ADVERTISEMENT

ന്യൂഡൽഹി ∙ ഒരു കിലോമീറ്റർ വീതിയിൽ പരിസ്ഥിതി ലോല മേഖലയെന്നതു (ഇഎസ്‍സെഡ്) കേരളത്തിൽ പ്രായോഗികമാകില്ലെന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ പുനഃപരിശോധന ഹർജിയിൽ പറയുന്നു. ഒരു കിലോമീറ്റർ ദൂരപരിധിയിൽ മനുഷ്യവാസം ഉണ്ടെന്നു മനസ്സിലാക്കി ഇവ ഒഴിവാക്കാൻ മന്ത്രാലയത്തിനു നേരത്തെ തന്നെ പരിഷ്കരിച്ച നിർദേശം നൽകിയിരുന്നതാണെന്നു കേരളം ചൂണ്ടിക്കാട്ടി. 2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ ജനസാന്ദ്രത ഇന്ത്യയുടെ ഇരട്ടിയാണെന്നതും ശ്രദ്ധയിൽപെടുത്തി. 

ജൂൺ 29നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നൽകിയ കത്തും ഹർജിയുടെ ഭാഗമാക്കി. വിധിക്കു മുൻപു തന്നെ കേരളം നൽകിയ നിർദേശങ്ങളിൽ 15 എണ്ണം കേന്ദ്രം മടക്കുകയും ഒരു കിലോമീറ്റർ വീതി മാനദണ്ഡമാക്കി പുതുക്കി സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്യുന്നതാണ് കത്ത്. ഈ നടപടി ശരിയല്ലെന്നും വിധിക്കു മുൻപു തന്നെ കേരളം നൽകിയ നിർദേശം അംഗീകരിക്കാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥമാണെന്നും ഹർജിയിലുണ്ട്. 

കേരളം ചൂണ്ടിക്കാട്ടുന്ന മറ്റു വിഷയങ്ങൾ: 

∙ ജൂൺ 3ലെ വിധിയുടെ 42–ാം ഖണ്ഡികയിൽ, എല്ലാ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും പൊതുമാർഗരേഖ സാധ്യമല്ലെന്ന കാര്യം കോടതി അംഗീകരിച്ചു. ആവശ്യമെങ്കിൽ കേന്ദ്ര ഉന്നതാധികാര സമിതിയും (സിഇസി) വനം–പരിസ്ഥിതി മന്ത്രാലയവും വഴി സുപ്രീം കോടതിയെ സമീപിക്കാമെന്നു വിധിയിൽ വ്യക്തമാക്കിയതാണ്. 

∙ സംസ്ഥാനത്തെ 17 വന്യജീവി സങ്കേതങ്ങളുടെയും 6 ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫർ സോൺ സംബന്ധിച്ച ശുപാർശ കേന്ദ്രത്തിനു നൽകിയതാണ്. ഇതിൽ 2 എണ്ണമൊഴികെയുള്ളവയിൽ കരടുവിജ്ഞാപനമിറങ്ങി. മതികെട്ടാൻ ദേശീയ പാർക്കിന്റെ അന്തിമ വിജ്‍ഞാപനവും വന്നു. കേരളത്തിലെ ആകെ വന സമ്പത്ത്, ജനസംഖ്യ വളർച്ച തുടങ്ങിയ വിവരങ്ങളും ഹർജിയിലുണ്ട്. ഇവയൊന്നും കോടതി പരിഗണിച്ചില്ല. 

∙ പറമ്പിക്കുളം കടുവ സങ്കേതത്തിൽ 10 കിലോമീറ്റർ വരെ സംരക്ഷിത മേഖലയുള്ളതു പോലെ പലയിടത്തും ഒരു കിലോമീറ്ററിലധികം സംരക്ഷിതമേഖലയുണ്ട്. ഇതിലെ വനമേഖലയിൽ തലമുറകളായി താമസിക്കുന്ന ആദിവാസി സമൂഹമുണ്ട്. ഇവരുടെ വാസസ്ഥലം ഒരു കിലോമീറ്ററിനുള്ളിൽ ഉള്ളതുമുണ്ട്. കോടതി വിധി ഇവരെ ബാധിക്കും. കോടതിയുടെ അനുമതിയോടെ 28,588 ഹെക്ടർ ഭൂമിയുടെ പട്ടയം സംസ്ഥാന സർക്കാർ അനുവദിച്ചതാണ്. ഇതിൽ നല്ലൊരു പങ്ക് കോടതി നിർദേശിക്കുന്ന ബഫർ സോണിലാണ്. ഇതിൽ പലതും ടൗൺഷിപ്പുകളായി. 

∙ ഇഎസ്‍സെഡിൽ പുതിയ സ്ഥിര നിർമാണങ്ങൾ പാടില്ലെന്ന സ്ഥിതിയുണ്ട്. ഇതു തലമുറകളായി ഇവിടെ കഴിയുന്നവരുടെ ജീവിതത്തെ ബാധിക്കും. മനുഷ്യത്വരഹിതമായ നടപടി സ്വീകരിക്കാനാകില്ല. സർക്കാരിന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ കഴിയില്ല. 

Content Highlight: Buffer Zone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com