ADVERTISEMENT

തിരുവനന്തപുരം ∙ പത്തനംതിട്ട മല്ലപ്പള്ളിയിലെ കോൺഗ്രസ് പൊതുയോഗത്തിലെ പ്രസംഗത്തിൽ താൻ സിപിഎം നേതാവ്  പി.കെ.ശ്രീമതിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എകെജി സെന്ററിലെ സ്ഫോടന ശബ്ദം കേട്ടു താൻ കിടുങ്ങിപ്പോയെന്നും ഇരുന്നിടത്തു നിന്ന് എഴുന്നേറ്റെന്നും ശ്രീമതി മാധ്യമങ്ങളോടു പറഞ്ഞ കാര്യം പരാമർശിക്കുകയാണു ചെയ്തത്. 

പ്രസംഗത്തിൽ അവരെ വേദനിപ്പിച്ച പരാമർശമുണ്ടെന്നു ബോധ്യപ്പെട്ടാൽ പിൻവലിച്ച് മാപ്പു പറയും. ഏതെങ്കിലും പ്രസംഗങ്ങളിൽ സ്ത്രീവിരുദ്ധമായതോ, വ്യക്തിപരമായി അധിക്ഷേപിക്കുന്നതോ ആയ പരാമർശമുണ്ടായാൽ പിൻവലിച്ചു മാപ്പുപറയണമെന്നത് കോൺഗ്രസിന്റെ പൊതുതീരുമാനമാണെന്നും സതീശൻ വ്യക്തമാക്കി. പത്തനംതിട്ടയിൽ ആസാദി കാ ഗൗരവ് പദയാത്രയോടനുബന്ധിച്ചു നടത്തിയ സമ്മേളനം മല്ലപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യുമ്പോൾ സതീശൻ നടത്തിയ പരാമർശമാണു വിവാദമായത്. 

പ്രസംഗം ഇങ്ങനെ: ‘സ്വർണക്കടത്തു കേസിൽ നിന്നു ശ്രദ്ധതിരിക്കാൻ രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചു. കു‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌റേ ദിവസം ആ വാർത്ത. അതിനു ശേഷം എകെജി സെന്ററിൽ ഓലപ്പടക്കം എറിഞ്ഞു. എന്താണു ചിറ്റപ്പൻ അന്നു പറഞ്ഞത്–ഓലപ്പടക്കം വീഴുന്നതിന് അര മണിക്കൂർ മുൻപേ വീട്ടിൽ നിന്നു പുറപ്പെട്ടു എന്ന്. 2 സ്റ്റീൽ ബോംബാണു വീണത്, കോൺഗ്രസുകാരാണ് എറിഞ്ഞത്. അപ്പോൾ മുകളിലിരുന്ന കിടുങ്ങാക്ഷിയമ്മ കസേരയിലിരുന്നു കിടുങ്ങി. വായിച്ചുകൊണ്ടിരുന്നപ്പോൾ വീഴാൻ പോയെന്നാണു പറഞ്ഞത്. ഇടിമുഴക്കത്തിനെക്കാൾ വലിയ ശബ്ദം. അതുകേട്ട് മാർക്സിസ്റ്റുകാർ കേരളത്തിലെ കോൺഗ്രസിന്റെ ഓഫിസുകൾ തല്ലിത്തകർത്തു. കലാപത്തിനു രണ്ടു പേർക്കുമെതിരെ കേസെടുക്കണമായിരുന്നു’. 

കിടുങ്ങാക്ഷിയമ്മ പരാമർശം പിൻവലിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാപ്പു പറയണമെന്ന് സിപിഐ നേതാവ് ആനി രാജ ഡൽഹിയിൽ പറഞ്ഞു. നിയമസഭയിലെ സ്ത്രീവിരുദ്ധ പരാമർശത്തിൽ സ്പീക്കറുടെ ചരിത്രപരമായ റൂളിങ് നിലനിൽക്കെ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നതു സഭയെയും പരിഹസിക്കുന്നതിനു തുല്യമാണെന്നും ആനി രാജ വിമർശിച്ചു.

English Summary: VD Satheesan Clarifies Statement Against PK Sreemathy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com