ADVERTISEMENT

തിരുവനന്തപുരം∙ അനുനയ സാധ്യതകൾ കുറഞ്ഞു വരുന്ന തരത്തിൽ രാജ്ഭവനും സർക്കാരും തമ്മിലുള്ള ബന്ധം ഉലയുന്നു. മുൻപില്ലാത്ത വിധം സംശയദൃഷ്ടിയോടെയാണു ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സിപിഎം സമീപിക്കുന്നത്. വിട്ടുവീഴ്ച പ്രതീക്ഷിക്കേണ്ടെന്ന സന്ദേശം ഒരു മയവും ഇല്ലാതെ ഗവർണറും നൽകുന്നു. മുഖ്യമന്ത്രിയും ഗവർണറും തമ്മിലെ കൂടിക്കാഴ്ചകളായിരുന്നു മുൻപു പലപ്പോഴും മഞ്ഞുരുക്കിയതെങ്കിൽ അതും നടക്കുന്നില്ല. 

അടിക്കു തിരിച്ചടി എന്ന നിലയിലാണു സർക്കാരിന്റെ നീക്കങ്ങളെ ഇപ്പോൾ ഗവർണർ കൈകാര്യം ചെയ്യുന്നത്. കേരള സർവകലാശാല വിസി നിയമനത്തിൽ തന്നെ മറികടന്നുളള നീക്കം മനസ്സിലാക്കിയ ഉടൻ അദ്ദേഹം വേറെ സമിതി രൂപീകരിച്ചു. ഓർഡിനൻസിലൂടെ അതിനെ വെട്ടാൻ സർക്കാർ നോക്കിയപ്പോൾ 11 ഓർഡിനൻസും അദ്ദേഹം പിടിച്ചുവച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ കണ്ണൂർ യൂണിവേഴ്സിറ്റിയിലെ വിവാദ നിയമന നടപടി തന്നെ ഗവർണർ ഇപ്പോൾ മരവിപ്പിച്ചിരിക്കുന്നു. ഗവർണർ കേന്ദ്രത്തിന്റെ ചട്ടുകമാണെന്ന് ഇതോടെ സിപിഎം തുറന്നടിച്ചു. സിപിഎമ്മിന്റെ ഇക്കഴിഞ്ഞ സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ കേരള സർക്കാരിനെ ഞെരുക്കാനുള്ള കേന്ദ്ര നീക്കത്തിൽ രാജ്ഭവൻ പങ്കാളിയാകുന്നു എന്ന വികാരം ഉയർന്നിരുന്നു. 

ആരിഫ് മുഹമ്മദ് ഖാനും പിണറായി സർക്കാരും ഇടയുന്നത് ഇതാദ്യമല്ല. പക്ഷേ തർക്കത്തിന്റെ പാരമ്യത്തിൽ എത്തുമ്പോഴും അനുരഞ്ജന വാതിൽ അടഞ്ഞുപോകാതെ ഇരുകൂട്ടരും നോക്കുമായിരുന്നു. അതുകൊണ്ടു തന്നെ 11 ഓർഡിനൻസുകൾ അദ്ദേഹം പിടിച്ചുവച്ച ഘട്ടത്തിൽ, പിന്നീട് അയയുമെന്നും ഒപ്പിടുമെന്നുമാണു സർക്കാർ കേന്ദ്രങ്ങൾ വിചാരിച്ചത്. എന്നാൽ വൈസ് ചാൻസലർ നിയമനത്തിൽ രാജ്ഭവന്റെ പങ്കാളിത്തം ദുർബലമാക്കുന്ന ഓർഡിനൻസ് തയാറാകുന്നതായി വിവരം കിട്ടിയതോടെ വഴങ്ങാൻ അദ്ദേഹം കൂട്ടാക്കിയില്ല. ചാൻസലർക്കു മുകളിൽ ട്രൈബ്യൂണൽ വരുന്ന തരത്തിൽ നിയമപരിഷ്കാര കമ്മിഷന്റെ നിർദേശം വരുന്നതായ വാർത്തകളും അദ്ദേഹത്തെ പ്രകോപിപ്പിച്ചിരിക്കണം. കണ്ണൂർ വിസി നിയമനത്തോടു തന്നെ വിയോജിപ്പുള്ള അദ്ദേഹം സർവകലാശാലാ നേതൃത്വത്തെ മുള്ളിൽ നിർത്തുന്ന നടപടികളാണു തുടങ്ങി വച്ചിരിക്കുന്നത്. 

