ADVERTISEMENT

തിരുവനന്തപുരം ∙ ജനവാസ മേഖലകൾ പൂർണമായി ഒഴിവാക്കി വേണം പരിസ്ഥിതിലോല മേഖലകൾ (ഇഎസ്‍സെഡ് / ബഫർ സോൺ) നിശ്ചയിക്കാനെന്ന് ആവർത്തിച്ച് ആവശ്യപ്പെടുമ്പോഴും ‘ജനവാസ മേഖല’ സംബന്ധിച്ചു സംസ്ഥാന വനം വകുപ്പിനു കൃത്യമായ നിർവചനമില്ല. വനനിയമങ്ങളിൽ ജനവാസ മേഖലകളെ നിർവ‍ചിച്ചിട്ടില്ലെന്നാണ് ഇതുസംബന്ധിച്ചു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു വകുപ്പ് നൽകുന്ന മറുപടി. ബഫർ സോൺ വിഷയം സുപ്രീം കോടതി വരെയെത്തിയ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിലും ‘ജനവാസ മേഖല’യെ വനം വകുപ്പ് കൃത്യമായി നിർവചിക്കാത്തതു വീഴ്ചയാണെന്ന് ആരോപണം ഉയരുന്നു. 

ലക്ഷക്കണക്കിനു ജനങ്ങളെ ബാധിക്കുന്ന ബഫർ സോൺ വിഷയത്തിൽ, കേന്ദ്ര വനം– പരിസ്ഥിതി മന്ത്രാലയവുമായി കേരളം ഇതുവരെ കത്തി‍ടപാടുകൾ നടത്തിയതും സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകിയതും ജനവാസ മേഖല എന്താണെന്നു നിർവചിക്കാ‍തെയാണ്. ഇക്കാര്യത്തിൽ വ്യക്തതയില്ലാതെ ബഫർ സോണിൽനിന്ന് ജനവാസ മേഖലകളെ എങ്ങനെ ഒഴിവാക്കു‍മെന്ന ചോദ്യത്തിനും വനം വകുപ്പിനു മറുപടിയില്ല. 

കേരളത്തിൽ ജനവാസ മേഖലകളെ പ്രത്യേകമായി നിർവചിച്ചിട്ടു‍ണ്ടെങ്കിൽ അത് അറിയിക്കണമെന്നു കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) വിവരാവകാശ നിയമപ്രകാരം അഡ്വക്കറ്റ് ജനറലിന് അപേക്ഷ നൽകിയിരുന്നു. എജിയുടെ ഓഫിസ് കഴിഞ്ഞ മാസം 22ന് ഇതു വനം വകുപ്പിനു കൈമാറി. ഈ മാസം അഞ്ചിനു നൽകിയ മറുപടിയിലാണ് ജനവാസ മേഖലകളെ പ്രത്യേകമായി നിർവഹിച്ചിട്ടി‍ല്ലെന്നു വനം വകുപ്പ് അറിയിച്ചത്. 

സുപ്രീം കോടതിയിൽ വെള്ളം കുടിക്കും

ബഫർ സോണിൽനിന്നു ജനവാസ മേഖലകൾ പൂർണമായി ഒഴിവാക്കണമെന്നും ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകൾ കണക്കിലെടുത്ത് ബഫർ സോൺ നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ കേരളം പുനഃപരിശോധനാ ഹർജി നൽകിയിരിക്കുന്നത്. ജനവാസ മേഖല എങ്ങനെ കണക്കാക്കുമെന്നു കോടതി ചോദിച്ചാൽ കേരളം വെട്ടിലാകും. കേരളത്തിൽ ജനവാസ മേഖല നിർവചിക്കപ്പെട്ടിരിക്കുന്നത് എങ്ങനെയെന്നു കേന്ദ്ര ഉന്നതാധികാര സമിതിയും ചോദിക്കാൻ സാധ്യതയുണ്ട്. വനമേഖലയ്ക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സ്ഥലം ബഫർ സോൺ ആക്കാനുള്ള 2019ലെ സർക്കാർ ഉത്തരവു റദ്ദാക്കാതെയാണു പുനഃപരിശോധനാ ഹർജി നൽകിയത് എന്ന ആശങ്കയ്ക്കിടെയാണു പുതിയ പ്രശ്നവും തലപൊക്കുന്നത്. 

പിന്നീട് നിർവചിക്കുമെന്ന് അറിയിക്കും

‘ജനവാസ മേഖലയുടെ നിർവചനം സുപ്രീം കോടതി ആരാഞ്ഞാൽ പിന്നീട് നിർവചിക്കുമെന്നു അറിയിക്കും. ജനങ്ങൾ വീടു വച്ചു താമസിക്കുന്ന സ്ഥലം എന്നതാണു വനം വകുപ്പ് ഉദ്ദേശിക്കുന്നത്. വീടായാലും വ്യാപാരകേന്ദ്രമായാലും ജനവാസ മേഖലയിൽ ഉൾപ്പെടുമെന്നാണു സർക്കാർ നിലപാട്.’ –  എ.കെ.ശശീന്ദ്രൻ, വനം മന്ത്രി

English Summary: Government of kerala have no clarity regarding buffer zone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com