ADVERTISEMENT

പുന്നയൂർക്കുളം (തൃശൂർ) ∙ പ്ലസ് ടു വിദ്യാർഥിനിയെ സംഘം ചേർന്ന് ഉപദ്രവിച്ച സംഭവത്തിൽ മാതാപിതാക്കളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കും. മാതാപിതാക്കളുമായി അടുപ്പമുള്ളവരാണ് തന്നെ ഉപദ്രവിച്ചതെന്ന് കുട്ടി മൊഴി നൽകിയ സാഹചര്യത്തിലാണിത്. ഒളിവിൽ പോയ 2 പ്രതികളെ കണ്ടെത്തി ചോദ്യം ചെയ്ത ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ. കഞ്ചാവ് വാങ്ങുന്നതിനായി സ്ഥിരം ഇവരുടെ വീട്ടിൽ എത്തിയിരുന്നവരാണു പ്രതികൾ എന്നാണു സൂചന. ഒന്നാം പ്രതി ഷാഫി പിടിയിലായതോടെയാണ് ബാക്കി 2 പ്രതികൾ ഒളിവിൽ പോയത്. ഇതിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുമില്ല. 

പ്രതികൾ ഒളിവിൽ പോകാൻ ഇടയാക്കിയത് വടക്കേകാട് പൊലീസിന്റെ അലംഭാവം കൊണ്ടാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. കുട്ടിയുടെ മൊഴി പ്രകാരം കഴിഞ്ഞ വെള്ളിയാഴ്ചയാണ്  കേസെടുത്തത്. അടുത്ത ദിവസം ഷാഫി കസ്റ്റഡിയിലായി. എന്നാൽ സംഘത്തിലുള്ള പാപ്പാളി സ്വദേശി സ്ഥലം വിട്ടു. അടുത്തയാളെയാണു തിരിച്ചറിയാത്തത്. പരാതി ഗൗരവത്തിൽ എടുക്കാത്ത സമീപനമായിരുന്നു പൊലീസ് ആദ്യം സ്വീകരിച്ചതെന്നും ഷാഫിയെ മാത്രം കുരുക്കി കേസ് അവസാനിപ്പിക്കാനാണ് ശ്രമിച്ചതെന്നും ആക്ഷേപമുണ്ട്.  

പെൺകുട്ടിയുടെ വീട്ടിൽ സ്ഥിരം കഞ്ചാവ് കച്ചവടം നടക്കുന്ന വിവരം പൊലീസിന് അറിയാമായിരുന്നെങ്കിലും കണ്ടില്ലെന്നു നടിച്ചു. ഇവർ നേരത്തെ താമസിച്ച വീട്ടിലെ കഞ്ചാവ് വിൽപന നാട്ടുകാർ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇപ്പോഴത്തെ വാടക വീട്ടിലേക്കു മാറിയത്. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി അന്വേഷണത്തിനു നേതൃത്വം നൽകുന്ന ഗുരുവായൂർ എസിപി കെ.ജി.സുരേഷ് പറഞ്ഞു.

English Summary: Case may be charged against parents in student rape case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com