ADVERTISEMENT

കണ്ണൂർ ∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് ഫർസീൻ മജീദിനെതിരെ ‘കാപ്പ’ ചുമത്താൻ പൊലീസ് നീക്കം. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ നടപ്പാക്കിയ നിയമമാണിത്. ഫർസീൻ സ്ഥിരം കുറ്റവാളിയാണെന്നും ‘കാപ്പ’ ചുമത്തണമെന്നുമുള്ള ശുപാർശ ഡിഐജി കലക്ടർക്കു സമർപ്പിച്ചു. 

ഫർസീൻ 19 കേസുകളിൽ പ്രതിയാണെന്നു സിപിഎം നേരത്തേ ആരോപിച്ചിരുന്നു. എന്നാൽ ‘കാപ്പ’ ചുമത്താനായി പൊലീസ് തയാറാക്കിയ നോട്ടിസിൽ 13 കേസുകളാണുള്ളത്. ഗതാഗതം തടസ്സപ്പെടുത്തിയും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുമുള്ള പ്രകടനങ്ങളുടെ പേരിലുള്ളതാണ് ഇവയിൽ ഏഴെണ്ണവും. സിപിഎം പ്രവ‍ർത്തകരെ മർദിച്ചു, കൊടിതോരണങ്ങൾ നശിപ്പിച്ചു, മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു, സ്കൂളിൽ ഓഫിസ് ജീവനക്കാരെ ഭീഷണിപ്പെടുത്തി, ക്ലബ്ബിനു നേരെ അക്രമം നടത്തി എന്നീ പേരുകളിൽ ഓരോ കേസുമുണ്ട്.

നീക്കം ഭരണകൂട ഭീകരതയാണെന്ന് ഫർസീൻ മജീദ് പ്രതികരിച്ചു. ഫാഷിസ്റ്റ് സർക്കാരിന്റെ ഭീരുത്വമാണു വ്യക്തമാകുന്നതെന്നും പറഞ്ഞു. കണ്ണൂർ ജില്ലയിലെ മുട്ടന്നൂർ യുപി സ്കൂൾ അധ്യാപകനായ ഫർസീനെ (27) കേസിനെത്തുടർന്ന് സ്കൂളിൽനിന്ന് 6 മാസത്തേക്കു സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ‘കാപ്പ’ ചുമത്തപ്പെട്ടാൽ ജില്ലയ്ക്കു പുറത്തേക്കു നാടുകടത്തുകയോ ഒരു വർഷം വരെ കരുതൽതടങ്കലിൽ വയ്ക്കുകയോ ചെയ്യാം.

English Summary: Police to impose KAAPA Act against Farzeen Majid 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com