സർക്കാരിന്റെ വികസന പദ്ധതികളെ സമ്മർദത്തിലാക്കുന്ന തരത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണ നീക്കം ഒരു വശത്തു നടക്കുമ്പോൾ തന്നെ ഗവർണർ നിരന്തരം ഇടയുന്നതു യാദൃച്ഛികമായി സിപിഎം കാണുന്നില്ല. മറ്റു സംസ്ഥാനങ്ങളിൽ ഗവർണറെ ഉപയോഗിച്ചു സർക്കാരിനെ വെട്ടിലാക്കുന്ന കേന്ദ്രനീക്കം കേരളത്തിലും ആവർത്തിച്ചേക്കാമെന്നതിന്റെ സൂചനയായി ഇതിനെ പാർട്ടി കാണുന്നു. അതുകൊണ്ടു തന്നെ ഗവർണർക്കെതിരായുള്ള രാഷ്ട്രീയ പ്രസ്താവനകൾ ഒരു മുഴം മുൻപേ നീട്ടിയുള്ള എറിയലാണ്. അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരും ജാഗ്രത പാലിക്കുന്നു. പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട വിഷയം കണ്ണൂർ വാഴ്സിറ്റിയാണു കൈകാര്യം ചെയ്യുന്നതെന്നു ചൂണ്ടിക്കാട്ടി സംയമനം പാലിക്കുകയാണു മന്ത്രിമാരായ പി.രാജീവും ആർ.ബിന്ദുവും ഇന്നലെ ചെയ്തത്. 

പ്രിയയുടെ നിയമന നടപടി മരവിപ്പിക്കുക വഴി സർവകലാശാലകളിലെ സിപിഎം നിയമനങ്ങൾ ഗവർണർ പൊതു ചർച്ചയിലേക്കും ശക്തമായി കൊണ്ടുവന്നിരിക്കുകയാണ്. വിസി നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഓർഡിനൻസ് അടക്കം ചർച്ച ചെയ്യാൻ പോകുന്ന നിയമസഭാ സമ്മേളനം ആരിഫ് മുഹമ്മദ് ഖാന് എതിരായുള്ള രോഷപ്രകടന വേദിയായി മാറാനാണ് എല്ലാ സാധ്യതയും. കർശന നിലപാട് അദ്ദേഹം എടുത്തതു കൊണ്ടാണ് ഇപ്പോൾ സമ്മേളനം വിളിക്കേണ്ടി വന്നതു തന്നെ. വിസി നിയമന ബിൽ അദ്ദേഹം പിടിച്ചുവയ്ക്കാനാണ് ഇടയെന്നിരിക്കെ കേരള വാഴ്സിറ്റി വിസി നിയമന പ്രക്രിയ എങ്ങനെ നടക്കും എന്നതു വലിയ തർക്കത്തിലേക്കു പോകാനും എല്ലാ സാധ്യതയുമുണ്ട്. 

ഉത്സാഹിക്കാതെ ബിജെപി; പിന്തുണച്ച് പ്രതിപക്ഷം

ബിജെപിയുടെ ആഗ്രഹത്തിന് അനുസരിച്ചു ഗവർണർ രാഷ്ട്രീയം കളിക്കുന്നുവെന്ന സിപിഎം ആക്ഷേപം രാജ്ഭവൻ കേന്ദ്രങ്ങൾ തള്ളി. കേരള വാഴ്സിറ്റി നിയമനത്തിനായി തന്റെ നോമിനിയായി കോഴിക്കോട് ഐഐഎം പ്രതിനിധിയെ അല്ലേ ഗവർണർ വച്ചതെന്നും ബിജെപിക്കാരെ അല്ലല്ലോയെന്നുമാണു വാദം. ഗവർണറുടെ സമ്മർദ നീക്കങ്ങളിൽ അത്യുത്സാഹം കാണിക്കാൻ ബിജെപി സംസ്ഥാന ഘടകവും തയാറായിട്ടില്ല. കേരളത്തിലെ പാർട്ടി നേതാക്കൾക്കു രാജ്ഭവനിൽ കൈകടത്താൻ കാര്യമായ അവസരമൊന്നും ആരിഫ് മുഹമ്മദ് ഖാൻ കൊടുക്കാറുമില്ല. ഗവർണർ നാടകം കളിക്കുകയാണെന്ന പതിവ് ആരോപണം വിട്ട് അദ്ദേഹത്തെ പിന്തുണയ്ക്കാൻ ഇത്തവണ പ്രതിപക്ഷം തയാറായി. 

English Summary: Governor vs Government of Kerala tug of war

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com