ADVERTISEMENT

തിരുവനന്തപുരം ∙ 2002 ലെ എസ്എസ്എൽസി ചോദ്യപ്പേപ്പർ അച്ചടി ക്രമക്കേടിൽ വിദ്യാഭ്യാസ മുൻ ഡപ്യൂട്ടി ഡയറക്ടർ, പരീക്ഷാഭവൻ മുൻ സെക്രട്ടറി എന്നിവരുൾപ്പെടെ മൂന്നു പ്രതികൾക്കു തടവും പിഴയും. വിദ്യാഭ്യാസ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ വി.സാനു, പരീക്ഷാ ഭവൻ മുൻ സെക്രട്ടറി എസ്.രവീന്ദ്രൻ, പ്രിന്റിങ് പ്രസ് ജീവനക്കാരി അന്നമ്മ ചാക്കോ എന്നിവരെയാണ് കുറ്റക്കാരെന്നു കണ്ടെത്തി തിരുവനന്തപുരം സിബിഐ കോടതി ശിക്ഷിച്ചത്.

2002 ഉൾപ്പെടെ മൂന്നു വർഷത്തെ എസ്എസ്എൽസിയുടെയും മറ്റു പരീക്ഷകളുടെയും ചോദ്യ പേപ്പർ അച്ചടി പുറം കരാർ നൽകിയതിലൂടെ സർക്കാരിന് 1.33 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നാണു കേസ്.

രണ്ടാം പ്രതി അന്നമ്മ ചാക്കോയ്ക്ക് അഞ്ചു വർഷവും നാലും ആറും പ്രതികളായ രവീന്ദ്രനും സാന‍ുവിനും നാലു വർഷവുമാണ് തടവു ശിക്ഷ. പ്രതികൾ 12.5 ലക്ഷം രൂപ പിഴയും അടയ്ക്കണം. ഒന്നാം പ്രതിയും ചെന്നൈയിലെ വിശ്വനാഥൻ പ്രസിന്റെ ജനറൽ മാനേജരുമായിരുന്ന രാജൻ ചാക്കോ, മൂന്നാം പ്രതിയും പ്രസ് ഉടമയുമായിരുന്ന സുബ്രഹ്മണ്യൻ, അഞ്ചാം പ്രതിയും പരീക്ഷാഭവൻ മുൻ സൂപ്രണ്ടുമായിരുന്ന സി.പി.വിജയൻ നായർ, ഏഴാം പ്രതി പരീക്ഷാ ഭവനിലെ മുൻ ക്ലാർക്ക് അജിത് കുമാർ എന്നിവർ നേരത്തെ മരിച്ചു. 

മുൻപ് കരാർ ലഭിച്ച കമ്പനികൾ ചേർന്നു രൂപീകരിച്ച ബെനാമി കമ്പനി, ഉദ്യോഗസ്ഥരുടെ സഹായത്തോടെ സർക്കാരിനെ പറ്റിച്ച് കരാർ നേടിയെടുക്കുകയായിരുന്നുവെന്നാണ് സിബിഐ കുറ്റപത്രം. 2005ൽ എസ്എസ്എൽസി ചോദ്യപ്പേപ്പർ ചോർച്ചയുണ്ടായപ്പോഴാണ് അന്വേഷണം ക്രൈംബ്രാഞ്ചിൽ നിന്ന് സിബിഐ ഏറ്റെടുത്തത്.  സിബിഐ ചോദ്യപ്പേപ്പർ ചോർച്ചയിലും അച്ചടി ക്രമക്കേടു സംബന്ധിച്ച കേസിലും രണ്ടു കുറ്റപത്രങ്ങൾ 2007ൽ സമർപ്പിച്ചു. 

അച്ചടി ക്രമക്കേട് കേസിൽ 9 പ്രതികളാണുണ്ടായിരുന്നത്. 2005 ലെ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ സഹോദരങ്ങളായ ബിന്ദു വിജയൻ, സിന്ധു രാജേന്ദ്രൻ എന്നിവരെ 2011 ൽ പ്രത്യേക സിബിഐ കോടതി ആറു വർഷം വീതം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.

English Summary: Accused in sslc question paper printing fraud punished

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com