ADVERTISEMENT

കോഴിക്കോട്∙ കോർപറേഷനിലെ പാസ്‌വേഡ് ചോർച്ചയും അനധികൃത നിർമാണങ്ങളും തട്ടിപ്പുകളും സ്ഥിരീകരിച്ച് ഓഡിറ്റ് വകുപ്പിന്റെ റിപ്പോർട്ട്. 2022 ജൂലൈയിൽ പുറത്തിറക്കിയ 2020–2021 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് കോർപറേഷൻ ഓഫിസിലെ ക്രമക്കേടുകൾ വ്യക്തമാക്കിയിരിക്കുന്നത്. കോർപറേഷനിൽ ആകെ എത്ര അനധികൃത നിർമാണങ്ങൾ ഉണ്ടെന്നുപോലും അധികൃതർക്ക് അറിയില്ലെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

ഓഡിറ്റ് വകുപ്പിന്റെ പ്രധാന കണ്ടെത്തലുകൾ 

∙ കോർപറേഷൻ നികുതി നിർണയം നടത്തുന്ന സഞ്ചയ സോഫ്റ്റ്‍വെയറിൽ ധാരാളം ക്രമക്കേടുകൾ നടത്താൻ അവസരമുണ്ട്. മുൻപു പരാതി ഉയർന്നപ്പോൾ ഇവ പരിഹരിച്ചെന്നു പറഞ്ഞെങ്കിലും പരിഹരിക്കപ്പെട്ടില്ല. ഇതു പാസ്‌വേഡ് ചോർച്ചയ്ക്ക് ഇടയാക്കി. 

∙ വിവിധ വാർഡുകളിലെ അനധികൃത നിർമാണം സംബന്ധിച്ച റജിസ്റ്ററുകൾ പൂർണമല്ല. മൂന്നോ നാലോ വാർഡുകളിലെ അനധികൃത നിർമാണങ്ങൾ എല്ലാം ചേർത്ത് ഒറ്റ റജിസ്റ്ററിലാണു രേഖപ്പെടുത്തുന്നത്. 

∙ ധാരാളം വാണിജ്യ കെട്ടിടങ്ങൾക്കു നമ്പർ ഇടുന്നുണ്ട്. എന്നാൽ ഇവയിൽ എന്തൊക്കെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട് തുടങ്ങിയ വിവരങ്ങൾ ഒന്നും തൊഴിൽ നികുതി വിഭാഗത്തിൽ ലഭ്യമല്ല. 

∙ നികുതി–നികുതിയിതര വരുമാനം പൂർണമായും പിരിച്ചെടുക്കേണ്ട റവന്യു വകുപ്പ് ഈ കണക്കുകളൊന്നും കൃത്യമായ സൂക്ഷിക്കുന്നില്ല. 

∙ കെട്ടിട നികുതി, തൊഴിൽ നികുതി, സേവന ഉപനികുതി എന്നിവ കൃത്യമായി പിരിച്ചെടുക്കുന്നില്ല.

∙അനധികൃത കെട്ടിടങ്ങൾക്കെതിരെ എന്തു നടപടി സ്വീകരിച്ചു എന്നതിന്റെ വിവരങ്ങളില്ല. ഇത്തരം കെട്ടിടങ്ങളിൽ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടില്ല എന്ന ചട്ടം ലംഘിച്ച് പലയിടത്തും സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. ഇതു കണ്ടെത്താനോ നടപടിയെടുക്കാനോ കോർപറേഷൻ തയാറായിട്ടില്ല. 

∙ ബേപ്പൂർ കാര്യാലയത്തിനു കീഴിലെ 3194 കെട്ടിടങ്ങൾ വാണിജ്യ ആവശ്യത്തിന് അനുവദിച്ചിട്ടുണ്ട്. എന്നാൽ 1228 സ്ഥാപനങ്ങളിൽ നിന്നു മാത്രമാണ് തൊഴിൽ നികുതി ഈടാക്കുന്നത്. അവശേഷിക്കുന്നവയിൽ 1758 കെട്ടിടങ്ങളിൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആ സ്ഥാപനങ്ങളിൽ നിന്നോ അവയിലെ തൊഴിലാളികളിൽ നിന്നോ തൊഴിൽ നികുതി ഈടാക്കുന്നില്ല. 

ബസ് സ്റ്റാൻഡുകളുടെ ലേലം: നഷ്ടം 20 ലക്ഷം. 

കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട്, ബേപ്പൂർ ബസ് സ്റ്റാൻഡുകൾ നടത്തിപ്പിനു ലേലം ചെയ്ത വകയിൽ കോർപറേഷന് 20 ലക്ഷത്തിലേറെ രൂപ നഷ്ടമുണ്ടായതായി ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

കോഴിക്കോട് നഗരത്തിലെ പുതിയ സ്റ്റാൻഡ് 2020–2021 വർഷം ലേലം ചെയ്ത വകയിൽ മാത്രം 18.60 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 2020–2021 വർഷത്തിൽ 31 ലക്ഷം രൂപയ്ക്കാണ് ബസ് സ്റ്റാൻഡ് ലേലം ചെയ്തത്. ഇതിൽ പകുതി തുക ലൈസൻസി ആദ്യം അടച്ചു. ബാക്കി തുക അടച്ചില്ല. പിന്നീട് കോവിഡ് കാലത്ത് ബസ് സർവീസ് നിലച്ചതോടെ ഇയാൾ അടച്ച തുക തിരികെ ആവശ്യപ്പെട്ടു. 

ഇയാളിൽ നിന്ന് ബാങ്ക് ഗ്യാരന്റി വാങ്ങിയിരുന്നില്ല. ഇതുമൂലം കോർപറേഷനു കുടിശിക തുക ഈടാക്കാൻ കഴിയാത്ത അവസ്ഥയായി. എന്നു മാത്രമല്ല ഇയാളെക്കൊണ്ട് കുടിശിക അടപ്പിക്കുന്നതിനു പകരം കോവിഡിന്റെ പേരിൽ ഇയാൾക്ക് ചട്ടവിരുദ്ധമായി തുക റീ ഫണ്ട് ചെയ്തു കൊടുക്കാകനും അതു സംബന്ധിച്ചു സർക്കാരിനോട് അപേക്ഷിക്കാനുമാണ് കോർപറേഷൻ പ്രാധാന്യം നൽകിയത്. ഇക്കാര്യത്തിൽ കോർപറേഷന്റെ ഭാഗത്തു നിന്ന് മനഃപൂർവമായ വീഴ്ചയുണ്ടായി. ഇതിൽ ഉത്തരവാദികളിൽ നിന്ന് തുക ഈടാക്കാൻ നടപടി സ്വീകരിക്കണം. ബേപ്പൂർ ബസ് സ്റ്റാൻഡ് ലേലം ചെയ്ത വകയിലും സമാന രീതിയിൽ 2.24 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.

English Summary: Audit reports finds details of password scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com