കാക്കനാട്∙ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക നേതാവിനെ വെടി വച്ചു കൊന്ന കേസിലെ മുഖ്യപ്രതി ബംഗാൾ സ്വദേശി രതീന്ദ്രദാസ് (27) തൃക്കാക്കരയിൽ പിടിയിലായി. കൊൽക്കത്ത പർഗാന നോർത്ത് ജില്ലയിലെ സന്ദേശ്ഖാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ ജൂൺ 26ന് കൊലപാതകം നടത്തിയ ശേഷം രതീന്ദ്രദാസ് കേരളത്തിലേക്കു കടക്കുകയായിരുന്നു.
മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. രതീന്ദ്രദാസിന്റെ പുതിയ ഫോൺ നമ്പർ കണ്ടെത്തിയ ബംഗാൾ പൊലീസ്, സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഒരു മാസമായി ഇയാൾ കേരളത്തിലുണ്ടെന്നു മനസ്സിലാക്കിയത്. സന്ദേശ്ഖാലി പൊലീസ് ഇൻസ്പെക്ടർ സഞ്ജയ് റായിയുടെ നേതൃത്വത്തിലാണ് ബംഗാൾ പൊലീസ് ഇവിടെയെത്തിയത്.
രതീന്ദ്രദാസ് കാക്കനാട് കുന്നിപ്പാടത്തിനു സമീപം താമസിക്കുന്നു എന്നു സൈബർ വിഭാഗം കണ്ടെത്തി. കൂലിവേലയ്ക്കു പോകുന്ന ഇയാളുടെ വരവും പോക്കും നിരീക്ഷിച്ച പൊലീസ് തൃക്കാക്കര മുനിസിപ്പൽ ഗ്രൗണ്ടിനു സമീപം റോഡിൽ കാത്തുനിന്നാണ് പിടികൂടിയത്. കാമുകിക്കൊപ്പമായിരുന്നു രതീന്ദ്രദാസിന്റെ താമസം.
സ്ത്രീധന തർക്കത്തെ തുടർന്നു സഹോദരി ഭർത്താവും സംഘവും ചേർന്നു രതീന്ദ്രദാസിന്റെ പിതാവിനെ കൊലപ്പെടുത്തിയിരുന്നു. സഹോദരി ഭർത്താവ് ഉൾപ്പെടെ 5 പ്രതികൾ ഈ കേസിൽ അവിടെ ജയിലിലായി. തൃണമൂൽ കോൺഗ്രസ് സന്ദേശ്ഖാലി മേഖല പ്രസിഡന്റ് കൂടിയായ പ്രതികളിലൊരാൾ ജാമ്യത്തിൽ ഇറങ്ങിയതോടെ അയാളെ ഗുണ്ടകളുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണ് രതീന്ദ്രദാസിന് എതിരെയുള്ള കേസ്.
English Summary: Accused in Trinamool Congress leader murder case arrested from Thrikkakara