ADVERTISEMENT

തിരുവനന്തപുരം ∙ മന്ത്രി പി.രാജീവിന്റെ ഔദ്യോഗിക വാഹനത്തെ ‘വട്ടംകറക്കി’യെന്ന് ആരോപിച്ച് സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥന് തൊട്ടടുത്ത ദിവസം മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ! കൺട്രോൾ റൂം ഗ്രേഡ് എസ്ഐ എസ്.എസ്. സാബുരാജനെയാണ് വെള്ളിയാഴ്ച രാത്രി സസ്പെൻഡ് ചെയ്തത്. എന്നാൽ ഇന്നലെ പുറത്തുവന്ന, മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ജേതാക്കളുടെ പട്ടികയിൽ സാബുരാജനുമുണ്ട്. 

നഗരത്തിൽ മന്ത്രിയുടെ യാത്രാമാർഗം മാറ്റിയെന്ന് ആരോപിച്ചാണ് സാബുരാജനെയും സീനിയർ സിവിൽ പൊലീസ് ഓഫിസർ എൻ.ജി. സുനിലിനെയും സിറ്റി പൊലീസ് കമ്മിഷണർ സസ്െപൻഡ് ചെയ്തത്.

എന്നാൽ യാത്രാമാർഗം മാറ്റിയതു സംബന്ധിച്ച് താൻ പരാതി നൽകിയിട്ടില്ലെന്നു മന്ത്രി പി.രാജീവ് അറിയിച്ചു. പക്ഷേ മന്ത്രിയുടെ ഗൺമാൻ ഫോണിലൂടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന വിവരവും പിന്നാലെ പുറത്തു വന്നു. നഗരത്തിൽ തിരക്കും കുഴ‍ിയുമുള്ള റോഡ് ഒഴിവാക്കി നല്ല റോഡിലൂടെ കൊണ്ടുപോയത‍ിനാണ് നടപടിയെന്നാണ് സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദീകരണം. 

വെള്ള‍ിയാഴ്ച നെയ്യാറ്റിൻകരയിൽ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട പരിപാടി കഴിഞ്ഞ് എറണാകുളത്തേക്കു മടങ്ങുകയായിരുന്ന മന്ത്രി പി.രാജീവിന്റെ വാഹനത്തിന് പള്ളിച്ചൽ മുതൽ വെട്ടുറോഡ് വരെയാണ് സാബുരാജനും സംഘവും പൈലറ്റ് വാഹനത്തിൽ വഴികാട്ടിയത്. തിരുവനന്തപുരം നഗരത്തിലെത്തിയ ശേഷം അട്ടക്കുളങ്ങര വഴി ബൈപാസിൽ കയറി പോകുന്നതാണ് പതിവ് വഴിയെങ്കിലും അവിടെ കുഴിയും തിരക്കുമായതിനാൽ ബേക്കറി ജംക്‌ഷൻ വഴി ചാക്കയിൽ എത്തിച്ച് ബൈപാസിലേക്കു പ്രവേശിക്കുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഈ സംഭവത്തിൽ മന്ത്രിക്ക് അസൗകര്യവും നീരസവുമുണ്ടാക്കിയെന്നു കാട്ടിയാണ് കൺട്രോൾ റൂം എസിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മിഷണറുടെ നടപടി. 

പരാതിയില്ല; തീരുമാനം പൊലീസിന്റേത്

‘യാത്ര ചെയ്യുമ്പോൾ റൂട്ട് നിശ്ചയിക്കുന്നത് പൊലീസും പൈലറ്റ് വാഹനവുമാണ്. റൂട്ട് മാറ്റിയതു സംബന്ധിച്ച് ഞാനോ മറ്റാരെങ്കിലുമോ പരാതി നൽകിയിട്ടില്ല. പൊലീസിന്റെ നടപടിയിൽ അവർ തീരുമാനമെടുക്കട്ടെ.’ – മന്ത്രി പി.രാജീവ്

പരാതിയുണ്ടായപ്പോൾ ഉദ്യോഗസ്ഥരെ മാറ്റി

‘മന്ത്രിയുടെ യാത്രാമാർഗം മാറ്റുന്നത് ഗുരുതരമായ പ്രശ്നമല്ല. പരാതിയുണ്ടായപ്പോൾ അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ മാറ്റി നിർത്തി. ഉദ്യോഗസ്ഥരോടും പരാതി പറഞ്ഞവരോടും സംസാരിച്ച ശേഷം നടപടി പുനഃപരിശോധിക്കും.’ – ജി.സ്പർജൻ കുമാർ (തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ)

English Summary: Suspended Police Officer Wins CM's Police Medal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT