ADVERTISEMENT

പാലക്കാട് ∙ വാളയാറിൽ സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ തുടരന്വേഷണത്തിനു പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു. സഹോദരിമാർ പീഡനം സഹിക്കാനാവാതെ ജീവനൊടുക്കിയതാണെന്നു കാണിച്ചു സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചില്ല. തുടർന്നു സിബിഐയോടു തന്നെ വീണ്ടും അന്വേഷിക്കാൻ പാലക്കാട് ഫസ്റ്റ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി എൽ.ജയ്വന്ത് നിർദേശിക്കുകയായിരുന്നു. 

പെൺകുട്ടികളുടെ മരണം കൊലപാതകമല്ലെന്ന പൊലീസിന്റെ കണ്ടെത്തൽ ശരിവയ്ക്കുന്ന കുറ്റപത്രമാണ് സിബിഐയും സമർപ്പിച്ചത്. ഇതു സ്വീകരിക്കാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. മക്കളുടേതു കൊലപാതകമാണെന്നും സിബിഐ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അമ്മ ബോധിപ്പിച്ചിരുന്നു. 

പ്രതികളുടെ കസ്റ്റഡി ഈ മാസം 24 വരെ നീട്ടി. കേസ് അന്നു വീണ്ടും പരിഗണിക്കും. 2021 ഡിസംബർ 24നാണു സിബിഐ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കുട്ടിയുടെ അമ്മയ്ക്കു വേണ്ടി അഡ്വ. രാജേഷ് എം.മേനോൻ ഹാജരായി. 

2017 ജനുവരി 13നും മാർച്ച് നാലിനുമായാണു പതിമൂന്നും ഒ‍ൻപതും വയസ്സുള്ള സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ചത്.  പ്രതികൾ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചതിൽ മനംനൊന്താണു കുട്ടികൾ ആത്മഹത്യ ചെയ്തതെന്നാണു കണ്ടെത്തിയത്. കേസിൽ പ്രതികളെ വിട്ടയച്ച പോക്സോ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു.

∙ ‘കോടതിനടപടിയിൽ സന്തോഷമുണ്ട്. മക്കൾക്കു നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. കൊലപാതകം തന്നെയെന്നു തെളിയിക്കപ്പെടുമെന്നാണു വിശ്വാസം. കേസിന്റെ ഒരു ഘട്ടത്തിലും കൊലപാതകസാധ്യത അന്വേഷിക്കാൻ സിബിഐ തയാറായില്ല. കേരളത്തിനു പുറത്തുനിന്നുള്ള പുതിയ സിബിഐ സംഘത്തെ അന്വേഷണം ഏൽപിക്കണം.’ – വാളയാർ പെൺകുട്ടികളുടെ അമ്മ

English Summary: CBI will re-investigate Walayar POCSO case, Court rejects CBI charge sheet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com