ADVERTISEMENT

പാലക്കാട് ∙ ഓണക്കാലത്തെ തിരക്കു കുറയ്ക്കാൻ ദക്ഷിണ റെയിൽവേ അനുവദിച്ചത് 6 ട്രെയിനുകളും 10 സർവീസും മാത്രം. ആദ്യമായാണ് ഓണ സീസണിൽ ഇത്രയും കുറവു സർവീസ് റെയിൽവേ ഏർപ്പെടുത്തുന്നത്. പ്രധാന ട്രെയിനുകളിൽ ഇപ്പോൾ തന്നെ ടിക്കറ്റ് ലഭ്യമല്ല. മലയാളികൾ ഏറെയുള്ള മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നു പ്രത്യേക ട്രെയിനുകൾ ഇല്ല. 

ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണു ട്രെയിൻ അനുവദിച്ചത്. കേരള എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ്, ചെന്നൈ–തിരുവനന്തപുരം മെയിൽ ഉൾപ്പെടെ പ്രധാന ട്രെയിനുകളിൽ ഓണം കഴിയുന്നതു വരെ ടിക്കറ്റ് ലഭ്യമല്ലെന്നു യാത്രക്കാർ പറഞ്ഞു.

അതേസമയം, കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നു റെയിൽവേ അധികൃതർ അറിയിച്ചു. ഓണത്തിനുള്ള 5 ട്രെയിനുകൾക്കു പുറമേ വേളാങ്കണ്ണി തിരുനാളിന്റെ ഭാഗമായി എറണാകുളത്തു നിന്നും തിരുവനന്തപുരത്തു നിന്നും ഓരോ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 

ഓണം സ്പെഷലിൽ റിസർവേഷൻ 

ഓണം, വേളാങ്കണ്ണി തിരുനാൾ എന്നിവയോടനുബന്ധിച്ചുള്ള സ്പെഷൽ ട്രെയിനുകളിൽ റിസർവേഷൻ തുടങ്ങി. സർവീസ് ഇങ്ങനെ: 

∙ താംബരം – മംഗളൂരു  സ്പെഷൽ (06041) സെപ്റ്റംബർ 2നു ഉച്ചയ്ക്ക് 1.30നു താംബരത്തു നിന്നു പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 6.45നു മംഗളൂരുവിൽ എത്തും. തിരികെ (06042) സെപ്റ്റംബർ 3നു രാവിലെ 10നു മംഗളൂരുവിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 4നു താംബരത്ത് എത്തും. 

∙ താംബരം – കൊച്ചുവേളി സ്പെഷൽ (06043) സെപ്റ്റംബർ 4ന് ഉച്ചയ്ക്ക് 2.15ന് താംബരത്തുനിന്നു പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12ന് കൊച്ചുവേളിയിലെത്തും. തിരികെ (6044) 5ന് ഉച്ചയ്ക്ക് 2.30നു കൊച്ചുവേളിയിൽ നിന്നു പുറപ്പെട്ട് 6ന് രാവിലെ 10.55ന് താംബരത്തെത്തും. കോട്ടയം വഴിയാണു സർവീസ്. 

∙ എറണാകുളം ജംക്‌ഷൻ– ചെന്നൈ സെൻട്രൽ (06046): സെപ്റ്റംബർ  ഒന്നിന് രാത്രി 10ന് എറണാകുളത്തു നിന്നു പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്കു 12നു ചെന്നൈയിലെത്തും. തിരികെ (06045) 2നു വൈകിട്ട് 3.10നു പുറപ്പെട്ട് പിറ്റേന്നു പുലർച്ചെ 3ന് എറണാകുളത്തെത്തും. 

∙ തിരുവനന്തപുരം, കോട്ടയം, എറണാകുളം ടൗൺ, സേലം വഴിയുള്ള നാഗർകോവിൽ ജംക്‌ഷൻ–ചെന്നൈ എഗ്‌മൂർ സ്പെഷൽ (06048): സെപ്റ്റംബർ 11നു വൈകിട്ട് 5.50നു നാഗർകോവിലിൽ നിന്നു പുറപ്പെട്ട് 12ന് ഉച്ചയ്ക്ക് 12.30നു ചെന്നൈ എഗ്‌മൂറിലെത്തും. 

∙ ചെന്നൈ എഗ്‌മൂർ – നാഗർകോവിൽ ജംക്‌ഷൻ സ്പെഷൽ (06047): 12നു വൈകിട്ട് 4.15നു ചെന്നൈ എഗ‌്മൂറിൽനിന്നു പുറപ്പെട്ട് തിരുച്ചിറപ്പള്ളി, മധുര, തിരുനെൽവേലി വഴി 13നു പുലർച്ചെ 5.55നു നാഗർകോവിലിൽ എത്തും. 

∙ കൊച്ചുവേളി – എസ്എംവിടി ബെംഗളൂരു (06037): 11ന് വൈകിട്ട് 5ന് കൊച്ചുവേളിയിൽ നിന്നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 10.10നു ബെംഗളൂരുവിലെത്തും. തിരികെ (06038) 12നു വൈകിട്ട് 3നു ബെംഗളൂരുവിൽ നിന്നു പുറപ്പെട്ട് 13നു പുലർച്ചെ 6.35ന് കൊച്ചുവേളിയിലെത്തും. കോട്ടയം വഴിയാണ് സർവീസ്.

വേളാങ്കണ്ണി സ്പെഷൽ അടുത്തയാഴ്ച

∙ എറണാകുളം ജംക്‌ഷൻ – വേളാങ്കണ്ണി സ്പെഷൽ (06039) ഓഗസ്റ്റ് 15ന് ഉച്ചയ്ക്ക് പുറപ്പെട്ട് പിറ്റേന്നു രാവിലെ 8.15നു വേളാങ്കണ്ണിയിൽ എത്തും. സെപ്റ്റംബർ 5 വരെ എല്ലാ തിങ്കളാഴ്ചകളിലുമാണ് ട്രെയിൻ. കോട്ടയം വഴിയാണിത്. മടക്ക ട്രെയിൻ (06040) 16നു വൈകിട്ട് 5.30നു വേളാങ്കണ്ണിയിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12ന് എറണാകുളത്ത് എത്തും. സെപ്റ്റംബർ 6 വരെ എല്ലാ ചൊവ്വാഴ്ചകളിലുമാണ് സർവീസ്. 

English Summary: Trains during Onam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com