ADVERTISEMENT

കൊച്ചി∙ സർക്കാർ മുന്നിട്ടിറങ്ങിയില്ലെങ്കിൽ കെഎസ്ആർടിസി ജീവനക്കാർക്ക് ഇത്തവണ ഓണാഘോഷം ഉണ്ടാകില്ലെന്നു ഹൈക്കോടതി. ജൂലൈയിലെ ശമ്പളം ഓഗസ്റ്റ് 10നകം നൽകണമെന്ന മുൻ ഉത്തരവു നടപ്പാക്കാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. കെഎസ്ആർടിസിക്കു പണമില്ലെങ്കിൽ സർക്കാർ സഹായിക്കുകയോ ആസ്തികൾ വിൽക്കുകയോ വേണ്ടി വരും. രണ്ടിൽ ഏതായാലും സർക്കാർ ഇടപെട്ടാലേ നടക്കുകയുള്ളൂ. കോടതി നിർദേശം ഗൗരവപൂർവം പരിഗണിച്ചിരുന്നെങ്കിൽ നടപ്പാക്കാൻ കഴിയുമായിരുന്നു എന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

ശമ്പള വിതരണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കെഎസ്ആർടിസി ജീവനക്കാർ നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്. മന്ത്രിമാരും തൊഴിലാളി യൂണിയനുകളും തമ്മിൽ നടക്കുന്ന ചർച്ചയുടെ തീരുമാനം അറിയിക്കാൻ സർക്കാർ സാവകാശം തേടിയതിനെ തുടർന്നു ഹർജി 24ലേക്കു മാറ്റി.

കെഎസ്ആർടിസിയുടെ ആസ്തികളുടെ ഓഡിറ്റ് പൂർത്തിയായിട്ടില്ലെന്നു സർക്കാർ അറിയിച്ചു. ഗതാഗത, തൊഴിൽ വകുപ്പു മന്ത്രിമാരും യൂണിയനുകളുമായി ഇന്നലെ ചർച്ച നടന്ന കാര്യവും സർക്കാർ അറിയിച്ചു. കോടതി ഉത്തരവു മാനിച്ചിരുന്നെങ്കിൽ യോഗം നേരത്തേ നടത്തുമായിരുന്നു എന്നു കോടതി പ്രതികരിച്ചു. മുഖ്യമന്ത്രി യോഗം വിളിക്കുമെന്ന് പറഞ്ഞിട്ട് എന്തായെന്നും ചോദിച്ചു. ഔദ്യോഗികമായി യോഗം നടന്നില്ലെങ്കിലും മറ്റു ചർച്ചകൾ നടന്നുവെന്നു സർക്കാർ മറുപടി നൽകി.

ശമ്പളം നൽകാതെ ചർച്ച നടത്തിയിട്ട് എന്തു കാര്യമെന്നു കോടതി ചോദിച്ചു. കോടതി ഉത്തരവിറക്കിയാലും നടപ്പാക്കുന്നില്ലെങ്കിൽ എന്താണു പ്രയോജനം? ജൂലൈയിലെ ശമ്പളം നൽകിയിട്ടില്ല. ആ നിലയ്ക്ക് ഓഗസ്റ്റിലെ ശമ്പളം സെപ്റ്റംബർ 5നകം നൽകാനാകുമോ? ഓണത്തിന് 20 ദിവസമാണുള്ളത്. എല്ലാവരും ആഘോഷിക്കുമ്പോൾ കെഎസ്ആർടിസി ജീവനക്കാർ പട്ടിണിയിലാകും. തൊഴിലാളികളുടെ വിധി എന്നു പറഞ്ഞു കയ്യൊഴിയാൻ പറ്റുമോ എന്നു കോടതി ചോദിച്ചു. ശമ്പള വിതരണത്തിനു സർക്കാരിൽ നിന്നു സഹായം കിട്ടണമെന്നു പറഞ്ഞാണു കെഎസ്ആർടിസി 10 ദിവസത്തെ സാവകാശം തേടിയത്. 

English Summary: High court on KSRTC employees salary issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com