ADVERTISEMENT

കണ്ണൂർ ∙ മലയാളം പഠനവകുപ്പിൽ അസോഷ്യേറ്റ് പ്രഫസറായി ഡോ. പ്രിയ വർഗീസിനു നിയമനം നൽകുന്നതു സ്റ്റേ ചെയ്ത ഗവർണറുടെ നടപടിക്കെതിരെ കണ്ണൂർ സർവകലാശാല ഹൈക്കോടതിയെ സമീപിക്കുന്നതു വൈകും. നിയമനം സ്റ്റേ ചെയ്യുന്നതു സംബന്ധിച്ചു ഗവർണർ അയച്ച ഇ–മെയിൽ സന്ദേശം മാത്രമാണ് സർവകലാശാലയിൽ ഇതുവരെ ലഭിച്ചിട്ടുള്ളത്. കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്നും ചാൻസലറുടെ ഇ–മെയിലിൽ പറഞ്ഞിരുന്നെങ്കിലും ലഭിച്ചിട്ടില്ല. 

സർവകലാശാലയുടെ നടപടി റഗുലേഷനോ ആക്ടിനോ സ്റ്റാറ്റ്യൂട്ടിനോ വിരുദ്ധമാണെങ്കിൽ വിശദീകരണം ചോദിച്ച ശേഷം റദ്ദാക്കാൻ ചാൻസലർക്ക് അവകാശമുണ്ട്. എന്നാൽ, സ്റ്റേ ചെയ്യാൻ കഴിയില്ല. നിയമപരമായ നടപടിക്രമം പാലിച്ചല്ല, പ്രിയയുടെ നിയമനം സ്റ്റേ ചെയ്യാൻ ഗവർണർ തീരുമാനിച്ചതെന്നാണ് സർവകലാശാല സിൻഡിക്കറ്റിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് വിശദമായ നിയമോപദേശം തേടിയ ശേഷം കോടതിയെ സമീപിക്കാൻ സിൻഡിക്കറ്റ് സർവകലാശാലയ്ക്കു കഴിഞ്ഞ ദിവസം അനുമതി നൽകിയത്. 

സർവകലാശാല എടുത്ത തീരുമാനങ്ങളിൽ മുൻപും വൈസ് ചാൻസലറെയും റജിസ്ട്രാറെയും വിളിച്ചുവരുത്തി ഗവർണർ വിശദീകരണം തേടിയിരുന്നു. മട്ടന്നൂർ പിആർഎൻഎസ്എസ് കോളജിലെ പ്രിൻസിപ്പൽ നിയമന അംഗീകാരവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഇക്കാര്യം പിന്നീട് ഹൈക്കോടതിയിലെത്തിയപ്പോൾ വൈസ് ചാൻസലറുടെ നടപടിയാണ് കോടതി അംഗീകരിച്ചത്. 

നിയമനം യുജിസി ചട്ടങ്ങൾ പാലിച്ചെന്നു പ്രിയ വർഗീസ്

കണ്ണൂർ ∙ സർവകലാശാലയിലെ മലയാളം അസോഷ്യേറ്റ് പ്രഫസർ നിയമനത്തിൽ ചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ല എന്ന് യുജിസി ചട്ടങ്ങൾ വായിക്കുന്ന ആർക്കും ബോധ്യമാകുമെന്നു പ്രിയ വർഗീസ്. യുജിസി റെഗുലേഷനെക്കുറിച്ച് ലവലേശം അറിവില്ലാത്തവരാണ് ഫാക്കൽറ്റി ഡവലപ്മെന്റ് പ്രോഗ്രാം വഴി പിഎച്ച്ഡി ചെയ്യുന്നത് അധ്യാപന പരിചയമായി കണക്കാക്കില്ല എന്നു വാദിക്കുന്നത്. യുജിസി നോട്ടിഫിക്കേഷനിലെ ചില വരികൾ മാത്രം പൊക്കിപ്പിടിച്ചാണു ചിലരുടെ ആക്രോശമെന്നും ഫെയ്സ്ബുക് പോസ്റ്റിൽ പ്രിയ വിശദീകരിക്കുന്നു. 

സർവകലാശാല സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടറായുള്ള പ്രിയയുടെ ഡപ്യൂട്ടേഷൻ ചട്ട വിരുദ്ധമാണെന്ന ആരോപണത്തിനും യുജിസി റഗുലേഷൻ അടിസ്ഥാനമാക്കി നാളെ വിശദമായ മറുപടി ഫെയ്സ്ബുക്കിലൂടെ നൽകുമെന്നു പറഞ്ഞാണു പോസ്റ്റ് അവസാനിപ്പിച്ചത്. 

English Summary: Kannur university will wait to move High Court against Governor in Priya Varghese appointment issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com