ADVERTISEMENT

ഒറ്റപ്പെട്ട മഴയിലും നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കൂടുതൽ ഡാമുകൾ തുറന്നു. പത്തനംതിട്ട ജില്ലയിൽ കക്കി, ആനത്തോട് അണക്കെട്ടിന്റെ 4 ഷട്ടറുകൾ 120 സെന്റീമീറ്റർ വരെ ഉയർത്തി. പമ്പ ഡാമിന്റെ 3,4 ഷട്ടറുകൾ 45 സെന്റീമീറ്ററായി ഉയർത്തി.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 സ്പിൽവേ ഷട്ടറുകളും 90 സെന്റിമീറ്റർ വീതം തുറന്നു. സെക്കൻഡിൽ പുറത്തേക്ക് ഒഴുക്കുന്നത് 10,400 ഘനയടി (2,94528 ലീറ്റർ) ജലം.

ഇടുക്കി ചെറുതോണി ഡാമിൽ തുറന്നുവിടുന്ന ജലത്തിന്റെ അളവ് വർധിപ്പിച്ചു. ഇപ്പോൾ പുറത്തേക്ക് ഒഴുക്കുന്നത് 3,25,000 ലീറ്റർ ജലം.

ആലപ്പുഴ ജില്ലയിലെ നദികളിൽ ജലനിരപ്പ് കുറഞ്ഞു തുടങ്ങിയതോടെ അപ്പർ കുട്ടനാട്, കുട്ടനാട് മേഖലകളിൽ നിന്നു വെള്ളമിറങ്ങിത്തുടങ്ങി.

ഇടമലയാർ ഡാമിന്റെ 4 ഷട്ടറുകളും തുറന്നു. രാവിലെ 10ന് 2 ഷട്ടറുകൾ തുറന്നതിനുപിന്നാലെ വൈകിട്ടോടെ 2 ഷട്ടറുകൾ കൂടി ഉയർത്തി. 

മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകൾ 80 സെന്റീമീറ്റർ വീതം ഉയർത്തി. ജലമെ‍ാഴുക്കു വർധിച്ചതിനാൽ വാളയാർ ഡാം ഇന്നു തുറന്നേക്കും. ചുള്ളിയാറിൽ ഡാമിലെ ഒരുഷട്ടർ 5 സെന്റീമീറ്ററും മംഗലം ഡാമിന്റെ 3 ഷട്ടറുകൾ 62 സെന്റീമീറ്ററും പേ‍ാത്തുണ്ടി ഡാമിന്റെ ഷട്ടറുകൾ 40 സെന്റീമീറ്ററും ഉയർത്തി.

ജലനിരപ്പ് റെഡ് അലർട്ട് നിരപ്പിനെക്കാൾ ഉയർന്നതിനെ തുടർന്ന് കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടർ 10 സെന്റീമീറ്റർ  തുറന്നു. 

വയനാട്  ജില്ലയിൽ ബാണാസുര സാഗർ ഡാമിന്റെ മൂന്നാമത്തെ ഷട്ടറും ഇന്നലെ തുറന്നു. 2 ഷട്ടറുകൾ തിങ്കളാഴ്ച 10 സെന്റീമീറ്റർ വീതം തുറന്നിരുന്നു.

ഷട്ടറുകൾ തുറന്നതിനു ശേഷം ആദ്യമായി മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഇന്നലെ രാത്രി പത്തോടെ  ജലനിരപ്പ് 139.45 അടിയിലെത്തി. രാവിലെ 9ന് ജലനിരപ്പ് 139.6 അടിയിൽ എത്തിയിരുന്നു. 

മുല്ലപ്പെരിയാറിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പെരിയാർ - വൈഗ സൂപ്രണ്ടിങ് എൻജിനീയർ ക്രിസ്തുനേസകുമാർ അണക്കെട്ടിൽ സന്ദർശനം നടത്തി. റൂൾ കർവ് പ്രകാരം ജലനിരപ്പ് നിയന്ത്രിക്കാൻ കൂടുതൽ വെള്ളം സ്പിൽവേ ഷട്ടറുകളിലൂടെ പെരിയാറിലേക്ക് ഒഴുക്കുന്നതു സംബന്ധിച്ച് മറ്റു ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

രണ്ടു ദിവസം വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം ∙ സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം വ്യാപകമായ മഴ ലഭിക്കുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും സാധ്യത ഉണ്ട്. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കാലവർഷ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്നു തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നതിന്റെ സ്വാധീനത്താലാണു വ്യാപക മഴ പ്രതീക്ഷിക്കുന്നത്.

ഇന്നു രാത്രി 11.30 വരെ വിഴിഞ്ഞം മുതൽ കാസർകോട് വരെ  തീരക്കടലിൽ മൂന്നര മുതൽ നാലു മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത ഉണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ല. അതേസമയം, ഒഡീഷ തീരത്തിനു മുകളിലായി നിലനിന്നിരുന്ന ശക്തി കൂടിയ ന്യൂനമർദം പടിഞ്ഞാറു വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശതീവ്ര ന്യൂനമർദമായി തീർന്നതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

ക്യാംപുകളിൽ 9263 പേർ

തിരുവനന്തപുരം∙ സംസ്ഥാനത്ത് മഴക്കെടുതിയെത്തുടർന്ന് ക്യാംപുകളിലേക്കു മാറ്റിപ്പാർപ്പിച്ചവരുടെ എണ്ണം 9263 ആയി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലൊഴികെ ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. മറ്റു ജില്ലകളിൽ 203 ക്യാംപുകളിലായി 2953 കുടുംബങ്ങളാണുള്ളത്. ആലപ്പുഴ ജില്ലയിലാണ് ഏറ്റവുമധികം ക്യാംപുകൾ; 45.

English Summary: More dams about to be opened

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com