ഈരാറ്റുപേട്ട ∙ ആക്രമിക്കപ്പെട്ട നടിക്കെതിരെ സൈബർ പ്രചാരണം നടത്തിയെന്ന കേസിൽ ജനപക്ഷം ചെയർമാൻ പി.സി.ജോർജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. നടിക്കെതിരെ ആസൂത്രിത പ്രചാരണം നടത്തുന്നതിനു വ്യാജ വാട്സാപ് ഗ്രൂപ്പ് നിർമിച്ചതായും ഇതിന്റെ സ്ക്രീൻഷോട്ട് പി.സി.ജോർജിന്റെ മകൻ ഷോൺ ജോർജിന്റെ ഫോണിൽ നിന്നു നടൻ ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിലേക്കു പോയിരുന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഡിവൈഎസ്പി അമ്മിണിക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധന നടത്തിയത്. രാവിലെ ഏഴേകാലിനു തുടങ്ങിയ പരിശോധന ഉച്ചയ്ക്കു 2 വരെ നീണ്ടു.
2019ൽ ഷോൺ ജോർജിനെ ദിലീപിന്റെ സഹോദരൻ വിളിച്ച ഫോൺ കണ്ടെത്താനായിരുന്നു ക്രൈംബ്രാഞ്ച് പരിശോധന. എന്നാൽ ഈ ഫോൺ നഷ്ടപ്പെട്ടെന്നു കാട്ടി കോട്ടയം എസ്പിക്കു 2019ൽ പരാതി നൽകിയിട്ടുണ്ടെന്നാണു ഷോണിന്റെ വിശദീകരണം. കുട്ടികളുടെ പഠനാവശ്യത്തിനായി ഉപയോഗിക്കുന്ന ടാബ് എടുക്കാൻ അന്വേഷണസംഘം ശ്രമിച്ചത് നേരിയ വാക്കുതർക്കത്തിനിടയാക്കി. മൊബൈൽ ഫോൺ, മെമ്മറി കാർഡ്, പെൻഡ്രൈവ് എന്നിവ പിടിച്ചെടുത്തു. കുട്ടികൾ പഠിക്കാനായി ഉപയോഗിച്ചിരുന്ന 2 ഫോണുകൾ, വർഷങ്ങളായി കേടായ കിടന്ന ഒരു ടാബ്, വണ്ടിയിൽ പാട്ട് കേൾക്കാനായി ഉപയോഗിച്ചിരുന്ന പെൻഡ്രൈവ്, 2 ചിപ്പ് എന്നിവയാണ് ഉദ്യോഗസ്ഥർ കൊണ്ടുപോയതെന്നു ഷോൺ പറഞ്ഞു.
ശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയക്കളി: പി.സി.ജോർജ്
ഈരാറ്റുപേട്ട ∙ ലാവ്‌ലിൻ വിഷയത്തിൽ സുപ്രീം കോടതി വിധി പറയാനിരിക്കെ അതിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയക്കളിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നതെന്നു പി.സി ജോർജ് ആരോപിച്ചു. തന്നെ കുടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ട പിണറായി തന്റെ മകൻ ഷോണിനെ കുടുക്കാനുള്ള ശ്രമമാണു നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇഡിക്കു മുന്നിൽ തെളിവു നൽകാമെന്നു പി.സി.ജോർജ് നേരത്തേ പറഞ്ഞിരുന്നുവെന്നും അതു കണ്ടെത്താനാണു റെയ്ഡ് നടത്തിയതെന്നും ഷോൺ ജോർജ് പറഞ്ഞു.
English Summary: Crime Branch raid in PC George's house