ADVERTISEMENT

കൊച്ചി ∙ മോൻസൻ മാവുങ്കൽ പ്രതിയായ തട്ടിപ്പുകേസിൽ ആരോപണവിധേയരായ ഐജി ജി.ലക്ഷ്മൺ ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥരെ വകുപ്പുതല അന്വേഷണത്തിന്റെ മറവിൽ ക്രിമിനൽ കേസിൽനിന്നു ക്രൈംബ്രാഞ്ച് ഒഴിവാക്കുന്നു. മോൻസനുമായി അടുപ്പമുണ്ടെങ്കിലും തട്ടിപ്പിൽ ഇവരുടെ പങ്കിനു തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് എസ്പി എം.ജെ.സോജൻ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. അതേസമയം, കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരായ ആരോപണത്തിൽ അന്വേഷണം വേണമെന്നും മൊഴിയെടുത്തിട്ടില്ലെന്നും എസ്പി അറിയിച്ചു. തെളിവു കിട്ടിയാൽ കൂടുതൽ പേരെ പ്രതികളാക്കുമെന്നും പറയുന്നു.

കേസിൽ ഫലപ്രദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരനായ കോഴിക്കോട് സ്വദേശി എം.ടി.ഷെമീർ നൽകിയ ഹർജിയിലാണു വിശദീകരണം. ഐജി ലക്ഷ്മൺ, മുൻ ഡിഐജി എസ്.സുരേന്ദ്രൻ എന്നിവർക്കും 2 ഇൻസ്പെക്ടർമാർക്കും തട്ടിപ്പിൽ പങ്കുണ്ടെന്നു ഹർജിയിൽ ആരോപിച്ചിരുന്നു. ഇതിനു തെളിവില്ലെന്നും സമാഹരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവിക്കു റിപ്പോർട്ട് നൽകിയതിനെ തുടർന്നു വകുപ്പുതല നടപടി ആരംഭിച്ചെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

ജി.ലക്ഷ്മൺ പന്തളം സ്റ്റേഷനിലെ കേസിൽ ഇടപെടാൻ ശ്രമിച്ചെന്നും പുരാവസ്തു വിൽപനയ്ക്കു സഹായിച്ചെന്നും സംസ്ഥാന പൊലീസ് മേധാവിയെ കാണാൻ അവസരം ഒരുക്കിയെന്നുമുള്ള ആരോപണങ്ങൾ വകുപ്പുതല അന്വേഷണത്തിന്റെ പരിധിയിൽ വരും. 

ലക്ഷ്മണും ചേർത്തല മുൻ സിഐ പി.ശ്രീകുമാറും സസ്പെൻഷനിലാണ്. ഇൻസ്പെക്ടർമാരായ എ.അനന്തലാൽ, എ.ബി.വിപിൻ എന്നിവർ മോൻസനിൽനിന്നു പണം വാങ്ങിയത് വായ്പയായിട്ടാണെന്നും ഇവർക്കെതിരെയും അന്വേഷണം നടക്കുകയാണെന്നുമാണ് വിശദീകരണം. ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയെന്നും െക്രെംബ്രാഞ്ച് വിശദീകരിച്ചു.

‘സുരക്ഷ മോൻസനല്ല, പുരാവസ്തുക്കൾക്ക്’

മോൻസനു പ്രത്യേക പൊലീസ് സംരക്ഷണം നൽകിയിട്ടില്ലെന്നാണു ക്രൈംബ്രാഞ്ച് റിപ്പോർട്ടിലെ വിശദീകരണം. പുരാവസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലമെന്ന നിലയ്ക്കു സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തുകയും പട്രോൾ പൊലീസിന് ഒപ്പിടാൻ പോയിന്റ് ബുക്ക് സ്ഥാപിക്കുകയുമാണു ചെയ്തതെന്നാണു വാദം.

ഐജി ലക്ഷ്മണിന്റെ സസ്പെൻഷൻ നീട്ടി

തിരുവനന്തപുരം∙ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കലുമായി ബന്ധമുണ്ടായിരുന്ന ഐജി ജി.ലക്ഷ്മണിന്റെ സസ്പെൻഷൻ കാലാവധി 3 മാസം കൂടി നീട്ടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് സസ്പെൻഷൻ നീട്ടിയത്. 

English Summary: Monson Mavunkal case investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com