ADVERTISEMENT

കൊച്ചി ∙ സ്വത്ത് ഉൾപ്പെടെ തികച്ചും സ്വകാര്യ വിവരങ്ങളുടെ രേഖകൾ അന്വേഷണത്തിന്റെ തുടക്കത്തിൽതന്നെ ഹാജരാക്കാൻ മുൻമന്ത്രി തോമസ് ഐസക്കിനോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആവശ്യപ്പെട്ടത് എന്തുകൊണ്ടാണെന്നു വിശദീകരിക്കാൻ ഹൈക്കോടതി നിർദേശം നൽകി. വിശദീകരണത്തിന് ഇഡിയുടെ അഭിഭാഷകൻ സമയം തേടിയതിനെത്തുടർന്നു ഹർജി 17ന് പരിഗണിക്കാൻ മാറ്റി. സമൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ഐസക് നൽകിയ ഹർജിയാണ് ജസ്റ്റിസ് വി.ജി.അരുൺ പരിഗണിച്ചത്. തോമസ് ഐസക്ക് പ്രതിയല്ലെന്നും അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കില്ലെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്.

തന്റെയും കുടുംബാംഗങ്ങളുടെയും ഇന്ത്യയിലും വിദേശത്തുമുള്ള പണമിടപാടുകൾ, സ്ഥാവര ജംഗമ വസ്തുക്കൾ ഉൾപ്പെടെ വ്യക്തിപരമായ സ്വത്ത് വിവരങ്ങളുടെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തോമസ് ഐസക് അറിയിച്ചു. കുറ്റം എന്താണെന്നു വ്യക്തമാക്കാതെയാണ് സമൻസ് നൽകിയതെന്നും അദ്ദേഹത്തിനുവേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ സിദ്ധാർഥ് ദവെ വാദിച്ചു. 

സമൻസ് അയയ്ക്കാൻ പ്രതിയോ, പ്രതിയെന്നു സംശയിക്കുന്നയാളോ ആകണമെന്നില്ലെന്നു സാക്ഷിക്കും സമൻസ് നൽകാമെന്നും കോടതി ചൂണ്ടിക്കാട്ടി. ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നതെന്നും രേഖകൾ പരിശോധിക്കേണ്ടതുണ്ടെന്നും ഇഡി അഭിഭാഷകൻ പറഞ്ഞു

ആവശ്യപ്പെട്ടത് 10 വർഷത്തെ വിവരം

കൊച്ചി ∙ ഇന്ത്യയിലും വിദേശത്തും തോമസ് ഐസക്കിനും കുടുംബാംഗങ്ങൾക്കുമുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും കഴിഞ്ഞ 10 വർഷത്തെ വിവരങ്ങൾ ഉൾപ്പെടെ വ്യാഴാഴ്ച ഹാജരാക്കാനാണ് ഇഡി ആവശ്യപ്പെട്ടിരുന്നത്. ജൂലൈ 19 ന് ഹാജരാക്കാനായി നൽകിയ ആദ്യ സമൻസിൽ ആധാർ, പാൻ കാർഡ് പകർപ്പ്, പാസ്പോർട്ട്, ഫോട്ടോ, മസാല ബോണ്ട് ഇഷ്യു ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ എന്നിവ മാത്രമാണു നിർദേശിച്ചത്. ഇതിനു പുറമേയാണു മറ്റു വിവരങ്ങളും ഹാജരാക്കാൻ രണ്ടാമത്തെ സമൻസിൽ നിർദേശിച്ചത്.

ഇന്ത്യയിലും വിദേശത്തും തോമസ് ഐസക്കിനും കുടുംബാംഗങ്ങൾക്കുമുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ വിവരങ്ങൾ, ബന്ധപ്പെട്ട രേഖകൾ, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ തോമസ് ഐസക്കും  കുടുംബാംഗങ്ങളും വിൽക്കൽ, വാങ്ങൽ നടത്തിയ സ്വത്തുക്കളുടെ വിവരങ്ങൾ, അതിനുള്ള പണത്തിന്റെ സ്രോതസ്സ്, 10 വർഷത്തിനിടെ നടത്തിയ വിദേശയാത്രകൾ, അതിന്റെ ഉദ്ദേശ്യം, ലഭിച്ച വരുമാനം, ഡയറക്ടറോ പാർട്നറോ ആയിരിക്കുന്ന ഇന്ത്യയിലും വിദേശത്തുമുള്ള കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കൾ, കമ്പനിയുടെ രേഖകൾ, ഡയറക്ടർ/പാർട്നർ ആയ കമ്പനികളിൽ 10 വർഷത്തിനിടെ വിദേശത്തുനിന്നു ലഭിച്ച പണം, വിദേശത്തേക്ക് അയച്ച പണം, ബന്ധപ്പെട്ട രേഖകൾ, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയവ ഹാജരാക്കാനാണ് നിർദേശിച്ചത്.  

