ADVERTISEMENT

താനൂർ (മലപ്പുറം) ∙ താനാളൂരിൽ ബേക്കറിയിൽ കയറിയ കള്ളൻ കാശൊന്നും കിട്ടാതായപ്പോൾ 6 ചാക്കിലായി മധുര പലഹാരങ്ങളുമായി കടന്നു.

ജ്യോതി നഗർ കോളനി കുറ്റിക്കാട്ടിൽ അഹമ്മദ്‌ അസ്‌ലമിനെയാണ് (24) സംഭവത്തിൽ അറസ്റ്റ് ചെയ്തത്. പകരയിൽ അധികാരത്ത് അഹമ്മദിന്റെ അസ്‌ലം ബേക്കറിയിലാണ് മധുര മോഷണം നടന്നത്.

കഴിഞ്ഞ ദിവസം രാത്രി 12നും പുലർച്ചെ 1.30നും ഇടയ്ക്കു കടയുടെ ഗ്രിൽ തകർത്ത് അകത്തു കയറിയാണ് മോഷണം. പണം കിട്ടാതെ നിരാശനായപ്പോഴാണ് ഹൽവ, ബിസ്കറ്റ്, ഈത്തപ്പഴം എന്നിവയും വിലയേറിയ ചോക്ലേറ്റും തിരഞ്ഞെടുത്ത് ചാക്കിലാക്കി കടന്നത്. പ്രതിയെ 24 മണിക്കൂറിനകം വേങ്ങരയിൽവച്ച് പൊലീസ് സംഘം പിടിച്ചു.

ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഓട്ടോയിലാണ് പ്രതി വന്നതെന്ന് കണ്ടെത്തിയിരുന്നു. നമ്പർ വ്യക്തമല്ലെങ്കിലും അന്വേഷണ സംഘം മേഖലയിലെ ഇരുനൂറോളം ഓട്ടോകൾ പരിശോധിച്ചു. ഓട്ടോ ഡ്രൈവറായ പ്രതി മുഖം മറച്ചാണ് കടയുടെ അകത്തു കയറിയത്. 

മൊത്തം 35,000 രൂപ വിലവരുന്ന പലഹാരങ്ങളാണ് ഓട്ടോയിൽ കയറ്റി കൊണ്ടുപോയത്. മിക്കതും വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. 

എസ്ഐ ആർ.ബി.കൃഷ്ണലാൽ, സീനിയർ സിപിഒമാരായ കെ.സലേഷ്, മുഹമ്മദ്‌ കുട്ടി, സിപിഒമാരായ അഭിലാഷ്, ലിബിൻ, അനൂപ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

English Summary: Thief stoles bakery items

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com