ADVERTISEMENT

കോഴിക്കോട്∙ മെഡിസെപ് പ്രകാരമുള്ള ചികിത്സാ ആനുകൂല്യങ്ങൾ നിർത്തിവയ്ക്കാൻ സ്വകാര്യ ആശുപത്രികൾ. ചികിത്സയ്ക്കായി ചെലവാക്കിയ പണം തിരികെ കെട്ടാൻ വൈകുന്നതും കുറഞ്ഞ തുക അനുവദിക്കുന്നതുമാണ് പ്രതിസന്ധിയുണ്ടാക്കുന്നതെന്ന് ആശുപത്രികൾ പറയുന്നു. പ്രായോഗിക പ്രശ്നങ്ങൾ മൂലം പദ്ധതിയിൽ തുടരാൻ കഴിയാത്ത അവസ്ഥയാണെന്ന് ചില ആശുപത്രികൾ സർക്കാരിനെ അറിയിച്ചു തുടങ്ങി.  

ചികിത്സ നൽകുന്ന ആശുപത്രികൾ തന്നെ ആനുകൂല്യം നൽകുന്ന വിഭാഗങ്ങൾ വെട്ടിച്ചുരുക്കുകയാണ്. ഓർത്തോ, കാർഡിയോ, ജനറൽ വിഭാഗങ്ങളിൽ ചികിത്സ ലഭിക്കുമ്പോൾ ‘പ്രസവം’ മിക്ക ആശുപത്രികളിൽനിന്നും പുറത്തായി. ചില ആശുപത്രികളിൽ പ്രസവം ഉൾപ്പെടുത്തിയിരുന്നു, എന്നാൽ രണ്ടു പ്രസവത്തിനു മാത്രമേ ആനുകൂല്യമുള്ളൂ. ആദ്യ രണ്ടു പ്രസവത്തിലെ കുട്ടികൾ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ മൂന്നാമത്തെ പ്രസവത്തിന് ആനുകൂല്യം നൽകില്ലെന്ന വിചിത്രവാദം ഉന്നയിച്ച് ആശുപത്രികളുടെ ക്ലെയിം നിരസിച്ചിട്ടുണ്ട്. 

‌മെഡിസെപ് തിരക്കിട്ടു നടപ്പാക്കിയതിനാൽ ഇതു സംബന്ധിച്ച് പല ആശുപത്രികൾക്കും വ്യക്തതയില്ല. ഓരോ രോഗത്തിനും നിശ്ചയിച്ച പാക്കേജ് തുക മാത്രമേ ഇൻഷുറൻസ് കമ്പനി ആശുപത്രികൾക്കു റീ ഫണ്ട് ചെയ്തുനൽകുന്നുള്ളൂ. ഇതു മൂലം ആശുപത്രി അധികൃതരും രോഗികളും തമ്മിലുള്ള വാക്കേറ്റം ആശുപത്രികളിൽ പതിവാണ്.  

പരാതികളേറെ; ഒന്നിനും വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്ന് ആശുപത്രികൾ

ചികിത്സയ്ക്കു ചെലവായ തുക ക്ലെയിം ചെയ്താലും ഇതു വെട്ടിക്കുറച്ചാണു നൽകുന്നതെന്നാണ് ആശുപത്രികളുടെ പരാതി. അന്തിമമായി അനുവദിച്ച തുക തന്നെ കിട്ടാൻ ഏറെ വൈകുന്നു. രോഗി ഡിസ്ചാർജ് ആയ ദിവസം മുതൽ 15 ദിവസത്തിനുള്ളിൽ റീ ഫണ്ട് തുക ആശുപത്രി അക്കൗണ്ടിൽ എത്തുമെന്നാണ് കരാർ പ്രകാരം അറിയിച്ചിരുന്നത്. എന്നാൽ പദ്ധതി തുടങ്ങി ഒന്നര മാസമായിട്ടും ഒരു രൂപ പോലും കിട്ടാത്ത ആശുപത്രികളുണ്ട്. 

റൂം നിരക്ക് , ശസ്ത്രക്രിയ നിരക്ക്,  ഇംപ്ലാന്റ് നിരക്ക് എന്നിവ വെവ്വേറെ ക്ലെയിം ചെയ്യാം എന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ഇതെല്ലാം പാക്കേജിൽ ഉൾപ്പെടുത്തിയെന്നാണു പറയുന്നത്. ഇതുമൂലം ആശുപത്രികൾക്കു ഭീമമായ ബാധ്യത വരുന്നു. ഇതു സംബന്ധിച്ച് പരാതികൾ പറയാൻ നൽകിയ നമ്പറിൽ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല, മേൽനോട്ടം വഹിക്കുന്ന ഏജൻസികളിൽ നിന്നു വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും ആശുപത്രികൾ പരാതിപ്പെടുന്നു. 

മെഡിസെപ്പുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചുവരികയാണെന്നാണ് ഇതുമായി ബന്ധപ്പെട്ട നോഡൽ ഏജൻസികൾ വിശദീകരിക്കുന്നത്. മെഡിസെപ്പുമായി ബന്ധപ്പെട്ട കരാറിൽ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഇതു മനസ്സിലാക്കാതെയാണ് ആശുപത്രികളുടെ പരാതി. 

വിവിധ ആശുപത്രികൾക്കുള്ള തുക വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ടെന്നും പണം ലഭിക്കാത്തത് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക പിഴവുകൾ കൊണ്ടോ മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ മൂലമോ ആയിരിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.

Content Highlight: Medisep Insurance Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com