ഇഡിക്കെതിരെ സതീശൻ

തിരുവനന്തപുരം ∙ കിഫ്ബിയുടെ മസാല ബോണ്ട് ഇടപാട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നതിൽ വിയോജിപ്പുണ്ടെന്നും അത് ഇഡിയുടെ അധികാര പരിധിയിൽ വരില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തോമസ് ഐസക്കിന് ഇഡി അയച്ച സമൻസിന് ഒരു പ്രസക്തിയുമില്ല. ഈ വിഷയത്തിൽ ഇപ്പോഴാണു താൻ അഭിപ്രായം പറയുന്നത്. പ്രതിപക്ഷം ഇഡിക്കൊപ്പമെന്നു തോമസ് ഐസക് ആരോപിച്ചത് എന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ല. അതേസമയം, കിഫ്ബി സർക്കാരിന്റെ ബാധ്യതയായി മാറുമെന്നും സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയിൽ വരുമെന്നുമുള്ള പ്രതിപക്ഷ നിലപാടിൽ മാറ്റമില്ലെന്നു സതീശൻ പറഞ്ഞു.

ഹർജി നിലനിൽക്കുമോ?

കൊച്ചി ∙ കിഫ്ബിയുടെ വിശ്വാസ്യത തകർക്കാനാണ് ഇഡിയുടെ നടപടികൾ എന്നാരോപിച്ച് 5 ഇടതുപക്ഷ എംഎൽഎമാർ നൽകിയ പൊതുതാൽപര്യ ഹർജി ഈ ഘട്ടത്തിൽ നിലനിൽക്കുമോയെന്നു ഹൈക്കോടതി ആരാഞ്ഞു. ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി വിധി പറയാനായി മാറ്റി. സമൻസ് ലഭിച്ചവർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുകയല്ലേ വേണ്ടതെന്നും കോടതി ആരാഞ്ഞു. കെ.കെ. ശൈലജ, ഇ.ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, ഐ.ബി.സതീഷ്, എം.മുകേഷ് എന്നിവരാണ് ഹർജി നൽകിയത്. ഹർജി ഫയലിൽ സ്വീകരിക്കാതെയാണു വിധി പറയാൻ മാറ്റിയിരിക്കുന്നത്. 

സർക്കാരിനെ കുഴപ്പത്തിലാക്കാൻ ഇഡി കളമൊരുക്കുന്നു: ഐസക്

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിനെ സാമ്പത്തിക കുഴപ്പത്തിലേക്കു തള്ളിവിടാനുള്ള അന്തരീക്ഷമൊരുക്കുകയാണ് ഇഡിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്നു മുൻമന്ത്രി ടി.എം.തോമസ് ഐസക്. കിഫ്ബിയിൽ നിയമലംഘനമുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കേണ്ടതു റിസർവ് ബാങ്ക് ആയിരുന്നു. ഇതുവരെ അവർ അതു ചെയ്തിട്ടില്ല. ഏകപക്ഷീയമായി രണ്ടു സമൻസ് അയച്ചു. രണ്ടിലും എന്താണ് കുറ്റമെന്നു പറയുന്നില്ല. 

ഫെമ നിയമപ്രകാരമാണു സമൻസ് എന്ന് പറയുന്നു. താനോ, കിഫ്ബിയോ ഫെമ ലംഘിച്ചോ? എങ്കിൽ ആദ്യം ചൂണ്ടിക്കാണിക്കേണ്ടത് ആർബിഐ അല്ലേ? ഒന്നരവർഷത്തിലേറെയായി ഇഡി അന്വേഷണം നടത്തുന്നുണ്ട്. സിഇഒ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെയെല്ലാം പലവട്ടം വിളിച്ചുവരുത്തി. എവിടെയെങ്കിലും എന്തെങ്കിലും തടഞ്ഞാൽ അന്വേഷിക്കാം എന്ന നിലയ്ക്കുള്ള അന്വേഷണ പര്യടനമാണ് ഇഡി നടത്തുന്നത്. പ്രതിപക്ഷം ഇഡിക്കൊപ്പം ചേർന്നിരിക്കുകയാണെന്നും ഐസക് ആരോപിച്ചു.  

English Summary: High Court to enforcement directorate regarding Thomas Issac

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com