തിരുവനന്തപുരം ∙ മന്ത്രി പി.രാജീവിന്റെ യാത്രാ റൂട്ട് തെറ്റിച്ചെന്ന പേരിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. മന്ത്രിക്ക് അകമ്പടി പോയ എസ്ഐ എസ്.എസ്.സാബുരാജൻ , സീനിയർ സിവിൽ പൊലീസ് ഓഫിസർ എൻ.ജി.സുനിൽ എന്നിവർക്കാണു സസ്പെൻഷൻ. പള്ളിച്ചലിൽ നിന്ന് കരമന, കിള്ളിപ്പാലം വഴി അട്ടക്കുളങ്ങരയിൽ എത്തി, ഈഞ്ചയ്ക്കൽ ജംക്‌ഷനിൽ നിന്ന് ദേശീയപാത വഴി എറണാകുളത്തേക്കു പോകാനായിരുന്നു മന്ത്രിയുടെ ഓഫിസിന്റെ തീരുമാനം. എന്നാൽ, അകമ്പടി വാഹനം കിള്ളിപ്പാലം, തമ്പാനൂർ, ബേക്കറി ജംക്‌ഷനുകൾ വഴി ചാക്കയിൽ എത്തിയാണ് ദേശീയപാതയിൽ കടന്നത്. അട്ടക്കുളങ്ങരയിൽ നിന്നു ഈഞ്ചയ്ക്കലിലേക്കു നേരിട്ട് പോകുന്നതിനു പകരം തിരക്കേറിയ തമ്പാനൂർ–ബേക്കറി ജംക്‌ഷൻ– പേട്ട റൂട്ട് തിരഞ്ഞെടുത്തത് മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണു കണ്ടെത്തൽ.
English Summary: Suspension for Police Officers Who Changed Travel Route of Minister P Rajeev