ADVERTISEMENT

തിരുവനന്തപുരം ∙ സർവകലാശാലയുടെ പരമാധികാരിയായ ചാൻസലറുടെ കീഴിലുള്ള വൈസ് ചാൻസലർക്കോ സിൻഡിക്കറ്റിനോ അദ്ദേഹത്തിനെതിരെ കേസ് കൊടുക്കാൻ അവകാശമുണ്ടോ ? ഡോ. പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗം അസോഷ്യേറ്റ് പ്രഫസറായി നിയമിക്കുന്നത് ഗവർണർ മരവിപ്പിച്ചതിനെതിരെ കേസ് കൊടുക്കാൻ സിൻഡിക്കറ്റ് തീരുമാനിച്ചതോടെ നിയമവൃത്തങ്ങളിൽ ഉയരുന്ന ചോദ്യമാണിത്. 

നിയമനം ലഭിക്കേണ്ട ഒരു ഉദ്യോഗാർഥിക്കുവേണ്ടി സർവകലാശാല തിരക്കിട്ടു കേസിനു പോയാൽ ഇന്റർവ്യൂവിൽ പക്ഷപാതം കാട്ടിയെന്ന ആരോപണം ശരിവയ്ക്കുന്നതിനു തുല്യമാകുകയും ചെയ്യും. അതേസമയം പ്രിയ വർഗീസിന് ചാൻസലറെ എതിർകക്ഷിയാക്കി കേസിനു പോകാൻ തടസ്സമില്ലെന്നും നിയമ വിദഗ്ധർ പറയുന്നു. 

സർക്കാരിന്റെ പിന്തുണയോടെയാണ് സർവകലാശാല കേസിനു പോകുന്നത്. ചാൻസലർ, പ്രോ ചാൻസലർ, വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ എന്നിവരും സിൻഡിക്കറ്റുമെല്ലാം നിയമം അനുസരിച്ചു സർവകലാശാലയുടെ ഭാഗമാണ്. ഇവർ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടാകാമെങ്കിലും പരസ്പരം കേസ് കൊടുക്കുന്ന സ്ഥിതി വന്നാൽ സർവകലാശാലാ പ്രവർത്തനം താറുമാറാകും. വിസിക്കെതിരെ റജിസ്ട്രാർ കേസ് കൊടുക്കുന്ന സ്ഥിതി വരാം. അതേസമയം വിസിയെയും സിൻഡിക്കറ്റിനെയും പുറത്താക്കുന്നതുപോലുള്ള തീരുമാനം ചാൻസലർ എടുത്താൽ അവർക്കു കേസിനു പോകാം. അത് അവരെ വ്യക്തിപരമായി ബാധിക്കുന്ന കാര്യമാണ്. മുൻപ് കലാമണ്ഡലം വിസി ഗവർണർക്കെതിരെ കേസിനു പോയിരുന്നു. ഇതിൽ ഗവർണർ അതൃപ്തി പ്രകടിപ്പിക്കുകയും പിന്നീട് സർക്കാർ ഇടപെട്ട് കേസ് പിൻവലിപ്പിക്കുകയും ആയിരുന്നു. 

സർവകലാശാലയുടെ കാര്യത്തിൽ അവസാന വാക്ക് ചാൻസലറാണ്. പ്രിയ വർഗീസിന്റെ അധ്യാപന പരിചയത്തിന്റെ കാര്യത്തിൽ സർവകലാശാല നിയമോപദേശം തേടിയെന്ന വിസിയുടെ വിശദീകരണം പോലും ഉദ്യോഗാർഥിയോടുള്ള പ്രത്യേക താൽപര്യമായി വിലയിരുത്തപ്പെടാമെന്നിരിക്കെയാണ് ചാൻസലറുടെ തീരുമാനത്തിനെതിരെ സർവകലാശാല തിരക്കിട്ടു കേസിനു പോകുന്നത്. 

കോടതി ഇടപെടുമോ ?

നിയമന നടപടികൾക്കെതിരെ ആരോപണം ഉയരുകയും പ്രിയ വർഗീസിനെ 2 ദിവസത്തിനകം നിയമിക്കുമെന്നു വിസി പ്രഖ്യാപിക്കുകയും ചെയ്തതിനെത്തുടർന്നാണ് ഗവർണർ നടപടികൾ മരവിപ്പിച്ചത്. ആരോപണത്തിന്റെ വിശദാംശങ്ങളിലേക്ക് അദ്ദേഹം കടന്നിട്ടില്ല. ബന്ധപ്പെട്ടവരെ വിളിച്ച് ഹിയറിങ് നടത്തിയ ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ. ഗവർണർ തീരുമാനം എടുക്കാനിരിക്കുന്ന വിഷയത്തിലാണ് അദ്ദേഹത്തിനു കീഴിലുള്ള സർവകലാശാല തിരക്കിട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്. ഇതിൽ കോടതി ഇടപെടുമോ എന്നാണ് ഇനി അറിയേണ്ടത്. 

English Summary: Kannur University against Chancellor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com