കുടുങ്ങി, വിഴുങ്ങി; വിവാദ കശ്മീർ പരാമർശം പിൻവലിച്ച് കെ.ടി.ജലീൽ

HIGHLIGHTS
  • ഇന്നലെ രാവിലെയും ന്യായീകരണം; പാർട്ടി ഇടപെട്ടതോടെ നിലപാട് മാറ്റി
  • ജലീലിനെ തള്ളിപ്പറഞ്ഞ് മന്ത്രി ഗോവിന്ദൻ; പ്രതികരിക്കാതെ മുഖ്യമന്ത്രി
kt-jaleel-3
കെ.ടി. ജലീൽ
SHARE

തിരുവനന്തപുരം ∙ കശ്മീരുമായി ബന്ധപ്പെട്ട വിവാദ പരാമർശം മുൻമന്ത്രിയും എംഎൽഎയുമായ കെ.ടി.ജലീൽ പിൻവലിച്ചു. സിപിഎം കണ്ണുരുട്ടുകയും കേരളത്തിലും പുറത്തും നിയമനടപടികൾക്കു വഴിയൊരുങ്ങുകയും ചെയ്തതോടെയാണു ചുവടുമാറ്റം.കഴിഞ്ഞ ദിവസത്തെ ഫെയ്സ്ബുക് കുറിപ്പിൽ പാക്ക് അധിനിവേശ കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്നും കശ്മീർ താഴ്‌വരയെയും ജമ്മുവിനെയും ലഡാക്കിനെയും ചേർത്ത് ‘ഇന്ത്യൻ അധീന കശ്മീർ’ എന്നും ജലിൽ വിശേഷിപ്പിച്ചിരുന്നു. 

ഇന്നലെ രാവിലെ മറ്റൊരു കുറിപ്പിലൂടെ ഇതിനെ ന്യായീകരിച്ച ജലീൽ, വൈകിട്ടോടെ ഖേദം പ്രകടിപ്പിക്കുകയായിരുന്നു. തന്റെ പരാമർശങ്ങൾ ദുർവ്യാഖ്യാനം ചെയ്തതാണെന്ന ന്യായീകരണത്തിന് അപ്പോഴും മുതിർന്നു. വിവാദമായ ആദ്യ കുറിപ്പിലെ പരാമർശങ്ങൾ എഡിറ്റ് ചെയ്തു തിരുത്തുകയും ചെയ്തു. രാജ്യദ്രോഹക്കേസ് ചുമത്തി ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ബിജെപിയുടെ കശ്മീർ ഘടകം രംഗത്തെത്തി.

വിശേഷണങ്ങൾ അനുചിതമായെന്നു സിപിഎം വിലയിരുത്തി. പാർട്ടി കേന്ദ്രത്തിൽനിന്നു ജലീലിനു തിരുത്തൽ നിർദേശം ലഭിക്കുകയും ചെയ്തു. മുഖ്യമന്ത്രിയോ സിപിഎം നേതൃത്വമോ ഔദ്യോഗിക പ്രതികരണത്തിനു തയാറായില്ല. സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ മന്ത്രി എം.വി.ഗോവിന്ദൻ കണ്ണൂരിൽ ജലീലിനെ തള്ളിപ്പറഞ്ഞു.

കശ്മീർ വിഷയത്തിൽ സിപിഎമ്മിനു പ്രഖ്യാപിത നിലപാടുണ്ടെന്നും അതിൽനിന്ന് ആരും വ്യതിചലിക്കില്ലെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പിന്നാലെ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. നിയമസഭാ സമിതിയുടെ ഭാഗമായുള്ള കശ്മീർ സന്ദർശനത്തിലെ പ്രതികരണത്തിന്റെ ഉത്തരവാദിത്തത്തിൽനിന്നു സപീക്കർക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ പ്രതികരിച്ചു.

പറഞ്ഞതും തിരുത്തിയതും

∙ വെള്ളിയാഴ്ച

പാക്കിസ്ഥാനോടു ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം ‘ആസാദ് കശ്മീർ’ എന്നറിയപ്പെടുന്നു. ജമ്മുവും കശ്മീർ താ‌ഴ്‌വരയും ലഡാക്കും അടങ്ങിയ ഭാഗങ്ങളാണ് ‘ഇന്ത്യൻ അധീന കശ്മീർ’.

∙ ഇന്നലെ രാവിലെ

ഡബിൾ ഇൻവേർട്ടഡ് കോമയിൽ ആസാദ് കശ്മീർ എന്നെഴുതിയാൽ അതിന്റെ അർഥം മനസ്സിലാകാത്തവരോട് സഹതാപം മാത്രം.

