എല്ലാ സർവകലാശാലകളിലെയും സിപിഎം ബന്ധുനിയമനങ്ങൾ ഗവർണർ റദ്ദാക്കണം: സതീശൻ

Mail This Article
തിരുവനന്തപുരം∙ കഴിഞ്ഞ 6 വർഷത്തിനിടെ കേരളത്തിലെ എല്ലാ സർവകലാശാലകളിലും നടന്ന സിപിഎം ബന്ധുനിയമനങ്ങളെക്കുറിച്ചു ഗവർണർ അന്വേഷിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. കണ്ണൂർ സർവകലാശാലയുടെ നിയമവിരുദ്ധ നീക്കമാണു ഗവർണർ തടഞ്ഞത്. എല്ലായിടത്തും ഇതു തന്നെയാണു നടന്നത്. അതെല്ലാം റദ്ദാക്കാൻ ഗവർണർ നടപടി എടുക്കണം. സർവകലാശാലകളിലെ അധ്യാപക നിയമനം പിഎസ്‌സിക്ക് വിടണം.
സിപിഎം നേതാക്കളുടെ ബന്ധുക്കൾക്കായി സർവകലാശാലകളിലെ അധ്യാപക ജോലി ‘റിസർവ്’ ചെയ്തിരിക്കുകയാണെന്നു സതീശൻ ആരോപിച്ചു. 25 വർഷത്തെ അധ്യാപന പരിചയവും നൂറിലേറെ ഗവേഷണ പ്രബന്ധങ്ങളുമുള്ള അധ്യാപകനു ലഭിച്ച സ്കോർ 651 ആയിരുന്നു. എന്നാൽ 156 സ്കോർ ലഭിച്ചയാൾക്ക് ഇന്റർവ്യൂവിൽ മറ്റെയാളെക്കാൾ 2 മാർക്ക് കൂടുതൽ നൽകി ഒന്നാം സ്ഥാനത്തെത്തിച്ചു. സർവകലാശാലാ ഭേദഗതി ബിൽ കൊണ്ടുവരുന്നതും ഇഷ്ടക്കാരായ ആളുകളെ വൈസ് ചാൻസലർമാരാക്കി അധ്യാപക നിയമനം അട്ടിമറിക്കാനാണ്. അത്തരത്തിൽ നിയമിക്കപ്പെടുന്ന വിസിമാർ സർക്കാരിനു മുന്നിൽ അടിമകളെപ്പോലെ നിൽക്കും. അതാണു കണ്ണൂർ സർവകലാശാലയിൽ നടന്നത്. നിയമനം റദ്ദാക്കിയ ഗവർണറുടെ നടപടിക്കെതിരെ കോടതിയിൽ പോകുമെന്നു പറയുന്നത് അനീതി പുനഃസ്ഥാപിക്കാനാണ്. എങ്കിൽ യുഡിഎഫും നിയമവഴി തേടും.
ഗവർണർ നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ പ്രതിപക്ഷം എതിർക്കുമെന്നു സതീശൻ വ്യക്തമാക്കി. കണ്ണൂർ വിസിയെ ഗവർണർ നിയമിച്ചതും മന്ത്രി കത്തെഴുതിയതും നിയമവിരുദ്ധമാണെന്നു തങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പിന്നീടു ഗവർണറും അതു സമ്മതിച്ചു. അങ്ങനെയെങ്കിൽ ആ വിസിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത് അദ്ദേഹം അംഗീകരിച്ചില്ല. ഇപ്പോഴാണു ഗവർണർ ശരി ചെയ്തത്.
∙ കോടതി പരാമർശം ഞെട്ടിക്കുന്നത്
സിവിക് ചന്ദ്രൻ കേസിൽ അതിജീവിതയ്ക്കെതിരായുള്ള കോടതി പരാമർശങ്ങൾ ഞെട്ടിക്കുന്നതാണെന്നു സതീശൻ പറഞ്ഞു. ഏതു കാലത്താണ് ഈ ജഡ്ജി ജീവിക്കുന്നത്. കോടതികൾ ഇങ്ങനെ ചെയ്താൽ നീതി തേടി മനുഷ്യർ എവിടേക്കു പോകും. പട്ടികജാതി വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനും അതിക്രമങ്ങൾ തടയുന്നതിനും പാർലമെന്റ് പാസാക്കിയ നിയമത്തെ ജുഡീഷ്യറി ചവിട്ടി അരയ്ക്കുന്നു. ദൗർഭാഗ്യകരമായ ഈ പരാമർശത്തിൽ ഹൈക്കോടതി ഇടപെടുമെന്നാണു പ്രതീക്ഷയെന്നും സതീശൻ പറഞ്ഞു.
English Summary: VD Satheesan against Kannur university appointments