ADVERTISEMENT

തൃശൂർ ∙ മരിച്ച ഇടപാടുകാരുടെ വിവരങ്ങൾ ദുരുപയോഗിച്ചു കരുവന്നൂർ സഹകരണ ബാങ്കിൽ വ്യാജ വായ്പകൾ പാസാക്കി പണം തട്ടിയതിന്റെ രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെടുത്തു. ബാങ്കിൽ 24 മണിക്കൂറോളം നീണ്ട റെയ്ഡിനിടെ പിടിച്ചെടുത്ത ആയിരത്തോളം രേഖകളുടെ പ്രാഥമിക പരിശോധനയിലാണു തട്ടിപ്പു സംബന്ധിച്ച തെളിവുകൾ ലഭിച്ചത്. ഇല്ലാത്തയാളുകളുടെ പേരിൽ വിലാസവും ഈടുരേഖകളും വ്യാജമായി ചമച്ചു വായ്പത്തട്ടിപ്പു നടത്തിയെന്നും വ്യക്തമായി. 

ബാങ്കിൽ നിന്നു വർഷങ്ങൾക്കു മുൻപു നിയമാനുസൃതം വായ്പയെടുക്കുകയും തിരിച്ചടയ്ക്കുകയും ചെയ്ത ചില ഇടപാടുകാർ പിന്നീടു മരിച്ചിരുന്നു. ഇവർ മുൻപു സമർപ്പിച്ചിരുന്ന ഈടുരേഖകളുടെ പകർപ്പ് ഉപയോഗിച്ചു പുതിയ വായ്പകൾ പാസാക്കി പണം തട്ടി.

വ്യാജ അക്കൗണ്ടുകളും വ്യാജ രേഖകളും കണ്ടെടുത്തു

തൃശൂർ ∙ കരുവന്നൂർ സഹകരണ ബാങ്കിൽ നിസ്സാര മതിപ്പുവില മാത്രമുള്ള 14 സെന്റ് ഭൂമിയുടെ ആധാരം കാട്ടി 3 കോടി രൂപ വായ്പ പാസാക്കിയതിന്റെ രേഖയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തി. രണ്ടാം പ്രതിയും ബാങ്കിന്റെ മുൻ മാനേജരുമായ ബിജു കരീം അടുത്ത ബന്ധുവിന്റെ പേരിൽ രണ്ടരക്കോടി രൂപയുടെ വായ്പ പാസാക്കിയതിന്റെ രേഖയും പിടികൂടി.

ഒട്ടേറെ വ്യാജ അക്കൗണ്ടുകൾ, ഇവ തുടങ്ങാനുപയോഗിച്ച വ്യാജ രേഖകൾ എന്നിവയും കണ്ടെടുത്തു. ഇന്നലെ പുലർച്ചെ 5 വരെ ബാങ്കിനുള്ളിൽ മാത്രം നടത്തിയ പരിശോധനയിൽ കണ്ടെത്തിയ രേഖകളാണിത്.

പാടാകും; പണം തിരിച്ചുപിടിക്കൽ

ഓഡിറ്റ് റിപ്പോർട്ടിൽ 300 കോടിയുടെ വെട്ടിപ്പെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ 227 കോടിയുടെ ക്രമക്കേടെന്നും സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും കരുവന്നൂർ ബാങ്കിൽ നിന്നു തട്ടിച്ച പണം തിരികെയെത്തിക്കൽ അസാധ്യം. ഇഡി സംഘത്തിനും ക്രൈംബ്രാഞ്ചിനും പണമോ നിക്ഷേപ രേഖകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 

Content Highlight: Karuvannur Bank scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com