∙ ഇന്നലെ വൈകിട്ട്

കശ്മീർ സന്ദർശിച്ചപ്പോൾ ഞാനെഴുതിയ കുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തിയത് ശ്രദ്ധയിൽപെട്ടു. ഞാൻ ഉദ്ദേശിച്ചതിനു വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത കുറിപ്പിലെ വരികൾ നാടിന്റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിൻവലിച്ചതായി അറിയിക്കുന്നു.

(ആദ്യ പോസ്റ്റിൽനിന്ന് ‘ആസാദ് കശ്മീർ’ എന്നു പറയുന്ന ഭാഗം പൂർണമായി ഒഴിവാക്കി. ഇന്ത്യൻ അധീന കശ്മീർ എന്ന ഭാഗം ഇങ്ങനെ തിരുത്തി. ‘ജമ്മുവും കശ്മീർ താഴ്‌വരയും ലഡാക്കും അടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യയുടെ ഭാഗമായ ജമ്മു കശ്മീർ’.)

തിരുവനന്തപുരത്തും ഡൽഹിയിലും പരാതി

തിരുവനന്തപുരം / ന്യൂഡൽഹി ∙ ജലീലിന്റെ ഫെയ്സ്ബുക് കുറിപ്പിനെതിരെ എബിവിപി സംസ്ഥാന സെക്രട്ടറി എൻ.സി.ടി.ശ്രീഹരി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്കു വെള്ളിയാഴ്ച പരാതി നൽകി. പൊലീസ് തുടർനടപടി സ്വീകരിച്ചിട്ടില്ല. നിയമോപദേശം തേടിയതായി സൂചനയുണ്ട്. അതേസമയം, പരാതി ശ്രദ്ധയിൽപെട്ടിട്ടില്ലെന്നു കമ്മിഷണർ ജി.സ്പർജൻ കുമാർ പ്രതികരിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ജി.എസ്.മണി ഡൽഹി തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. 

ഇന്നലെ രാത്രി ‍ശ്രീനഗറിൽനിന്ന് ഡൽഹിയിലെത്തിയ ജലീൽ, വിമാനത്താവളത്തിലും കേരള ഹൗസിലും മാധ്യമങ്ങളോടു പ്രതികരിച്ചില്ല. ഇന്ന് ഉച്ചയോടെ കേരളത്തിലേക്കു യാത്ര തിരിക്കുമെന്നാണു വിവരം. വ്യാഴാഴ്ചയാണ് ജലീലും നിയമസഭാ പ്രവാസി ക്ഷേമകാര്യ സമിതിയിലെ മറ്റ് അംഗങ്ങളും ശ്രീനഗറിലെത്തിയത്. മുൻമന്ത്രി എ.സി. മൊയ്തീനാണ് സമിതി അധ്യക്ഷൻ. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

തള്ളിപ്പറഞ്ഞു, മൂന്നുവട്ടം

മൂന്നാം തവണയാണ് ജലീലിനെ സിപിഎം തള്ളിപ്പറയുന്നത്. മലപ്പുറം എആർ നഗർ സഹകരണ ബാങ്കിനെതിരായ ആരോപണങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം വേണമെന്ന ജലീലിന്റെ ആവശ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നീരസം പ്രകടിപ്പിച്ചിരുന്നു. ഇഡിക്കെതിരായ സിപിഎമ്മിന്റെ പൊതുനിലപാടിനു വിരുദ്ധമായിരുന്നു ജലീലിന്റെ ആവശ്യം. 

മുൻപു മന്ത്രിയായിരിക്കെ, മാധ്യമം ദിനപത്രം നിരോധിക്കണമെന്ന ആവശ്യവുമായി യുഎഇ ഭരണാധികാരിയെ സമീപിച്ച വിവരം പുറത്തുവന്നപ്പോഴും സിപിഎമ്മും മുഖ്യമന്ത്രിയും അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. പാർട്ടി അംഗമല്ലാത്ത സ്വതന്ത്ര എംഎൽഎ എന്ന പഴുത് ജലീൽ പ്രയോജനപ്പെടുത്തുകയോ സിപിഎം അക്കാര്യം പറഞ്ഞ് കൈകഴുകുകയോ ആണ് മൂന്നു സന്ദർഭങ്ങളിലും സംഭവിച്ചത്.

English Summary: KT Jaleel Withdraws Controversial Statements on Kashmir in His FB Post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}