ADVERTISEMENT

തിരുവനന്തപുരം ∙ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ, നിയമ നിർമാണത്തിനായി ചേരുന്ന നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ 23നു തന്നെ പരിഗണിക്കാൻ സാധ്യത. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ തുടർന്നുള്ള ദിവസങ്ങളിലാവും പരിഗണിക്കുക. 22നു ചേരുന്ന കാര്യോപദേശക സമിതി ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. റദ്ദായ ഓർഡിനൻസുകൾക്കു പകരമുള്ള 11 ബില്ലുകളും ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലുമാണു കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചത്. 

സഭാ സമ്മേളനത്തിന്റെ ആദ്യ ദിവസമായ 22ന് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട ചർച്ച മാത്രമാണ്. 23 മുതൽ ബില്ലുകൾ പരിഗണിച്ചു തുടങ്ങും. സിപിഐയുടെ ആവശ്യപ്രകാരം 24 മുതൽ 26 വരെ സഭയ്ക്ക് അവധി നൽകേണ്ടി വരും. അങ്ങനെ വന്നാൽ 6 ദിവസമേ നിയമനിർമാണത്തിനു ലഭിക്കൂ. സെപ്റ്റംബർ 2 വരെയാണു സമ്മേളനം. അപ്പോൾ, 3 ദിവസം കൊണ്ടു ബില്ലുകളെല്ലാം അവതരിപ്പിച്ചു സബ്ജക്ട് കമ്മിറ്റിക്കു വിടേണ്ടി വരും.

കമ്മിറ്റിയുടെ പരിഗണനയ്ക്കു ശേഷം മടങ്ങിയെത്തുന്ന ബില്ലുകൾ ചർച്ച ചെയ്തു പാസാക്കാനും 3 ദിവസമേ ലഭിക്കൂ. 12 ബില്ലുകൾ ഉള്ളതിനാൽ ദിവസം നാലെണ്ണം വീതം പരിഗണിക്കേണ്ടി വരും. ഇതിനു പുറമേ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിക്കാനുള്ള ബില്ലും പാസാക്കണം. ഓണം വരുന്നതിനാൽ സമ്മേളനം നീട്ടുന്നതിനു തടസ്സമുണ്ട്. 

English Summary: Vice Chancellor appointment bill on second day of the next assembly session

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com