ADVERTISEMENT

കോട്ടയം ∙ നിലമ്പൂരിൽ നിന്നു കാറിൽ കയറിക്കൂടിയ രാജവെമ്പാലയെ ഒരു മാസത്തിനുശേഷം ആർപ്പൂക്കരയിൽനിന്ന് ‘പൊക്കി.’ തൊണ്ണംകുഴി സ്വദേശി സുജിത്ത് പ്രഭയുടെ കാറിൽ വഴിക്കടവിൽനിന്നു കയറിപ്പറ്റിയ പാമ്പിനെയാണ് ഇന്നലെ വനം വകുപ്പ് പിടികൂടിയത്. ആർപ്പൂക്കരയിലെ സുജിത്തിന്റെ അയൽവാസി പടിഞ്ഞാറേപുല്ലത്തിൽ ടി.ജി.സന്തോഷ്കുമാറിന്റെ വീട്ടുമുറ്റത്തുനിന്നാണു പത്തടിയിലധികം നീളമുള്ള പാമ്പിനെ പിടിച്ചത്. സുജിത്തിന്റെ വീട്ടിൽനിന്ന് 300 മീറ്റർ അകലെയാണു സന്തോഷിന്റെ വീട്.

സുജിത്ത് ഒരു മാസം മുൻപു നിലമ്പൂർ വഴിക്കടവിൽ ലിഫ്റ്റിന്റെ ജോലിക്കായി പോയിരുന്നു. കാറിലായിരുന്നു യാത്ര. അവിടെവച്ച് ഒരു പാമ്പ് സുജിത്തിന്റെ കാറിലേക്കു കയറിയതായി സംശയം തോന്നി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വനം വകുപ്പിൽ വിവരം അറിയിച്ചപ്പോൾ കാർ രണ്ടു ദിവസം അനക്കാതെ ഇട്ടാൽ പാമ്പ് ഇറങ്ങിപ്പോകുമെന്നും പറഞ്ഞു. പാമ്പ് ഇറങ്ങിപ്പോയെന്ന വിശ്വാസത്തിൽ മൂന്നാം ദിവസം സുജിത്തും സുഹൃത്തുക്കളും കാറുമായി ആർപ്പൂക്കരയിലേക്കു തിരിച്ചുപോന്നു.

king-cobra
ആർപ്പൂക്കരയിൽ പിടികൂടിയ രാജവെമ്പാല

കഴിഞ്ഞയാഴ്ച കാറിന്റെ വശത്തായി പാമ്പിന്റെ പടം പൊഴിഞ്ഞു കിടക്കുന്നതു കണ്ട് വാവ സുരേഷിനെ വിവരം അറിയിച്ചു. അദ്ദേഹം സ്ഥലത്തെത്തി കാറും പരിസരവും പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. എന്നാൽ, കാറിന്റെ ബംപറിനുള്ളിൽ പാമ്പിന്റെ വിസർജ്യം കാണുകയും ഇത് ഒരു മണിക്കൂർ മുൻപുള്ളതായേക്കാമെന്നു സുരേഷ് പറ‍യുകയും ചെയ്തിരുന്നു.

ഇന്നലെ രാവിലെ എട്ടോടെ സന്തോഷിന്റെ വീട്ടുമുറ്റത്ത് ഒരു പെട്ടിക്കു ചുറ്റും പൂച്ച കറങ്ങി നടക്കുന്നത് കണ്ടു നോക്കിയപ്പോഴാണ് രാജവെമ്പാലയെ കണ്ടത്. ജില്ലാ സ്നേക്ക് ക്യാച്ചർ കെ.എ.അജീഷിന്റെ നേതൃത്വത്തിലാണു പാമ്പിനെ പിടിച്ചത്.

cobra
കോട്ടയം ആർപ്പൂക്കരയ്ക്കു സമീപമുള്ള വീട്ടിൽനിന്ന് രാജവെമ്പാലയെ ജില്ലാ സ്നേക്ക് ക്യാച്ചർ കെ.എ.അജീഷ് പിടികൂടുന്നു.

English Summary: King Cobra caught in Kottayam Arpookara

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com