ADVERTISEMENT

കോഴിക്കോട്∙ കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ (കെഎംഎസ്‌സിഎൽ) മരുന്നു സംഭരണം അവതാളത്തിലായതിന്റെ ഉത്തരവാദിത്തം സോഫ്റ്റ്‌വെയർ പിഴവിൽ കെട്ടിവച്ചു തലയൂരാൻ അധികൃതരുടെ ശ്രമം. മരുന്നു സംഭരണം പാളുന്നതിനെപ്പറ്റി ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടർ ഡോ.രത്തൻ യു. ഖേൽക്കർ വിശദമായ പഠനം ആരംഭിച്ചതോടെ ജീവനക്കാർക്കിടയിൽ പൊട്ടിത്തെറിയും തുടങ്ങി.

കാരുണ്യ, വെയർഹൗസുകൾ തുടങ്ങി ഓരോ വിഭാഗത്തിൽ നിന്നും വിശദാംശങ്ങൾ ശേഖരിക്കുന്നതിനിടെ ആസ്ഥാനത്തെ ഓഫിസിലെ യോഗ്യതയില്ലാത്ത ജീവനക്കാരും യൂണിയൻ നേതാക്കളുമാണു കോർപറേഷന്റെ തകർച്ചയ്ക്കു വഴി വയ്ക്കുന്നതെന്നും ഇക്കാര്യം പരിശോധിക്കണമെന്നും ഒരുവിഭാഗം ജീവനക്കാർ തുറന്നടിച്ചു. ഇതോടെയാണ് സോഫ്റ്റ് വെയർ പിഴവിനെ പഴിചാരാൻ നീക്കം നടക്കുന്നത്.

മനുഷ്യവിഭവശേഷി (എച്ച്ആർ) വിഭാഗത്തിന്റെ പ്രവർത്തനങ്ങളും പഠിക്കാൻ നിർദേശം നൽകിയിരുന്നു. മുൻമന്ത്രിയുടെ ബന്ധു ഉൾപ്പെടെ യോഗ്യതയില്ലാത്ത ജീവനക്കാരെ നിർണായക തസ്തികയിൽ നിയമിക്കാനുള്ള തീരുമാനം എച്ച്ആർ വിഭാഗത്തിന്റേതായിരുന്നു. ജനറൽ മാനേജരുടെ പഴ്സനൽ അസിസ്റ്റന്റിനെ മാറ്റിയതും ആരോഗ്യ പ്രശ്നങ്ങളുള്ള സ്ത്രീകളെ വരെ മാസാമാസം സ്ഥലം മാറ്റിയതും ഈ വിഭാഗത്തെ നിയന്ത്രിക്കുന്ന യൂണിയൻ നേതാവായിരുന്നു. ഇതെക്കുറിച്ചു വിവരം നൽകാൻ ജീവനക്കാർ ഒരുങ്ങിയിരുന്നെങ്കിലും എച്ച്ആർ വിഭാഗത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഭാഗം പഠനത്തിൽ നിന്ന് ഒഴിവാക്കി.

സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യാൻ പോലും അറിയാത്തവരാണു മരുന്നു വാങ്ങൽ വിഭാഗത്തിനു നേതൃത്വം കൊടുക്കുന്നതെന്നും ജീവനക്കാർ പറയുന്നു. അടുത്തിടെ ബോർഡ് യോഗത്തിൽ അജൻഡയ്ക്കു പുറത്തു നിന്നുള്ള ഇനമായി കൊണ്ടുവന്ന് മുൻമന്ത്രിയുടെ ബന്ധുവിനെ ഉന്നത തസ്തികയിൽ നിയമിച്ചിരുന്നു. ഇവരുടെ പരിചയക്കുറവാണു മരുന്നു സംഭരണം പാളാൻ കാരണമായതെന്നാണ് ആരോപണം.

മരുന്നിന് പണമില്ല; ജിംനേഷ്യത്തിന് 5 ലക്ഷം

മാസങ്ങളായി മരുന്നു കമ്പനികൾക്കു കുടിശിക നൽകിയിട്ടില്ല. ഇതിനിടെയാണ് 5 ലക്ഷത്തോളം രൂപ മുടക്കി കോർപറേഷൻ ആസ്ഥാനത്തു ജിംനേഷ്യം മെച്ചപ്പെടുത്താൻ ടെൻഡർ വിളിച്ചത്. 10 മുതൽ വൈകിട്ട് 5 വരെ മാത്രം ജീവനക്കാർ വരുന്ന ഓഫിസിൽ ആർക്കു വേണ്ടിയാണു ജിംനേഷ്യം എന്ന ചോദ്യത്തിന് മറുപടിയില്ല.

Content Highlight: Medicine procurement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com