ADVERTISEMENT

തേക്കടി ∙ സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ നിർണയിച്ച കോടതി ഉത്തരവു സംബന്ധിച്ച് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുമെന്നു കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. ലോക ആനദിനത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. 

വിധിയുമായി ബന്ധപ്പെട്ട പൊതുജനാഭിപ്രായ ശേഖരണം കേന്ദ്ര സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ യഥാർഥ സാഹചര്യങ്ങൾ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താനാവുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇടുക്കിയിൽ വന്യജീവി ആക്രമണം വർധിക്കുന്നതു ശ്രദ്ധയിൽപെട്ടതായി ഭൂപേന്ദർ യാദവ് പറഞ്ഞു. കാട്ടുപന്നികളെ കൊല്ലുന്നതിനെപ്പറ്റി 2021ൽത്തന്നെ മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്.  

അഴകാന... ലോക ആനദിന ആഘോഷ പരിപാടിയി‍ൽ പങ്കെടുക്കാൻ തേക്കടിയിലെത്തിയ കേന്ദ്ര വനം–പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബെ ചടങ്ങിൽ തനിക്കു സമ്മാനമായി ലഭിച്ച ആനശിൽപത്തെ കൗതുകത്തോടെ തലോടുന്നു. കേന്ദ്ര വനം–പരിസ്ഥിതി മന്ത്രി 
ഭൂപേന്ദർ യാദവ് സമീപം.  ചിത്രം: മനോരമ
അഴകാന... ലോക ആനദിന ആഘോഷ പരിപാടിയി‍ൽ പങ്കെടുക്കാൻ തേക്കടിയിലെത്തിയ കേന്ദ്ര വനം–പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബെ ചടങ്ങിൽ തനിക്കു സമ്മാനമായി ലഭിച്ച ആനശിൽപത്തെ കൗതുകത്തോടെ തലോടുന്നു. കേന്ദ്ര വനം–പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് സമീപം. ചിത്രം: മനോരമ

ഈ പ്രശ്നത്തിനു പരിഹാരം കാണാൻ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്‌ഷൻ 11 പ്രകാരം കേരളത്തിലെ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകിയിട്ടുണ്ട്. ഈ അധികാരം ഉപയോഗിച്ച്  അദ്ദേഹം പരിഹാരം കാണുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അതിനുള്ള നിർദേശം താൻ നൽകിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മന്ത്രി ശശീന്ദ്രൻ വിട്ടുനിന്നു; വിവാദം

തിരുവനന്തപുരം ∙ ബഫർസോൺ വിഷയത്തിൽ സുപ്രീം കോടതി ഉത്തരവിന്റെ പേരിൽ ആശങ്ക നിലനിൽക്കുന്നതിനിടെ, കേന്ദ്ര വനം–പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പങ്കെടുത്ത തേക്കടിയിലെ പരിപാടിയിൽ സംസ്ഥാന വനം മന്ത്രി എ.കെ.ശശീന്ദ്രൻ പങ്കെടുക്കാത്തതു ചർച്ചയാകുന്നു. 

കേരളത്തിന്റെ ആശങ്കകൾ ഒരിക്കൽ കൂടി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താനും അവതരിപ്പിക്കാനുള്ള അവസരമാണ് മന്ത്രി പാഴാക്കിയതെന്നാണ് ആരോപണം. അതേസമയം, വിഷയം പല തവണ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടു‍ത്തി ചർച്ച ചെയ്തിട്ടുണ്ടെന്നും അസൗകര്യത്താലാണ് പങ്കെടുക്കാൻ കഴിയാത്തതെന്നുമാണ് മന്ത്രി ശശീന്ദ്രന്റെ വിശദീകരണം. ഇന്നലെ തലസ്ഥാനത്തായിരുന്നു മന്ത്രി ശശീന്ദ്രൻ. കേന്ദ്രമന്ത്രി തേക്കടിയിൽ നടത്തിയ പരാമർശത്തെ സ്വാഗതം ചെയ്ത് മന്ത്രി വൈകിട്ട് പത്രക്കുറിപ്പ് ഇറക്കിയിരുന്നു.  

English Summary: Minister Bhupendra Yadav on buffer zone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com