ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രീയ ലക്ഷ്യത്തോടെ കൈവിട്ടുള്ള കളി ആരംഭിച്ചതായി സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കേന്ദ്ര ഏജൻസികളെയും ഗവർണർമാരെയും മറ്റു സംസ്ഥാനങ്ങളിൽ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നതിന്റെ തുടർച്ചയാണ് കേരളത്തിലെ സംഭവവികാസങ്ങൾ. തികച്ചും ജനാധിപത്യവിരുദ്ധമായ സമീപനമാണ് ഗവർണറുടേതെന്നു  സംസ്ഥാനകമ്മിറ്റി യോഗത്തിനു ശേഷം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.

ഗവർണർ തന്നെ നേരത്തെ പാസാക്കിയ ഓർഡിനൻസുകളാണ് അദ്ദേഹം തടഞ്ഞുവച്ചത്. വായിക്കാൻ സമയം കിട്ടിയില്ല എന്നെല്ലാമാണ് പറയുന്നത്. ഏതെങ്കിലും ഒരു ഓർഡിനൻസിന്റെ കാര്യത്തിൽ  അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ മനസ്സിലാക്കാം. എന്നാൽ പതിനൊന്നും പോകട്ടെ എന്നാണോ അദ്ദേഹത്തിന്റെ മനോഭാവമെന്നു സംശയിക്കണം. ഇത് സാധാരണ ഉണ്ടാകാത്ത ദുരൂഹമായ സമീപനമാണ്. 

എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ പലതരം ശ്രമം നടക്കുന്നു. കേന്ദ്രസർക്കാർ സാമ്പത്തികമായി  പലതരത്തിൽ കേരളത്തെയും അതിന്റെ വികസന പ്രവർത്തനങ്ങളെയും ഞെരുക്കുന്നു. മുഖ്യമന്ത്രിക്കെതിരെ കടന്നാക്രമണം നടക്കുന്നു. കിഫ്ബി പ്രവർത്തനം തടസ്സപ്പെടുത്താൻ  ലക്ഷ്യമിട്ടാണ്  തോമസ് ഐസക്കിനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. 

ഇക്കാര്യത്തിൽ ഹൈക്കോടതി ശരിയായ നിലപാടാണ് എടുത്തത്. സർക്കാരിനെ ലക്ഷ്യമിട്ടുളള നീക്കങ്ങൾക്കെതിരെ വിപുലമായ പ്രചാരണപരിപാടികൾ സംഘടിപ്പിക്കും. ഇഡിക്കെതിരെ യോജിച്ച സമരത്തിന് കോൺഗ്രസ് തയാറാണെങ്കിൽ സിപിഎം ഒരുക്കമാണ്. 

ലോകായുക്ത ബിൽ: സിപിഐയുമായി ചർച്ച നടത്തും

∙ ലോകായുക്ത: നിയമസഭയി‍ൽ ബിൽ അവതരിപ്പിക്കുന്നതിനു മുൻപായി സിപിഐയുമായി ചർച്ച നടത്തും. ഹൈക്കോടതിക്കോ സുപ്രീംകോടതിക്കോ ഇല്ലാത്ത അധികാരം ലോകയുക്തയ്ക്കു നൽകുന്നത് ഒഴിവാക്കുകയാണ് ഭേദഗതിയിലൂടെ ചെയ്തത്. സിപിഐക്കു വിയോജിപ്പ് ഉണ്ടെങ്കിൽ എൽഡിഎഫ് പരിശോധിക്കും.

∙ കോഴിക്കോട് മേയർ:  തെറ്റു പറ്റിയതായി മേയർ തന്നെ സമ്മതിച്ചിട്ടുണ്ട്. ബാലഗോകുലം പരിപാടിയിൽ അവർ പങ്കെടുത്തതിനെ ജില്ലാസെക്രട്ടറി തളളിപ്പറഞ്ഞു. അതു തന്നെ ഒരു പാർട്ടി നടപടിയാണ്. 

അവർ അധ്യാപിക ആയിരുന്നു. രാഷ്ട്രീയമായ പരിചയക്കുറവുണ്ട്. നാട്ടിൽ വിളിക്കുന്ന എല്ലാ പരിപാടിക്കും പങ്കെടുക്കണം എന്നാണ് ചില മേയർമാരുടെ ധാരണ. അങ്ങനെ ആർഎസ്എസ് പരിപാടിക്കു പോയ ഇതിലും വലിയ നേതാവായ പത്മലോചനനെതിരെ വരെ സിപിഎം നടപടി എടുത്തിട്ടുണ്ട്. 

∙ കുഞ്ചാക്കോ ബോബന്റെ സിനിമ: പരസ്യത്തിന്റെ പേരിൽ സിനിമ ബഹിഷ്കരിക്കാൻ സിപിഎം ആഹ്വാനം ചെയ്തിട്ടില്ല. ഫെയ്സ്ബുക്കിൽ എഴുതുന്നതെല്ലാം സിപിഎമ്മിന്റെ അഭിപ്രായമല്ല. 

അങ്ങനെ ഉള്ളവർ പാർട്ടിക്കു ബാധ്യതയല്ല. പാർട്ടി നിലപാട് ലംഘിച്ചാൽ അങ്ങനെയുള്ള  പാർട്ടി അംഗങ്ങൾക്കെതിരെ നടപടി ഉണ്ടാകും. വിവാദം മൂലം സിനിമയ്ക്ക് ആളു കൂടി. 

∙ കർക്കടകവാവുബലി: പി.ജയരാജൻ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിൽ പാർട്ടി വിരുദ്ധമായ രണ്ടു കാര്യം ഉണ്ടായിരുന്നു. അത് അദ്ദേഹം തന്നെ സമ്മതിക്കുകയും പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.

English Summary: CPM secretary Kodiyeri Balakrishnan press meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com