ADVERTISEMENT

കൊച്ചി ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമൻസുകൾക്കെതിരെ കിഫ്ബി നൽകിയ ഹർജിയിൽ വിശദമായ എതിർസത്യവാങ്മൂലം നൽകാൻ ഇഡി സമയം തേടിയതിനെ തുടർന്നു ഹർജി 2നു പരിഗണിക്കാൻ ഹൈക്കോടതി മാറ്റി. എന്തുകൊണ്ടാണ് ഒരേ രേഖ ആവർത്തിച്ചു ചോദിക്കുന്നതെന്നു വാക്കാൽ ചോദിച്ച കോടതി എന്നാൽ സ്റ്റേ അനുവദിച്ചിട്ടില്ല. സിഎജി റിപ്പോർട്ടിന്റെയുംകൂടി അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണമെന്ന് ഇഡിയുടെ അഭിഭാഷകൻ വ്യക്തമാക്കി. ഹർജിക്കാർ ഉന്നയിച്ച നിയമപരമായ കാര്യങ്ങളും വസ്തുതകളും കണക്കിലെടുത്തു വിശദമായ സത്യവാങ്മൂലം നൽകാനാണു ജസ്റ്റിസ് വി.ജി.അരുൺ ഇഡിക്കു നിർദേശം നൽകിയിരിക്കുന്നത്.

കിഫ്ബിയുടെ വിശ്വാസ്യത തകർക്കാനായി നിരന്തരം സിഇഒ അടക്കമുള്ളവർക്ക് സമൻസ് അയയ്ക്കുകയാണെന്നു കിഫ്ബിക്കുവേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ അരവിന്ദ് ദത്താർ അറിയിച്ചു. ഉദ്യോഗസ്ഥരുടെ മാത്രമല്ല, കുടുംബാംഗങ്ങളുടെ സ്വത്ത് വിവരം ഉൾപ്പെടെ തേടിയിട്ടുണ്ട്. ഒരേ രേഖകൾ ഹാജരാക്കാൻ നിർദേശിച്ചു വനിതാ ജീവനക്കാരിക്കു പലതവണ സമൻസ് നൽകി. എന്താണു കാരണമെന്നുപോലും വ്യക്തമാക്കിയിട്ടില്ലെന്നും അറിയിച്ചു. 

എന്നാൽ, സംശയത്തിനു ന്യായമായ കാരണമുണ്ടെങ്കിൽ അന്വേഷണം നടത്താമല്ലോ എന്നു കോടതി വാക്കാൽ ചോദിച്ചു. വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനം നടന്നിട്ടുണ്ടോയെന്ന പ്രാഥമിക അന്വേഷണമാണു നടക്കുന്നതെന്നു കേന്ദ്രസർക്കാർ അഭിഭാഷകൻ അറിയിച്ചു. നിയമലംഘനമുണ്ടെന്നു കണ്ടാൽ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറുമെന്നും വിശദീകരിച്ചു.

മസാല ബോണ്ട് പുറപ്പെടുവിച്ചതിൽ ഫെമ ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനെന്ന പേരിൽ ഒന്നരവർഷമായി ഉദ്യോഗസ്ഥർക്ക് ഇഡി സമൻസുകൾ അയയ്ക്കുകയാണെന്നാണ് കിഫ്ബിയുടെ പരാതി. എന്താണ് നിയമലംഘനം എന്നതുൾപ്പെടെ കൃത്യമായ കാരണം കാണിച്ചിട്ടില്ല. സമൻസുകൾ റദ്ദാക്കണമെന്നും കിഫ്ബി ആവശ്യപ്പെട്ടു. കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ.എം.ഏബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജുല തോമസ് എന്നിവരാണു ഹർജി നൽകിയത്.

English Summary: High Court to consider petition of KIIFB against ED

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com