ADVERTISEMENT

കൊല്ലം ∙ രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം വളരെ മോശമെന്നു സിപിഐ ജില്ലാ സമ്മേളനത്തിൽ വിമർശനം. ആരോഗ്യവകുപ്പ് നാഥനില്ലാക്കളരിയായി. പൊതുമരാമത്തു വകുപ്പിൽ നോക്കാനും കാണാനും ആളില്ല. മുഖ്യമന്ത്രി പിണറായി വിജയന്റേത് ഏകാധിപത്യ സമീപനമാണെന്നു രണ്ടാം ദിവസവും വിമർശനമുയർന്നു. 

ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യം, പൊതുമരാമത്തു വകുപ്പുകൾ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രവർത്തനം പൂർണപരാജയമാണ്. സിപിഐ മന്ത്രിമാരായ പി. പ്രസാദ്, ജെ. ചിഞ്ചുറാണി എന്നിവർക്കെതിരെയും വിമർശനമുയർന്നു. പി.പ്രസാദ് കാർഷിക വികസനത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ല. ഭരണപരമായ കാര്യങ്ങളിലും ഇടപെടുന്നില്ല. അദ്ദേഹം സമൂഹമാധ്യമങ്ങളിൽ അഭിരമിക്കുകയാണെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. മുല്ലക്കര രത്നാകരന്റെയും വി.എസ്. സുനിൽകുമാറിന്റെയും കാലത്തു കൃഷിരംഗത്തുണ്ടായ മുന്നേറ്റം മുരടിച്ചു. 

കർഷക പെൻഷൻ ഫണ്ടിനു ധനവകുപ്പ് ഉടക്കിട്ടിരിക്കുകയാണ്. അക്കാര്യത്തിൽ ഒന്നും ചെയ്യാൻ മന്ത്രിക്കു കഴിയുന്നില്ല. മന്ത്രി ജെ. ചിഞ്ചുറാണി പാർട്ടിക്കാർക്ക് അനുകൂലമായി ഒന്നും ചെയ്യുന്നില്ലെന്നും പ്രതിനിധികൾ വിമർശിച്ചു. സമ്മേളനം ഇന്നു സമാപിക്കും.

‘സിൽവർ ലൈനിന് എതിരല്ല; കുറ്റിയുമായി ഇറങ്ങിയതിന് ഉത്തരവാദിയുമല്ല’

സിൽവർലൈൻ പദ്ധതിക്കു താനോ സിപിഐയോ എതിരല്ലെന്നും മുന്നൊരുക്കങ്ങളില്ലാതെ മഞ്ഞക്കുറ്റിയുമായി ഇറങ്ങിയതിനു പാർട്ടിക്ക്  ഉത്തരവാദിത്തമില്ലെന്നും സിപിഐ സംസ്ഥാന അസി. സെക്രട്ടറി കെ.പ്രകാശ് ബാബു. പദ്ധതിക്കു താൻ എതിരാണെന്ന ആരോപണങ്ങൾക്കു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിൽ മറുപടി പറയുകയായിരുന്നു പ്രകാശ്ബാബു.

English Summary: Second Pinarayi Vijayan government's performance bad says CPI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com