ADVERTISEMENT

കോഴിക്കോട്∙ ലൈംഗികാതിക്രമക്കേസിൽ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രനെതിരെയുള്ള ആദ്യ പരാതിയിൽ മുൻകൂർ ജാമ്യം അനുവദിച്ച സെഷൻസ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാറിന്റെ മുൻ ഉത്തരവും വിവാദത്തിൽ. രണ്ടാമത്തെ കേസിലെ ജാമ്യഉത്തരവിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ചർച്ചയാകുന്നതിനിടെയാണ് ഇതേ ജഡ്ജിയുടെ ആദ്യ ഉത്തരവിനെതിരെയും വിമർശനമുയരുന്നത്. പട്ടികജാതി–പട്ടികവർഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമത്തിന്റെ അന്തഃസത്ത പോലും ചോദ്യം ചെയ്യുന്നതാണ് ഉത്തരവ് എന്നാണു വിമർശനം. 

സുഹൃത്തുക്കൾക്കൊപ്പം കൊയിലാണ്ടി നന്തിയിൽ കൂട്ടായ്മയിൽ പങ്കെടുക്കാനെത്തിയ എഴുത്തുകാരിയെ സിവിക് നിർബന്ധപൂർവം കടന്നു പിടിച്ചെന്നും ശരീരഭാഗങ്ങളിൽ സ്പർശിച്ചെന്നുമായിരുന്നു ആദ്യ പരാതി. പട്ടികജാതിക്കാരിയാണെന്നു വ്യക്തമായി മനസ്സിലാക്കിയാണ് ലൈംഗികമായി ഉപദ്രവിച്ചതെന്നും പരാതിയിലുണ്ട്. അതിനാൽ പട്ടികജാതി–പട്ടികവർഗക്കാർക്കെതിരായ അക്രമം തടയൽ നിയമത്തിലെ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഈ വകുപ്പ് നിലനിൽക്കില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.

ജാതിവ്യവസ്ഥയ്ക്കെതിരെ നിരന്തരം പോരാടുന്ന സിവിക് ചന്ദ്രൻ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ പോലും ജാതി രേഖപ്പെടുത്തിയിട്ടില്ല. ഇത്തരമൊരാൾ പട്ടികജാതിക്കാരിക്കു നേരെ ബോധപൂർവം ലൈംഗികാതിക്രമം നടത്തിയെന്നു വിശ്വസിക്കാനാകില്ലെന്നും കോടതി പറഞ്ഞിരുന്നു. പരാതിക്കാരിയും പ്രതിയും നല്ല ബന്ധമായിരുന്നെന്നു പ്രതിഭാഗം ഹാജരാക്കിയ ചിത്രങ്ങളിൽ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സിവിക് ചന്ദ്രന്റെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാൽ, പരാതിയിൽ ഉന്നയിക്കുന്നതു പോലെയുള്ള ലൈംഗിക അതിക്രമം നടത്താൻ കഴിയുമെന്നു കരുതുന്നില്ല.

ഏപ്രിൽ 17ന് അതിക്രമം നടന്നെന്നു പറയുമ്പോഴും പരാതി നൽകിയത് ജൂലൈ 16നാണ്. ഇത്ര ദിവസം വൈകിയത് എന്തു കൊണ്ടാണെന്നതിനു കൃത്യമായ വിശദീകരണം അതിജീവിത നൽകിയിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു. സമൂഹത്തിൽ ഉയർന്ന സ്ഥാനം വഹിക്കുന്ന ഒരാളെ ബോധപൂർവം കരിവാരിത്തേക്കാനുള്ള ശ്രമമാണെന്ന് വ്യക്തമാണെന്നും ആദ്യ കേസിലെ ജാമ്യഉത്തരവിൽ ഇതേ ജ‍ഡ്ജ് അഭിപ്രായപ്പെട്ടിട്ടുണ്ട്. 

English Summary: Controversy on civic chandran first bail order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com