൽകിയത് പരാതി അടിസ്ഥാനരഹിതമെന്ന റിപ്പോർട്ട്. ഈ റിപ്പോർട്ട് നൽകി ഒന്നരവർഷത്തിനുള്ളിൽ 227 കോടി രൂപയുടെ തട്ടിപ്പു പുറത്തുവന്നു. പാർട്ടിയുടെ ഇടപെടലിനെത്തുടർന്ന് ഉദ്യോഗസ്ഥർ തട്ടിപ്പുകാർക്ക് അനുകൂലമായി റിപ്പോർട്ട് നൽകിയെന്ന ആക്ഷേപമാണു ശക്തമാകുന്നത്.

2019 ജനുവരിയിലാണു ബാങ്കിന്റെ മുൻ ജീവനക്കാരൻ എം.വി.സുരേഷ് ബാങ്കിന്റെ ക്രമക്കേടുകൾ സംബന്ധിച്ചു തൃശൂരിലെ ജോയിന്റ് റജിസ്ട്രാർക്കു പരാതി നൽകിയത്. മുകുന്ദപുരം അസിസ്റ്റന്റ് റജിസ്ട്രാറോട് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ നിർദേശിച്ചു. ഗുരുതരമായ ക്രമേക്കേടുകൾ ശ്രദ്ധയിൽപെട്ടതിനാൽ വിശദ അന്വേഷണം നടത്തണമെന്ന ശുപാർശ 2019 ജൂൺ 30ന് അസിസ്റ്റന്റ് റജിസ്ട്രാർ സമർപ്പിച്ചു. 

2019 നവംബറിൽ അന്വേഷണത്തിനു തൃശൂർ ഓഫിസിലെ ഡപ്യൂട്ടി റജിസ്ട്രാറെ ചുമതലപ്പെടുത്തിയെങ്കിലും 2020 ജനുവരിയിൽ നൽകിയ റിപ്പോർട്ടിലാണ് പരാതി അടിസ്ഥാനരഹിതമെന്ന് അറിയിച്ചത്. പരാതിക്കാരനും ഇതു സൂചിപ്പിച്ചു കത്ത് നൽകി. 

അന്വേഷണ ഉത്തരവിലെ നടപടി ഉദ്യോഗസ്ഥയുടെ അവധിയും കോവിഡ് സാഹചര്യവും കാരണമായി പറഞ്ഞു നീട്ടിക്കൊണ്ടുപോയി. 2020 ഓഗസ്റ്റിൽ കാലാവധി കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിച്ചതുമില്ല. പിന്നീട് പലതവണ ഓർമിപ്പിച്ച ശേഷമാണ് 2021 ജനുവരിയിൽ ന്യൂനതകൾ ശ്രദ്ധയിൽപെട്ടെന്നു കാണിച്ചു റിപ്പോർട്ട് സമർപ്പിക്കുന്നത്. ഇതുപ്രകാരം നോട്ടിസ് നൽകി ഭരണസമിതി പിരിച്ചുവിടാൻ തീരുമാനമെടുക്കുമ്പോഴേക്കും 2021 ജൂലൈ ആയി. ഇക്കാലയളവിലും നിയമം ലംഘിച്ചു വായ്പകൾ നൽകി.

English Summary: Karuvannur Bank Fraud Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com