ADVERTISEMENT

കൊച്ചി∙ വിപണി ഇടപെടൽ പദ്ധതികൾക്കു പണമില്ലാതെ നെട്ടോട്ടമോടേണ്ട ഗതികേടിൽ സപ്ലൈകോ. സൗജന്യ ഓണക്കിറ്റിനു 220 കോടി രൂപ സപ്ലൈകോയ്ക്ക് നൽകുമെന്നും ബാക്കി 180 കോടിരൂപ ബജറ്റിൽ പ്രവർത്തന ഫണ്ടായി അനുവദിച്ച തുകയിൽ നിന്നെടുത്താൽ മതിയെന്നുമാണു സർക്കാർ സപ്ലൈകോയെ അറിയിച്ചിരിക്കുന്നത്. 

അനുവദിച്ചുവെന്നു പറയുന്ന  220 കോടി രൂപ സപ്ലൈകോയ്ക്ക് ഇനിയും ലഭിച്ചിട്ടുമില്ല. ബജറ്റിൽ പ്രവർത്തന ഫണ്ടായി അനുവദിച്ച തുക പോലും കൃത്യമായി ലഭിക്കാതാകുന്നതോടെ സബ്സിഡി നൽകി സപ്ലൈകോ നടത്തുന്ന വിപണി ഇടപെടലുകൾ പരുങ്ങലിലാകും എന്നുറപ്പ്. 

 ഈമാസം10ന് ഓണക്കിറ്റ് റേഷൻകടകൾ വഴി വിതരണം ചെയ്യുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. ഉപ്പ് ഇനിയും എത്തിയിട്ടില്ല.  ഗുജറാത്തിലെ മൂന്നു കമ്പനികളിൽ നിന്ന് കപ്പൽ മാർഗമാണു കൊച്ചിയിൽ എത്തേണ്ടത്. 16ന് എത്തുമെന്നും അന്നുതന്നെ വിവിധ ഗോഡൗണുകളിൽ ഉപ്പ് എത്തിച്ച് 17ന് ഓണക്കിറ്റ് വിതരണം തുടങ്ങാം എന്നുമാണിപ്പോൾ സപ്ലൈകോയുടെ പ്രതീക്ഷ.  

ഒറ്റദിവസം കൊണ്ട് കേരളത്തിലെ 1500 പാക്കിങ് കേന്ദ്രങ്ങളിലും ഉപ്പ് എത്തിക്കുന്നതും എളുപ്പമല്ല. മാത്രമല്ല തുണിസഞ്ചിയും ആവശ്യത്തിനില്ല. സർക്കാരിന്റെ പ്രത്യേക എംബ്ലം പതിപ്പിക്കാനുള്ള കാലതാമസമാണു തുണിസഞ്ചി ക്ഷാമത്തിനു പ്രധാന കാരണം. ഈ സാഹചര്യത്തിൽ  ചിങ്ങം ഒന്നിനു മഞ്ഞ കാർഡുകാർക്ക് ഓണക്കിറ്റ് നൽകുമെന്ന ഉറപ്പും നടക്കില്ലെന്നാണു വിലയിരുത്തൽ.

കുടിശികയിപ്പോൾ 1590 കോടി 

സപ്ലൈകോയ്ക്ക് സർക്കാർ ഇതുവരെ കൊടുക്കാനുള്ളത് 1590 കോടി രൂപയാണ്. നെല്ല് സംഭരണത്തിന് 640 കോടി, റേഷൻ സാധനങ്ങൾ വാതിൽപടി വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ഭക്ഷ്യധാന്യങ്ങൾ ഗോഡൗണുകളിൽനിന്ന് റേഷൻ കടകളിൽ എത്തിച്ച ചെലവിൽ 60 കോടി, വിപണി ഇടപെടലിന്റെ പേരിൽ 680 കോടി, സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണത്തിനു ഭക്ഷ്യധാന്യങ്ങൾ നൽകിയ വകയിൽ 210 കോടി രൂപ എന്നിങ്ങനെയാണു  കുടിശിക. 

English Summary: Onam kit fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com