ADVERTISEMENT

കൊച്ചി∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത്, ഡോളർ കടത്ത്, കിഫ്ബി കേസുകളിൽ അന്വേഷണ ചുമതല വഹിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡപ്യൂട്ടി ഡയറക്ടർ പി.രാധാകൃഷ്ണന് ചെന്നൈ യൂണിറ്റിലേക്കു സ്ഥലം മാറ്റം. 

കിഫ്ബി കേസിൽ മുൻമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതിനിടയിലാണിത്. സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം ഏതാണ്ടു പൂർത്തിയാക്കിയ സാഹചര്യത്തിലാണു രാധാകൃഷ്ണന്റെ സ്ഥലംമാറ്റമെന്നാണു മേലധികാരികൾ നൽകുന്ന വിശദീകരണം.

ഇഡി അസി.ഡയറക്ടർ ആയിരിക്കെയാണു പി.രാധാകൃഷ്ണന് ഈ കേസുകളുടെ അന്വേഷണ ചുമതല ലഭിക്കുന്നത്. ഒന്നര വർഷം മുൻപു ഡപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും അന്വേഷണം പൂർത്തിയാക്കും വരെ കൊച്ചിയിൽ തുടരാൻ അവസരം നൽകുകയായിരുന്നു. ഇതിനിടയിലാണു സംസ്ഥാന പൊലീസിനെ ഉപയോഗപ്പെടുത്തി രാധാകൃഷ്ണനെതിരായ നീക്കങ്ങൾ ശക്തിപ്പെട്ടത്. 

സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കാവൽക്കാരായിരുന്ന 2 വനിതാ പൊലീസുകാർ പി. രാധാകൃഷ്ണനെതിരെ ആരോപണം ഉന്നയിച്ചതാണു പ്രശ്നങ്ങളുടെ തുടക്കം. കേസുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രിയുടെ പേരു പറയാൻ രാധാകൃഷ്ണൻ പ്രതികളെ നിർബന്ധിച്ചു എന്നായിരുന്നു ഇവരുടെ മൊഴി. 

ആരോപണം ബലപ്പെടുത്തുന്ന സ്വപ്നയുടെ ശബ്ദരേഖയും പുറത്തുവന്നു. ഈ ശബ്ദരേഖയിലെ ആരോപണങ്ങൾ തന്നെക്കൊണ്ടു നിർബന്ധിച്ചു പറയിപ്പിച്ചതാണെന്നാണു സ്വപ്നയുടെ പിന്നീടുണ്ടായ വെളിപ്പെടുത്തൽ. സംഭവത്തിൽ രാധാകൃഷ്ണനെ സംരക്ഷിക്കുന്ന നിലപാടു സ്വീകരിച്ച ജോയിന്റ് ഡയറക്ടർ മനീഷ് ഗോധ്റയ്ക്കെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു.

English Summary: Transfer for Enforcement Directorate deputy director

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com