ADVERTISEMENT

പാലക്കാട് ∙ സിപിഎം കുന്നങ്കാട് ബ്രാ‍ഞ്ച് സെക്രട്ടറിയും മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവുമായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 8 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ നവീൻ (28), സിദ്ധാർഥൻ (24) എന്നിവരുടെ പേരുകൾ മാത്രമാണു പൊലീസ് വെളിപ്പെടുത്തിയത്. 

പ്രതികളെ ചോദ്യം ചെയ്യുകയാണെന്നും കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് പറഞ്ഞു. നിർണായക തെളിവുകളും പൊലീസിനു ലഭിച്ചു. കൊലയ്ക്കു പിന്നിൽ ബിജെപി ആർഎസ്എസ്സുകാരെന്നു സിപിഎമ്മും സിപിഎമ്മിലെ വിഭാഗീയതയും പകയുമാണു കാരണമെന്നു ബിജെപിയും ആരോപിച്ചു. 

ഞായർ രാത്രി 9നാണു കൊട്ടേക്കാട് കുന്നങ്കാട്ടു വച്ചു പ്രതികൾ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. ബിജെപി അനുഭാവികളായ 8 പേർ രാഷ്ട്രീയ വിരോധത്താൽ വടിവാൾ ഉപയോഗിച്ചു ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തി എന്നാണു പൊലീസ് പ്രഥമവിവര റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 

പ്രതികൾ ബിജെപി അനുഭാവികളാണോ എന്ന ചോദ്യത്തിന് ഇപ്പോൾ അത്തരം ചോദ്യങ്ങളോടു പ്രതികരിക്കാനാകില്ലെന്നും പൊലീസ് എല്ലാ വശവും പരിശോധിക്കുന്നുണ്ടെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 4 ഇൻസ്പെക്ടർമാർ ഉൾപ്പെട്ട സംഘമാണു കേസ് അന്വേഷിക്കുന്നത്. 

ആക്രമണത്തിൽ ഷാജഹാന്റെ കൈകൾക്കും കാലിനും ഗുരുതരമായി പരുക്കേറ്റിരുന്നു. കാലിനേറ്റ മുറിവ് ആഴത്തിലുള്ളതാണ്. രക്തം വാർന്നാണു ഷാജഹാൻ മരിച്ചതെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചന. ആരോപണങ്ങളുടെ സാഹചര്യത്തിൽ കൊലപാതക കാരണങ്ങളും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

‘കൊന്നത് കൂടെ നടന്നവർ’

കൂടെ നടന്നവർ തന്നെയാണു മകനെ കൊലപ്പെടുത്തിയതെന്നു കൊല്ലപ്പെട്ട ഷാജഹാന്റെ ഉമ്മ സുലേഖ പറഞ്ഞു. ഈ ചതി പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉമ്മ സങ്കടത്തോടെ പറയുന്നു. ഷാജഹാന് ആർഎസ്എസ് അനുഭാവികളിൽനിന്നു ഭീഷണി ഉണ്ടായിരുന്നതായി കുടുംബം ആരോപിച്ചു. നേരത്തെ സിപിഎമ്മിലുണ്ടായിരുന്ന ഇവർ ഇപ്പോൾ ബിജെപി അനുഭാവികളാണ്. ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണു കൊലപാതകം. ഷാജഹാനെ വകവരുത്തുമെന്നു പ്രതികളിൽനിന്നു സന്ദേശം ലഭിച്ചിരുന്നതായി സുഹൃത്ത് പറഞ്ഞു.

English Summary: Palakkad Shajahan Murder Case Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com