ADVERTISEMENT

പാലക്കാട് ∙ വർഷംതോറും ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ ചികിത്സാ സൗകര്യം ലഭ്യമാക്കുന്ന കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽ (കാസ്പ്) പുതിയതായി അംഗമാകാൻ അവസരം ലഭിക്കാതെ സംസ്ഥാനത്തെ ലക്ഷക്കണക്കിനു കുടുംബങ്ങൾ. നിലവിൽ അംഗങ്ങളായവർക്കായി പദ്ധതി തുടർന്നുവരുന്നുണ്ടെങ്കിലും 2018നു ശേഷം പദ്ധതിയിൽ പുതിയതായി ചേർക്കുന്നില്ല. 

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു പോലും അവസരമില്ല. പുതിയതായി കുടുംബങ്ങളെ ഉൾപ്പെടുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നയപരമായ തീരുമാനം ആവശ്യമാണെന്നാണ് ആരോഗ്യവകുപ്പു പറയുന്നത്.

ആരോഗ്യ ഇൻഷുറൻസ് കാർഡ് ലഭിച്ചവർക്ക് എംപാനൽ ചെയ്ത ആശുപത്രികളിൽ എല്ലാത്തരം കിടത്തിച്ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും ആനുകൂല്യം ലഭിക്കുന്നതാണു പദ്ധതി. സംസ്ഥാനത്താകെ 41.77 ലക്ഷം കുടുംബങ്ങളിലായി 69.26 ലക്ഷം അംഗങ്ങളുണ്ട്. 2018–2019 വർഷത്തിൽ ആർഎസ്ബിവൈ (രാഷ്ട്രീയ സ്വാസ്ഥ്യ ഭീമാ യോജന) ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കിയിട്ടുള്ളവർ, ആരോഗ്യ ഇൻഷുറൻസ് ഗുണഭോക്താവാണെന്നു കാണിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നു കത്തു ലഭിച്ചവർ, 2011 സെൻസസ് അനുസരിച്ച് അർഹരായവർ, ചിസ്, ചിസ് പ്ലസ് ഗുണഭോക്താക്കൾ എന്നിങ്ങനെ വർഷങ്ങൾക്കു മുൻപ് ഇൻഷുറൻസ് കാർഡ് ലഭിച്ചവർക്കു മാത്രമാണു പദ്ധതിയിൽ ആനുകൂല്യം ലഭിക്കുന്നത്.

എന്നാൽ, പദ്ധതിയിൽ അംഗങ്ങളാകാൻ കഴിയാത്ത കുടുംബങ്ങളിൽ വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെയുള്ളവർക്കു കാരുണ്യ ബെനവലന്റ് ഫണ്ടിൽനിന്നു ചികിത്സ ലഭിക്കുമെന്നു സംസ്ഥാന സർക്കാർ പറയുന്നു.

 പക്ഷേ, കാസ്പ് പദ്ധതിയിൽ ഓരോ വർഷവും 5 ലക്ഷം രൂപ ലഭിക്കുമ്പോൾ ബെനവലന്റ് ഫണ്ടിൽ ആജീവനാന്തം 2 ലക്ഷം രൂപ മാത്രമാണു ലഭിക്കുക.

 

ആശുപത്രികൾക്ക് താൽപര്യക്കുറവ്

ചികിത്സകൾക്കു നിശ്ചയിച്ച നിരക്കു നിലവിലെ സാഹചര്യത്തിൽ കുറവാണെന്നാരോപിച്ചു പല സ്വകാര്യ ആശുപത്രികളും കാസ്പ് പദ്ധതിയിൽനിന്നു പിന്മാറുന്നുണ്ട്. പുതിയ ആശുപത്രികളും പദ്ധതിയിൽ ചേരാൻ മടിക്കുന്നു. 538 സ്വകാര്യ ആശുപത്രികളും 194 സർക്കാർ ആശുപത്രികളുമാണ് നിലവിൽ എംപാനൽ ചെയ്തിട്ടുള്ളത്. 

 

English Summary: Karunya Arogya Suraksha Padhathi 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com