തൊട്ടാൽ വെട്ടാൻ ഗവർണർ; കണ്ണൂർ വിസി പരസ്യമായി വെല്ലുവിളിക്കുന്നു, അതൃപ്തി

arif-mohammed-khan-7
ആരിഫ് മുഹമ്മദ് ഖാൻ
SHARE

തിരുവനന്തപുരം ∙ കണ്ണൂർ സർവകലാശാല തനിക്കെതിരെ കോടതിയെ സമീപിച്ചാൽ ചാൻസലറെന്ന നിലയിൽ കർശന നടപടി സ്വീകരിക്കാമെന്നു ഗവർണർക്കു നിയമോപദേശം ലഭിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വർഗീസിന്റെ നിയമനം ഗവർണർ മരവിപ്പിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്നു വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. 

അങ്ങനെയെങ്കിൽ വിസിക്കും അദ്ദേഹത്തിന്റെ നിർദേശപ്രകാരം കോടതിയെ സമീപിക്കുന്ന റജിസ്ട്രാർക്കുമെതിരെ നടപടിയെടുക്കാം. കേരള സർവകലാശാലയുടെ ഇന്നു ചേരുന്ന സെനറ്റ് യോഗത്തിൽ ഗവർണർക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകിയാൽ വൈസ് ചാൻസലർ ഡോ. വി.പി.മഹാദേവൻപിള്ളയ്ക്കെതിരെയും നടപടി വരും.

ഗവർണർ നിയമിച്ച വിസിമാർ അദ്ദേഹത്തിനെതിരെ പരസ്യനിലപാടു സ്വീകരിക്കുന്നത് ഗുരുതര അച്ചടക്കലംഘനമാണെന്നു നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. കണ്ണൂർ വിസി കുറച്ചുകാലമായി തന്നെ പരസ്യമായി വെല്ലുവിളിക്കുന്നതിൽ ഗവർണർക്ക് അതൃപ്തിയുണ്ട്. കേരള സർവീസ് ചട്ടങ്ങൾ വിസിമാർക്കും ബാധകമാണ്; അതിനാൽ നിയമനാധികാരിയായ ഗവർണർക്കു വിസിയെ സസ്പെൻഡ് ചെയ്യാം.

cartoon

ഗവർണർക്കെതിരെ കേസ് കൊടുക്കാനുള്ള കണ്ണൂർ സർവകലാശാലയുടെ നീക്കം കോടതിയിൽ നിലനിൽക്കില്ലെന്നാണു നിയമവിദഗ്ധരുടെ അഭിപ്രായം. ചാൻസലറുടെ ഉത്തരവ് കീഴുദ്യോഗസ്ഥർ ലംഘിക്കുന്നതും കോടതിയിൽ ചോദ്യം ചെയ്യുന്നതും ജോലിയിലുള്ള വീഴ്ചയായി കണക്കാക്കി ശിക്ഷിക്കാൻ അദ്ദേഹത്തിന് അധികാരമുണ്ട്.

കേരള സർവകലാശാലയുടെ പുതിയ വിസിയെ തിരഞ്ഞെടുക്കാൻ ഗവർണർ ഏകപക്ഷീയമായി സേർച് കമ്മിറ്റി രൂപീകരിച്ചതിനെ അപലപിച്ച് ഇന്നു സെനറ്റിൽ പ്രമേയം അവതരിപ്പിക്കുമെന്നു സിപിഎം മുഖപത്രം കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ചാൻസലർക്കെതിരെ പ്രമേയം അവതരിപ്പിക്കണമെങ്കിൽ വിസിയുടെ അനുമതി വേണം. സ്ഥാനമൊഴിയാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ള ഡോ.മഹാദേവൻപിള്ള അനുമതി നൽകിയാൽ അദ്ദേഹത്തിന്റെ കാര്യം പരുങ്ങലിലാകുകയും ചെയ്യും.

അതിനിടെ, കണ്ണൂർ സർവകലാശാലയിലെ മലയാളം അസോഷ്യേറ്റ് പ്രഫസർ നിയമന റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ള പ്രിയ വർഗീസിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ അധ്യാപകൻ ഹൈക്കോടതിയിൽ ഹർജി നൽകി. 

മുൻപ് പുറത്താക്കൽ ഒരു തവണ

എംജി സർവകലാശാലാ വിസിയെ പുറത്താക്കിയ ചരിത്രമുണ്ടെങ്കിലും കേരളത്തിൽ ഇതുവരെ വിസിമാരെ സസ്പെൻഡ് ചെയ്തിട്ടില്ല. പുറത്താക്കണമെങ്കിൽ സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ സിറ്റിങ് ജഡ്ജിയെയോ റിട്ട. ജഡ്ജിയെയോ അന്വേഷണ കമ്മിഷനായി നിയമിക്കണം. വിസിയുടെ വിശദീകരണവും കേൾക്കണം. സിൻഡിക്കറ്റിലേക്കും സെനറ്റിലേക്കും താൻ നാമനിർദേശം ചെയ്തവരെ പിൻവലിക്കാനും ഗവർണർക്ക് അധികാരമുണ്ട്. 24നു മടങ്ങിയെത്തിയശേഷമാകും ഇക്കാര്യങ്ങളിൽ തീരുമാനം.

English Summary: Legal opinion to governor in Priya Varghese appointment controversy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}