ലോകായുക്ത ഭേദഗതി: ബദലുമായി സിപിഐ; ‘സർക്കാരിനു കീഴ്പ്പെടുന്നത് അംഗീകരിക്കില്ല’

HIGHLIGHTS
  • സർക്കാരിനു പകരം ഉന്നത സമിതിയുടെ തീർപ്പിനു വിടണമെന്ന് നിർദേശം
  • നിയമസഭാ സമ്മേളനത്തിനു മുൻപ് സിപിഎം– സിപിഐ ചർച്ച
pinarayi-vijayan-and-kanam-rajendran
പിണറായി വിജയൻ, കാനം രാജേന്ദ്രൻ
SHARE

തിരുവനന്തപുരം ∙ ലോകായുക്ത ബില്ലിലെ തർക്ക വിഷയമായ 14–ാം വകുപ്പു ഭേദഗതി സംബന്ധിച്ച് സിപിഐ ബദൽ നിർദേശം വയ്ക്കും. ലോകായുക്തയുടെ തീർപ്പ് തള്ളാൻ സർക്കാരിന് അധികാരം നൽകുന്നതിനു പകരം സ്വതന്ത്ര സ്വഭാവമുള്ള ഉന്നതസമിതിയുടെ പരിഗണനയ്ക്കു വിടണമെന്നാണ് നിർദേശം. ഇതിൽ സർക്കാരും സിപിഎമ്മും എടുക്കുന്ന നിലപാടിനെ ആശ്രയിച്ചാകും ബില്ലിന്റെ ഭാവി. 

അഴിമതിക്കെതിരായ പ്രതീകമായി ഇടതുപക്ഷം കണക്കാക്കുന്ന ലോകായുക്ത സംവിധാനം സർക്കാരിനു കീഴ്പ്പെടുന്ന വ്യവസ്ഥ സിപിഐ അംഗീകരിക്കില്ല. അതേസമയം, പഴയ ബില്ലിൽ ഒരു മാറ്റവും പാടില്ലെന്ന സമീപനവുമില്ല. നിയമസഭ 22നു ചേരുംമുൻപ് സിപിഎമ്മും സിപിഐയും ഇക്കാര്യം ചർച്ച ചെയ്യും. 20നു കൊല്ലത്തു ചേരുന്ന സിപിഐ നിർവാഹകസമിതി പാർട്ടി നിലപാട് ആലോചിക്കും. 

ലോകായുക്ത തീരുമാനം എന്തായാലും നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നാണ് 14–ാം വകുപ്പ് പറയുന്നത്. ഓർഡിനൻസിലൂടെ ഇതിലാണ് ഭേദഗതി കൊണ്ടുവന്നത്. അപ്പീൽ പോലും അനുവദിക്കാതെ ആരോപണവിധേയരെ അധികാര സ്ഥാനങ്ങളിൽനിന്നു നീക്കുന്നത് നീതിനിഷേധമാണെന്നു വാദിച്ചാണു സർക്കാരും സിപിഎമ്മും ഭേദഗതിക്കു മുതിർന്നത്. കുറ്റാരോപിതരുടെ ഹിയറിങ് നടത്തണമെന്നും ലോകായുക്ത തീരുമാനം സർക്കാരിനു തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നുമാണു ഭേദഗതി. 

ലോകായുക്ത എന്ന ജുഡീഷ്യൽ സംവിധാനത്തിന്റെ തീരുമാനം എക്സിക്യൂട്ടീവിനു തിരുത്താമെന്ന ആ ഭേദഗതിയോടു സിപിഐക്കു യോജിപ്പില്ല. പകരമാണ് സ്വതന്ത്ര സ്വഭാവമുള്ള ഉന്നതസമിതിയുടെ അന്തിമ തീർപ്പിനു വിടാമെന്ന നിർദേശം. ഇക്കാര്യത്തിൽ പാർട്ടി നിയമോപദേശവും തേടിയിരുന്നു. സമിതിയിൽ സർക്കാർ പ്രതിനിധിയുമുണ്ടാകും. സമിതിയുടെ സ്വഭാവവും ഘടനയും ബില്ലിൽ വ്യവസ്ഥ ചെയ്യണം. 

ഓർഡിനൻസ് ബിൽ ആകുന്ന സമയത്ത് മാറ്റം നിർദേശിക്കുമെന്നു സിപിഐ നേതൃത്വം നേരത്തേ വ്യക്തമാക്കിയിരുന്നു. നിലവിലെ ഓർഡിനൻസ് അതേപടി പാസാക്കണമെന്നു സിപിഎം ശഠിച്ചാൽ തർക്കം മൂർച്ഛിക്കാം. ഓർഡിനൻസുകളുടെ കാര്യം ചൂണ്ടിക്കാട്ടി ഒരുവശത്തു ഗവർണർ സമ്മർദം സൃഷ്ടിക്കുമ്പോൾ വിട്ടുവീഴ്ചയ്ക്കു സിപിഐയും തയാറാകുമെന്നാണു സിപിഎം കരുതുന്നത്. 1999 ൽ പാർട്ടിയുടെ സമുന്നത നേതാവ് ഇ.ചന്ദ്രശേഖരൻ നായർ നിയമമന്ത്രിയായിരിക്കെ കൊണ്ടുവന്ന ലോകായുക്ത വ്യവസ്ഥയിൽ പൂർണമായി വെള്ളം ചേർക്കാൻ കൂട്ടുനിന്നെന്ന പഴി പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന ഈ ഘട്ടത്തിൽ കേൾക്കാൻ സിപിഐ നേതൃത്വം പക്ഷേ, തയാറല്ല. 

English Summary: CPI alternative on Kerala Lok Ayukta amendment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}